

കേരളം ആസ്താനമായി പ്രവര്‍ത്തിക്കുന്ന ധനലക്ഷ്മി ബാങ്കിനെ (Dhanlaxmi Bank) ഏറ്റെടുക്കാന്‍ താല്‍പ്പര്യം അറിയിച്ച് ധന്‍വര്‍ഷ ഗ്രൂപ്പ് (Dhanvarsha). 300 കോടി രൂപയ്ക്ക് ബാങ്കിനെ ഏറ്റെടുക്കാമെന്നാണ് ഡല്‍ഹി ആസ്ഥാനമായ ഗ്രൂപ്പ് അറിയിച്ചത്. ഓഹരി ഒന്നിന് 11.85 രൂപയാണ് ധന്‍വര്‍ഷ വിലയിട്ടിരിക്കുന്നത്.
നിലവില്‍ (2.00 pm) 12.40 രൂപയാണ് ധനലക്ഷ്മി ബാങ്കിന്റെ ഓഹരി വില. 313.73 കോടി രൂപയാണ് ബാങ്കിന്റെ വിപണി മൂല്യം. ധനവര്‍ഷ ഗ്രൂപ്പ് ഇതു സംബന്ധിച്ച ഓഫര്‍ ബാങ്കിന്റെ ബോര്‍ഡ് മെമ്പര്‍മാര്‍ക്ക് അയച്ചു. ഓഫര്‍ ബാങ്ക് സ്വീകരിച്ചാലും ഏറ്റെടുക്കലിന് ആര്‍ബിഐയുടെ അനുമതി വേണ്ടിവരും. അതേ സമയം വിഷയത്തില്‍ ധനലക്ഷ്മി ബാങ്ക് ഇതുവരെ പ്രതികരിച്ചിട്ടില്ല.
നടപ്പ് സാമ്പത്തിക വര്‍ഷം ഒന്നാം പാദത്തില്‍ 26.4 കോടി രൂപയായിരുന്നു ധനലക്ഷ്മി ബാങ്കിന്റെ അറ്റനഷ്ടം.12,576 കോടി രൂപയുടെ നിക്ഷേപമാണ് ബാങ്കിലുള്ളത്. ബാങ്കിന് 245 ബ്രാഞ്ചുകളും 258 എടിഎമ്മുകളുമുണ്ട്. നിലവില്‍ പുതിയ ബ്രാഞ്ചുകളും സേവനങ്ങളും അവതരിപ്പിക്കാനായി 127 കോടി രൂപ സമാഹരിക്കാനുള്ള ഒരുക്കത്തിലാണ് ധനലക്ഷ്മി ബാങ്ക്. ഏതാനും ഓഹരി ഉടമകള്‍ ബാങ്കിന്റെ മാനേജ്‌മെന്റിനെതിരെ നല്‍കിയ കേസ് കേരള ഹൈക്കോടതിയില്‍ നടക്കുകയാണ്. അതിനാല്‍ ഡയറക്ടര്‍ബോര്‍ഡില്‍ മാറ്റം വരുത്തുന്നതിന് നിയന്ത്രണങ്ങളുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine