ഫെഡറല്‍ ബാങ്കിന് സെപ്റ്റംബര്‍ പാദത്തില്‍ പ്രവചനങ്ങളെ വെല്ലുന്ന റെക്കോഡ് ലാഭം

ആലുവ ആസ്ഥാനമായ പ്രമുഖ സ്വകാര്യബാങ്കായ ഫെഡറല്‍ ബാങ്ക് നടപ്പ് സാമ്പത്തിക വര്‍ഷത്തെ (2023-24) രണ്ടാംപാദമായ ജൂലൈ-സെപ്റ്റംബറില്‍ 35.54 ശതമാനം വളര്‍ച്ചയോടെ 953.82 കോടി രൂപയുടെ ലാഭം (Net profit) രേഖപ്പെടുത്തി. ബാങ്കിന്റെ എക്കാലത്തെയും ഉയര്‍ന്ന ത്രൈമാസ ലാഭമാണിത്. മുന്‍വര്‍ഷത്തെ സമാനപാദത്തില്‍ ലാഭം 703.71 കോടി രൂപയായിരുന്നു. 854 കോടി രൂപയായിരുന്നു നടപ്പുവര്‍ഷം ഏപ്രില്‍-ജൂണ്‍പാദ ലാഭം.

നിരീക്ഷകര്‍ വിലയിരുത്തിയതിനേക്കാള്‍ ഉയര്‍ന്ന ലാഭം നേടാനും കഴിഞ്ഞപാദത്തില്‍ ബാങ്കിന് കഴിഞ്ഞു. ബാങ്ക് 830-850 കോടി രൂപ ലാഭം നേടുമെന്നായിരുന്നു പൊതുവേ നിരീക്ഷകര്‍ പ്രതീക്ഷിച്ചിരുന്നത്. എല്ലാ പ്രവര്‍ത്തന വിഭാഗങ്ങളും മികവ് പുലര്‍ത്തിയത് കഴിഞ്ഞപാദത്തിലെ നേട്ടത്തിന് സഹായകമായെന്ന് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ ശ്യാം ശ്രീനിവാസന്‍ പറഞ്ഞു.
പ്രവര്‍ത്തനലാഭവും കഴിഞ്ഞപാദത്തില്‍ എക്കാലത്തെയും ഉയരത്തിലെത്തി. മുന്‍വര്‍ഷത്തെ സമാനപാദത്തിലെ 1,212.24 കോടി രൂപയില്‍ നിന്ന് 1,324.45 കോടി രൂപയായാണ് ഇക്കുറി സെപ്തംബര്‍ പാദത്തില്‍ പ്രവര്‍ത്തനലാഭം (Operating profit) ഉയര്‍ന്നത്.
അറ്റ പലിശ വരുമാനം കൂടിയത് നേട്ടം
അറ്റ പലിശ വരുമാനം (Net Interest Income/NII) റെക്കോഡ് ഉയരത്തിലെത്തിയതും കിട്ടാക്കട അനുപാതം താഴ്ന്നതും കഴിഞ്ഞപാദത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കാന്‍ ബാങ്കിന് സഹായകമായി.
വാര്‍ഷികാടിസ്ഥാനത്തില്‍ 1,761.83 കോടി രൂപയില്‍ നിന്ന് 2,056.42 കോടി രൂപയിലേക്കാണ് അറ്റ പലിശ വരുമാനം ഉയര്‍ന്നത്: 16.72 ശതമാനമാണ് വളര്‍ച്ച. അറ്റ പലിശ മാര്‍ജിന്‍ (Net Interest Margin/NIM) പാദാടിസ്ഥാനത്തില്‍ 3.15 ശതമാനത്തില്‍ നിന്ന് 3.16 ശതമാനമായി ഉയര്‍ന്നെങ്കിലും വാര്‍ഷികാടിസ്ഥാനത്തില്‍ മുന്‍വര്‍ഷത്തെ സമാനപാദത്തിലെ 3.30 ശതമാനത്തില്‍ നിന്ന് കുറഞ്ഞു.
ബാങ്കിന്റെ മൊത്തം നിഷ്‌ക്രിയ ആസ്തി (GNPA) 2.46 ശതമാനത്തില്‍ നിന്ന് 2.26 ശതമാനത്തിലേക്കും അറ്റ നിഷ്‌ക്രിയ ആസ്തി (NNPA) 0.78 ശതമാനത്തില്‍ നിന്ന് 0.64 ശതമാനത്തിലേക്കും വാര്‍ഷികാടിസ്ഥാനത്തില്‍ കുറഞ്ഞു. നടപ്പുവര്‍ഷം ഒന്നാംപാദമായ ഏപ്രില്‍-ജൂണില്‍ ജി.എന്‍.പി.എ 2.38 ശതമാനവും എന്‍.എന്‍.പി.എ 0.69 ശതമാനവുമായിരുന്നു.
കിട്ടാക്കടം തരണം ചെയ്ത് ബാലന്‍സ്ഷീറ്റ് മികവുറ്റതാക്കാനുള്ള നീക്കിയിരുപ്പ് ബാദ്ധ്യത (Provisions) 83.5 ശതമാനം കുറഞ്ഞ് 44 കോടി രൂപയായതും റെക്കോഡ് ലാഭം രേഖപ്പെടുത്താന്‍ കഴിഞ്ഞപാദത്തില്‍ ഫെഡറല്‍ ബാങ്കിന് സഹായകമായി.
മൊത്തം ബിസിനസ് 4.25 ലക്ഷം കോടി
ഫെഡറല്‍ ബാങ്കിന്റെ മൊത്തം ബിസിനസ് കഴിഞ്ഞപാദത്തില്‍ 21.49 ശതമാനം വാര്‍ഷിക വളര്‍ച്ചയുമായി 4.25 ലക്ഷം കോടി രൂപയിലെത്തി. മൊത്തം ബിസിനസ് 4 ലക്ഷം കോടി രൂപ കവിയുന്ന കേരളം ആസ്ഥാനമായ ആദ്യ ബാങ്കെന്ന നേട്ടം ജൂണ്‍പാദത്തില്‍ ബാങ്ക് സ്വന്തമാക്കിയിരുന്നു. 2022-23 സെപ്റ്റംബര്‍പാദത്തില്‍ മൊത്തം ബിസിനസ് 3.50 ലക്ഷം കോടി രൂപയായിരുന്നു.
മൊത്തം നിക്ഷേപം 1.89 ലക്ഷം കോടി രൂപയില്‍ നിന്ന് 2.32 ലക്ഷം കോടി രൂപയിലേക്കും വായ്പകള്‍ 1.61 ലക്ഷം കോടി രൂപയില്‍ നിന്ന് 1.92 ലക്ഷം കോടി രൂപയിലേക്കുമാണ് വര്‍ധിച്ചത്.
റീട്ടെയില്‍ വായ്പ 18 ശതമാനം, കാര്‍ഷിക വായ്പ 24 ശതമാനം എന്നിങ്ങനെ വളര്‍ന്നു. സ്വര്‍ണപ്പണയ വായ്പകളില്‍ 17 ശതമാനവും പേഴ്‌സണല്‍ വായ്പകളില്‍ 76 ശതമാനവും വളര്‍ച്ചയുണ്ട്. ക്രെഡിറ്റ് കാര്‍ഡ് വിഭാഗം രേഖപ്പെടുത്തിയ വളര്‍ച്ച 182 ശതമാനമാണ്.
ഓഹരികളില്‍ നഷ്ടം
ലാഭത്തിലും പ്രവര്‍ത്തനലാഭത്തിലും റെക്കോഡ് കുറിച്ചെങ്കിലും ഫെഡറല്‍ ബാങ്കിന്റെ ഓഹരികളില്‍ ഇപ്പോള്‍ വ്യാപാരം പുരോഗമിക്കുന്നത് നഷ്ടത്തിലാണ്. എന്‍.എസ്.ഇയില്‍ 0.57 ശതമാനം താഴ്ന്ന് 148.55 രൂപയിലാണ് ഓഹരിയുള്ളത്. അറ്റ പലിശ മാര്‍ജിന്‍ (NIM) വാര്‍ഷികാടിസ്ഥാനത്തില്‍ മെച്ചപ്പെടാതിരുന്നത് ഓഹരികളെ സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ടെന്ന് വിലയിരുത്തപ്പെടുന്നു.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it