ധനലക്ഷ്മി ബാങ്കില്‍ വീണ്ടും രാജി; ഡയറക്ടര്‍ പടിയിറങ്ങുന്നത് ബോര്‍ഡിനെതിരെ രൂക്ഷ വിമര്‍ശനവുമായി

തൃശൂര്‍ ആസ്ഥാനമായ ധനലക്ഷ്മി ബാങ്കില്‍ വീണ്ടും ഭിന്നതയുടെ സ്വരം; മാനേജിംഗ് ഡയറക്ടര്‍, മറ്റ് ഡയറക്ടര്‍മാര്‍ തുടങ്ങിയവര്‍ക്കെതിരെ കടുത്ത ആരോപണങ്ങളുന്നയിച്ച സ്വതന്ത്ര ഡയറക്ടര്‍ ശ്രീധര്‍ കല്യാണസുന്ദരം രാജിവച്ചു

റിസര്‍വ് ബാങ്ക് നിയമിച്ച രണ്ട് അധിക ഡയറക്ടര്‍മാര്‍ ഉള്‍പ്പെടെ 10 ബോര്‍ഡ് അംഗങ്ങളാണ് ധനലക്ഷ്മി ബാങ്കിനുള്ളത്. മുൻപും ബാങ്കിൽ വിവിധ രാജികൾ ഉണ്ടായിട്ടുണ്ട്. ബോർഡിലെ ഭിന്നതയാണ് പലരും ചൂണ്ടിക്കാട്ടിയിട്ടുള്ളതും. 2021 ഡിസംബര്‍ മുതല്‍ ബാങ്കിന് ചെയര്‍മാനില്ല. ഇടക്കാല ചെയര്‍മാനെ നിയമിക്കാനായി ബാങ്ക് നല്‍കിയ ശുപാര്‍ശ കഴിഞ്ഞ മേയില്‍ റിസര്‍വ് ബാങ്ക് തള്ളിയിരുന്നു.

ഒന്‍പതു മാസം മുന്‍പാണ് ശ്രീധര്‍ കല്യാണസുന്ദരം ഡയറക്ടറായി ചുമതലയേറ്റത്. അദ്ദേഹത്തെ മാറ്റാന്‍ ആവശ്യപ്പെട്ട് ഒരു പ്രധാന ഓഹരി ഉടമ നോട്ടീസ് നല്‍കിയിരുന്നു. ഡയറക്ടര്‍ ബോര്‍ഡിന് നല്‍കിയ രാജിക്കത്തില്‍ ബോര്‍ഡില്‍ നിന്നുള്ള പിന്തുണയുടെ അഭാവം, അവകാശ ഇഷ്യൂ പ്ലാനുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, മൂലധനമുയര്‍ത്താനുള്ള പദ്ധതി, ബാങ്ക് ബോര്‍ഡിന്റെ പെരുമാറ്റം, സമവായമില്ലായ്മ തുടങ്ങി നിരവധി വിഷയങ്ങള്‍ കല്യാണസുന്ദരം ചൂണ്ടിക്കാട്ടി.

പല ഡയറക്ടര്‍മാരുടെയും പ്രവർത്തനം ധാര്‍മികതയ്ക്കു നിരക്കുന്നതല്ലെന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചു. ബാങ്കിന്റെ സി.ഇ.ഒയും എം.ഡിയുമായ ജെ.കെ ശിവനെതിരെയും നിശിതമായ വിമര്‍ശനം കത്തിലുന്നയിച്ചിട്ടുണ്ട്.

ബാങ്ക് നിലവിലുള്ള ഓഹരിയുടമകളിൽനിന്ന് അവകാശ ഓഹരികളുടെ വിൽപ്പനയിലൂടെ 130 കോടി രൂപ സമാഹരിക്കാൻ ഒരുങ്ങുകയാണ്. ഇതിനെതിരേ നിലപാട് സ്വീകരിച്ചതാണ് ഒരുവിഭാഗം ഓഹരിയുടമകളെ ചൊടിപ്പിച്ചത്. ബാങ്കിന്റെ മൂലധനം 400 കോടിയില്‍ നിന്ന് 5,000 കോടി എങ്കിലും ആക്കിയാലേ ശരിയായ വളര്‍ച്ച സാധിക്കൂ എന്നായിരുന്നു കല്യാണസുന്ദരത്തിന്റെ നിലപാട്.

വെള്ളിയാഴ്ച 37.71 ലക്ഷം ഓഹരികള്‍ ബള്‍ക്ക് ഇടപാടില്‍ കൈമാറ്റിയതിനെ തുടര്‍ന്നു ധനലക്ഷ്മി ബാങ്ക് ഓഹരി വില 19.98 ശതമാനം ഉയര്‍ന്ന് 29.25 രൂപയില്‍ എത്തി. ബള്‍ക്ക് ഇടപാട് ഓഹരി ഒന്നിന് 27.14 രൂപ വച്ചായിരുന്നു. തലേന്ന് 25 രൂപയ്ക്കു താഴെയായിരുന്ന വില കുതിച്ചു കയറിയത് ഇതേ തുടര്‍ന്നാണ്.

ഇന്ന് രാവിലെ 27.95 രൂപയില്‍ വ്യാപാരമാരംഭിച്ച ധനലക്ഷ്മി ബാങ്ക് ഓഹരി പിന്നീട് 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന വിലയായ 30.40 രൂപവരെയെത്തിയിരുന്നു. ഇപ്പോള്‍ 29.50 രൂപയിലാണ് ഓഹരി വ്യാപാരം തുടരുന്നത്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it