ഫെഡറല്‍ ബാങ്ക് അറ്റാദായം 54 ശതമാനം ഉയര്‍ന്നു, 282 കോടിയുടെ വളര്‍ച്ച

ആലുവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫെഡറല്‍ ബാങ്ക് മൂന്നാം പാദ ഫലങ്ങള്‍ പ്രസിദ്ധീകരിച്ചു. നടപ്പ് സാമ്പത്തിക വര്‍ഷം ,ഒക്ടോബര്‍-ഡിസംബര്‍ കാലളവില്‍ 804 കോടി രൂപയാണ് ബാങ്കിന്റെ അറ്റാദായം(Net Profit). ബാങ്കിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന അറ്റാദയമാണ് ഇത്.

മുന്‍വര്‍ഷത്തെ അപേക്ഷിച്ച് അറ്റാദായം 54 ശതമാനം ആണ് വര്‍ധിച്ചത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ അറ്റാദായം 522 കോടിയായിരുന്നു. 282 കോടിയുടെ വളര്‍ച്ചയാണ് ഉണ്ടായത്. 2022-23ലെ രണ്ടാം പാദത്തില്‍ അറ്റാദായം 703.1 കോടി രൂപയായിരുന്നു.

മൂന്നാം പാദത്തില്‍ ഫെഡറല്‍ ബാങ്കിന്റെ ആകെ വരുമാനം 4967 കോടി രൂപയാണ്. അറ്റപലിശ (Net Interest) വരുമാനം 27.14 ശതമാനം ഉയര്‍ന്ന് 1975 കോടിയിലെത്തി. 534 കോടി രൂപയാണ് (10.29 ശതമാനം വളര്‍ച്ച) മറ്റ് മേഖലകളില്‍ നിന്നുള്ള വരുമാനം.



നിഷ്‌ക്രിയ ആസ്തിയുടെ (Gross non-performing assets -NPAs) തോത് ഇക്കാലയളവില്‍ 0.63 ശതമാനം കുറയ്ക്കാന്‍ ബാങ്കിന് സാധിച്ചു. ആകെ വായ്പകളില്‍ 2.43 ശതമാനമാണ് നിഷ്‌ക്രിയ ആസ്തികള്‍ ( 4,147.85 കോടി). അറ്റ നിഷ്‌ക്രിയ ആസ്തികള്‍ 0.73 ശതമാനം അഥവാ 1,229 കോടി രൂപയാണ്. സാങ്കേതികമായി എഴുതിത്തള്ളിയ വായ്പകള്‍ ഉള്‍പ്പടെ, കിട്ടാക്കടങ്ങള്‍ക്കായുള്ള നീക്കിയിരിപ്പായ പ്രൊവിഷണല്‍ കവറേജ് അനുപാതം (Provisional coverage ratio) 83.44 ശതമാനം ആണ്.

ഇക്കാലയളവില്‍ ബാങ്കിന്റെ അറ്റ ആസ്തി (20,457 കോടിയായി ഉയര്‍ന്നു. അതേ സമയം മൂലധന പര്യാപ്തത (capital adequacy) 14.37 ശതമാനത്തില്‍ നിന്ന് 13.35 ശതമാനം ആയി കുറഞ്ഞു. മൊത്തം നിക്ഷേപം (Deposit) 2 ലക്ഷം കോടി കവിഞ്ഞിതായി ഈ മാസം ആദ്യം ഫെഡറല്‍ ബാങ്ക് അറിയിച്ചിരുന്നു. ഡിസംബര്‍ 31 വരെയുള്ള കണക്കുകള്‍ അനുസരിച്ച് നിക്ഷേപം 14.8 ശതമാനം വര്‍ധിച്ച് 2,01,425 കോടിയിലെത്തി. ആകെ വായ്പകള്‍ 19.08 ശതമാനം വര്‍ധിച്ച് 1.71 ലക്ഷം കോടിയിലെത്തി. കറന്റ് അക്കൗണ്ട് സേവിംഗ്‌സ് അക്കൗണ്ട് നിക്ഷേപങ്ങള്‍ 68,967.14 കോടിയണ്. 1333 ബ്രാഞ്ചുകളും 1894 എടിഎമ്മുകളുമാണ് ഫെഡറല്‍ ബാങ്കിനുള്ളത്.

നിലവില്‍ 1.59 ശതമാനം നേട്ടത്തോടെ 140.65 രൂപയിലാണ് ഫെഡറല്‍ ബാങ്ക് ഓഹരികളുടെ വ്യാപാരം. 139.25 രൂപയില്‍ വ്യപാരം ആരംഭിച്ച ഓഹരികള്‍ 143.40 രൂപ വരെ ഉയര്‍ന്നിരുന്നു.

Related Articles
Next Story
Videos
Share it