ഫെഡറല്‍ ബാങ്കിന് ₹854 കോടി ലാഭം; ഓഹരി വില 5.4% ഇടിഞ്ഞു

₹4 ലക്ഷം കോടി കടന്ന് മൊത്തം ബിസിനസ്, ബാങ്ക് ഈ വര്‍ഷം ₹4,000 കോടി വരെ സമാഹരിക്കും; ഫെഡ്ഫിന ഐ.പി.ഒ ഈവർഷം
Federal Bank logo
image: @federalbank/website
Published on

ആലുവ ആസ്ഥാനമായ പ്രമുഖ സ്വകാര്യബാങ്കായ ഫെഡറല്‍ ബാങ്ക് നടപ്പുവര്‍ഷത്തെ (2023-24) ആദ്യപാദമായ ഏപ്രില്‍-ജൂണില്‍ 42 ശതമാനം വര്‍ദ്ധനയോടെ 854 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. മുന്‍വര്‍ഷത്തെ സമാനപാദത്തില്‍ ലാഭം 600.66 കോടി രൂപയായിരുന്നു.

പ്രവര്‍ത്തനലാഭം 973.37 കോടി രൂപയില്‍ നിന്ന് 1,302.35 കോടി രൂപയിലെത്തി; വര്‍ദ്ധന 33.80 ശതമാനം. എല്ലാ പ്രവര്‍ത്തന വിഭാഗങ്ങളിലും വളര്‍ച്ച നേടാനായതാണ് മികച്ച പ്രവര്‍ത്തനഫലത്തിന് സഹായകമായതെന്ന് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ ശ്യാം ശ്രീനിവാസന്‍ പറഞ്ഞു. അറ്റ പലിശ വരുമാനം (എന്‍.ഐ.ഐ) 1,605 കോടി രൂപയില്‍ നിന്നുയര്‍ന്ന് 1,919 കോടി രൂപയായതും നേട്ടമായി.

₹4 ലക്ഷം കോടി കടന്ന് മൊത്തം ബിസിനസ്

ആകെ ബിസിനസ് നാല് ലക്ഷം കോടി രൂപയെന്ന നാഴികക്കല്ല് പിന്നിടുന്ന കേരളം ആസ്ഥാനമായ ആദ്യ ബാങ്കെന്ന നേട്ടം കഴിഞ്ഞപാദത്തില്‍ ഫെഡറല്‍ ബാങ്ക് സ്വന്തമാക്കി.

21.17 ശതമാനം വളര്‍ന്ന് 4.05 ലക്ഷം കോടി രൂപയാണ് മൊത്തം ബിസിനസ്. 2022-23ലെ സമാനപാദത്തിലെ 1.83 ലക്ഷം കോടി രൂപയില്‍ നിന്ന് മൊത്തം നിക്ഷേപം 21 ശതമാനം വര്‍ദ്ധിച്ച് 2.22 ലക്ഷം കോടി രൂപയിലും മൊത്തം വായ്പകള്‍ 1.51 ലക്ഷം കോടി രൂപയില്‍ നിന്ന് 21 ശതമാനം ഉയര്‍ന്ന് 1.83 ലക്ഷം കോടി രൂപയിലും എത്തിയതോടെയാണ് ഈ സുവര്‍ണ നേട്ടം ബാങ്ക് സ്വന്തമാക്കിയത്.

റീട്ടെയില്‍ വായ്പകള്‍ 17 ശതമാനവും സ്വര്‍ണ വായ്പകള്‍ 13 ശതമാനവും ഉയര്‍ന്നു. എം.എസ്.എം.ഇ വായ്പാ വളര്‍ച്ച 19 ശതമാനമാണ്. കാര്‍ഷിക വായ്പകളില്‍ 19.69 ശതമാനം, വാണിജ്യ വായ്പയില്‍ 22.11 ശതമാനം, കോര്‍പ്പറേറ്റ് വായ്പയില്‍ 21.50 ശതമാനം എന്നിങ്ങനെയും വളര്‍ച്ചയുണ്ട്. കാസ നിക്ഷേപവും ശതമാനവും എന്‍.ആര്‍ നിക്ഷേപവും 5 ശതമാനം വീതം മെച്ചപ്പെട്ടു.

കിട്ടാക്കടം താഴേക്ക്

കിട്ടാക്കടം കുറഞ്ഞത് കഴിഞ്ഞപാദത്തില്‍ ബാങ്കിന് നേട്ടമായിട്ടുണ്ട്. മൊത്തം നിഷ്‌ക്രിയ ആസ്തി (ജി.എന്‍.പി.എ) വാര്‍ഷികാടിസ്ഥാനത്തില്‍ 2.69 ശതമാനത്തില്‍ നിന്ന് 2.38 ശതമാനത്തിലേക്കും അറ്റ നിഷ്‌ക്രിയ ആസ്തി (എന്‍.എന്‍.പി.എ) 0.94 ശതമാനത്തില്‍ നിന്ന് 0.69 ശതമാനത്തിലേക്കും കുറഞ്ഞു.

സമാഹരിക്കും ₹4,000 കോടി വരെ

ബാങ്ക് നടപ്പുവര്‍ഷം യോഗ്യരായ നിക്ഷേപക സ്ഥാപനങ്ങളില്‍ നിന്നടക്കം (ക്യു.ഐ.പി) 4,000 കോടി രൂപവരെ മൂലധനം സമാഹരിച്ചേക്കുമെന്ന് ശ്യാം ശ്രീനിവാസന്‍ പറഞ്ഞു. മികച്ച വളര്‍ച്ചയുടെയും അനിവാര്യമായ പ്രവര്‍ത്തന വിപുലീകരണത്തിന്റെയും പശ്ചാത്തലത്തില്‍ അധിക മൂലധനം ആവശ്യമായതിനാലാണിത്.

ഫെഡ്ഫിന: ഐ.പി.ഒയ്ക്ക് വീണ്ടും അപേക്ഷിക്കും

ഫെഡറല്‍ ബാങ്കിന് 74 ശതമാനം ഓഹരി പങ്കാളിത്തമുള്ള ബാങ്കിതര ധനകാര്യ സ്ഥാപനമായ ഫെഡ്ഫിനയുടെ പ്രാരംഭ ഓഹരി വില്‍പനയ്ക്കുള്ള അപേക്ഷ (ഡി.ആര്‍.എച്ച്.പി) നടപ്പുവര്‍ഷം വീണ്ടും സെബിക്ക് സമര്‍പ്പിക്കുമെന്ന് ശ്യാം ശ്രീനിവാസന്‍ പറഞ്ഞു. കഴിഞ്ഞവര്‍ഷവും അപേക്ഷിച്ചിരുന്നെങ്കിലും വിപണി സാഹചര്യം പ്രതികൂലമായതിനാല്‍ സമയപരിധിക്കകം ഐ.പി.ഒ നടത്തിയില്ല.

ഓഹരികളില്‍ നഷ്ടം

ഫെഡറല്‍ ബാങ്കിന്റെ ഓഹരികള്‍ ഇന്ന് വ്യാപാരം അവസാനിപ്പിച്ചത് നഷ്ടത്തിലാണ്. വ്യാപാരാന്ത്യം 5.4 ശതമാനം നഷ്ടത്തോടെ 127 രൂപയിലാണ് ഓഹരി വിലയുള്ളത്. അറ്റ പലിശ മാര്‍ജിന്‍ (എന്‍.ഐ.എം) ഇക്കഴിഞ്ഞ ജനുവരി-മാര്‍ച്ചിലെ 3.31 ശതമാനത്തില്‍ നിന്ന് 3.15 ശതമാനത്തിലേക്ക് കുറഞ്ഞതാണ് ഓഹരികളെ സമ്മര്‍ദ്ദത്തിലാക്കിയത്. ഇക്കഴിഞ്ഞ ജനുവരി-മാർച്ചിലെ 903 കോടി രൂപയെ അപേക്ഷിച്ച് ലാഭം കുറഞ്ഞതും കാരണമായെന്ന് കരുതുന്നു.

മാത്രമല്ല,​ പാദാടിസ്ഥാനത്തിൽ അറ്റ നിഷ്ക്രിയ ആസ്തി 0.69ൽ മാറ്റമില്ലാതെ തുടർ‌ന്നുവെങ്കിലും മൊത്തം നിഷ്ക്രിയ ആസ്തി 2 .36 ശതമാനത്തിൽ നിന്ന് 2.38 ശതമാനതത്തിലേക്ക് ഉയർന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com