പൊതുമേഖല ബാങ്ക് ജീവനക്കാരുടെ കുടുംബ പെന്‍ഷന്‍ 35,000 രൂപ വരെ ഉയര്‍ന്നേക്കും

പൊതുമേഖല ബാങ്കുകളില്‍ നിന്ന് വിരമിക്കുന്ന ജീവനക്കാരുടെ കുടുംബ പെന്‍ഷന്‍ ഏകീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം.

പരമാവധി പരിധിയായ 9,284 രൂപ എന്നത് സര്‍ക്കാര്‍ എടുത്തുകളഞ്ഞു. ജീവനക്കാര്‍ അവസാനം കൈപ്പറ്റിയ അടിസ്ഥാന ശമ്പളത്തിന്റെ 30 ശതമാനമായി ഏകീകരിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്.
പുതിയ തീരുമാനം നടപ്പായാല്‍ പെന്‍ഷന്‍ തുക 30,000-35,000 രൂപ വരെയായി ഉയരുമെന്ന് കേന്ദ്ര ധനകാര്യ സെക്രട്ടറി ദേബശീഷ് പാണ്ഡെ വ്യക്തമാക്കി. ഇതുവരെ വിവിധ സ്ലാബുകളുടെ അടിസ്ഥാനത്തിലായിരുന്നു പെന്‍ഷന്‍ വിതരണം. ഇതിനാല്‍ തന്നെ സര്‍വീസിലുള്ള കാലാവധി കണക്കിലെടുക്കാതെ ഡിവിഷന്‍ നിയന്ത്രണത്താല്‍ പലര്‍ക്കും പെന്‍ഷന്‍തുക വളരെ കുറവായിരുന്നു.
ജീവനക്കാരുടെ സംഘടനകള്‍ പലതവണ വിഷയം ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരുന്നു. സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷം മരിക്കുന്നവരുടെയും പെന്‍ഷന്‍ അര്‍ഹത നേടിയ ശേഷം സര്‍വീസ് കാലത്ത് മരിക്കുന്നവരുടെയും കുടുംബങ്ങള്‍ക്ക് ലഭിക്കുന്നതാണ് കുടുംബ പെന്‍ഷന്‍. ജീവനക്കാര്‍ അവസാനം വാങ്ങിയ ശമ്പളത്തുകയില്‍ നിന്നുള്ള ഏകീകരിച്ച തുക വിദ്യാഭ്യാസാവസ്യത്തിനും മറ്റുമായി ഉപയോഗപ്രദമാകുമെന്നാണ് പുതിയ തീരുമാനം സംബന്ധിച്ച് വിവിധ മേഖലയിലുള്ളവര്‍ പ്രതികരിക്കുന്നത്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it