രണ്ടായിരം രൂപ നോട്ടുകള്‍ മാറാന്‍ ഐ.ഡി പ്രൂഫ് വേണോ?
റിസർവ് ബാങ്ക് 2,000 രൂപ നോട്ടുകളുടെ വിതരണം അവസാനിപ്പിച്ച വാര്‍ത്തകള്‍ പുറത്തുവന്നപ്പോള്‍ മുതല്‍ കയ്യിലുള്ള നോട്ടുകള്‍ മാറ്റിയെടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകളാണ് നടക്കുന്നത്. ധനം അന്വേഷിച്ചപ്പോൾ പല ബാങ്കുകളും ഐ.ഡി പ്രൂഫോ പാൻ കാർഡുമായി ബന്ധിപ്പിച്ചിട്ടുള്ള ഫോൺ നമ്പറോ ഉപയോക്താക്കളോട് ആവശ്യപ്പെടുന്നുണ്ട്.
എന്നാൽ ഇതുമായി ബന്ധപ്പെട്ട് എസ്.ബി.ഐ ഉപയോക്താക്കള്‍ക്കായി പുതിയ അറിയിപ്പ് പുറത്തുവിട്ടിരിക്കുകയാണ്. 20,000 രൂപ വരെ 2000 രൂപയുടെ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ പ്രത്യേക അപേക്ഷാ ഫോമുകളോ ഐ.ഡി പ്രൂഫോ സമര്‍പ്പിക്കേണ്ടതില്ല എന്നതാണിത്.
മാറ്റെയെടുക്കല്‍ പരിധി
സെപ്റ്റംബര്‍ 30 വരെയാണ് ബാങ്കുകളില്‍ നിന്നും 2,000 രൂപ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ കഴിയുക എന്നും ഒരു സമയം ഒരാള്‍ക്ക് 2,000 രൂപയുടെ 10 നോട്ടുകള്‍ മാത്രമേ മാറ്റിയെടുക്കാന്‍ കഴിയൂ എന്നുമാണ് ആർ.ബി.ഐ നിര്‍ദേശിച്ചിട്ടുള്ളത്.
എന്നാല്‍ പരിധിയില്ലാതെ ഒരു വ്യക്തിക്ക് തന്റെ അക്കൗണ്ടിലേക്ക് 2,000 രൂപ നോട്ടുകൾ നിക്ഷേപിക്കാനാകും. അതായത് 50,000 രൂപയുടെ 2,000 രൂപ നോട്ടുകള്‍ കൈവശമുണ്ടെങ്കില്‍ 20,000 രൂപ മൂല്യമുള്ള നോട്ടുകള്‍ മാറ്റിയെടുക്കാനും 30,000 രൂപ അക്കൗണ്ടിൽ നിക്ഷേപിച്ച് പിൻവലിക്കാനും കഴിയും.
2,000 രൂപ നോട്ടുകള്‍ മാറ്റിയെടുക്കുന്നത് സംബന്ധിച്ച് ഇപ്പോഴും ജനങ്ങൾക്കിടയിൽ സംശയങ്ങൾ നില നിൽക്കുകയാണ്. നോട്ടുകൾ മാറ്റിയെടുക്കാൻ എന്തൊക്കെ നടപടികളാണ് ഉള്ളത് എന്ന കാര്യത്തിൽ പല ബാങ്കുകളും ഇപ്പോഴും വ്യക്തത വരുത്തിയിട്ടില്ല.