Begin typing your search above and press return to search.
ക്രെഡിറ്റ് കാര്‍ഡില്‍ ഇഎംഐ സൗകര്യം ഒരുക്കി ഫെഡറല്‍ ബാങ്ക്
ക്രെഡിറ്റ് കാര്‍ഡില്‍ (Credit Card) ഇഎംഐ സൗകര്യം അവതരിപ്പിച്ച് ഫെഡറല്‍ ബാങ്ക്. മെര്‍ചന്റ് കൊമേഴ്സ് പ്ലാറ്റ്ഫോം ആയ പൈന്‍ ലാബ്‌സിന്റെ പിഒഎസ് ടെര്‍മിനല്‍ വഴി ലഭിക്കുന്ന പേ ലേറ്റര്‍ സൗകര്യം ഉപയോഗിച്ച് ഇന്ത്യയിലുടനീളമുള്ള സ്റ്റോറുകളില്‍ ഇനി ഫെഡറല്‍ ബാങ്ക് (Federal Bank) ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് മാസ തവണ വ്യവസ്ഥയില്‍ പര്‍ചേസ് ചെയ്യാം.
അഞ്ച് ശതമാനം അല്ലെങ്കില്‍ 2000 രൂപ വരെ ക്യാഷ് ബാക്ക് ഓഫറും ഇതോടൊപ്പം ലഭ്യമാണ്. ചുരുങ്ങിയത് 5000 രൂപയ്ക്കെങ്കിലും പര്‍ചേസ് നടത്തുന്നവര്‍ക്കാണ് ഈ ആനുകൂല്യം. കേരളത്തിലേയും ബെംഗളുരുവിലേയും ലുലു, ഓക്സിജന്‍, ക്യുആര്‍എസ്, ബിസ്മി, മൈജി, റിലയന്‍സ് ഡിജിറ്റല്‍, ക്രോമ, വിജയ് സെയില്‍സ് തുടങ്ങിയ തിരഞ്ഞെടുത്ത സ്റ്റോറുകളിലാണ് ഈ ഓഫര്‍ ലഭിക്കുക.
പൈന്‍ ലാബ്സുമായുള്ള പങ്കാളിത്തത്തിലൂടെ ഫെഡറല്‍ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സേവനം ലഭ്യമാക്കാനും തടസ്സങ്ങളിലാത്ത ഷോപ്പിങ് അനുഭവം ഉറപ്പുനല്‍കാനും കഴിഞ്ഞതായി ഫെഡറല്‍ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ശാലിനി വാര്യര്‍ പറഞ്ഞു.
പൈന്‍ ലാബ്സുമായി ചേര്‍ന്ന് 2019ല്‍ ഫെഡറല്‍ ബാങ്ക് ഡെബിറ്റ് കാര്‍ഡ് (Debit Card) ഇംഎഐ അവതരിപ്പിച്ചിരുന്നു.
ഇത് ഫെഡറല്‍ ബാങ്കുമായുള്ള തങ്ങളുടെ പങ്കാളിത്തത്തിന്റെ വിപുലീകരണമാണെന്നും ബന്ധം ഏതാനും വര്‍ഷങ്ങള്‍ക്കിടെ ശക്തമായി വളര്‍ന്നിട്ടുണ്ടെന്നും പൈന്‍ ലാബ്സ് പേ ലേറ്റര്‍ ബിസിനസ് ലീഡര്‍ മയൂര്‍ മുലാനി പറഞ്ഞു.
ആറായിരത്തിലേറെ നഗരങ്ങളില്‍ രണ്ടര ലക്ഷത്തിലേറെ സ്റ്റോറുകളില്‍ പൈന്‍ ലാബ്സ് സേവനം ലഭ്യമാണ്. 150 ലേറെ പേ ലേറ്റര്‍ ബ്രാന്‍ഡ് പങ്കാളികളും കമ്പനിക്കുണ്ട്
Next Story
Videos