ഐ.പി.ഒയ്ക്ക് അപേക്ഷിച്ച് ഫെഡറല്‍ ബാങ്കിന്റെ ഫെഡ്ഫിന

ആലുവ ആസ്ഥാനമായ പ്രമുഖ സ്വകാര്യ ബാങ്കായ ഫെഡറല്‍ ബാങ്കിന് കീഴിലെ ബാങ്കിതര ധനകാര്യ സ്ഥാപനമായ ഫെഡ്ബാങ്ക് ഫൈനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ് (ഫെഡ്ഫിന/FedFina) പ്രാരംഭ ഓഹരി വില്‍പനയ്ക്കായി (ഐ.പി.ഒ/IPO) സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയ്ക്ക് (SEBI/സെബി) അപേക്ഷ (DRHP) സമര്‍പ്പിച്ചു.

പുതിയ ഓഹരികളിറക്കി (Fresh Issue) 750 കോടി രൂപ സമാഹരിക്കാന്‍ ഇതുവഴി ഫെഡ്ഫിന ലക്ഷ്യമിടുന്നു. ഒപ്പം, നിലവിലെ ഓഹരി ഉടമകളുടെ (Promoters and shareholders) കൈവശമുള്ള 7.03 കോടി ഓഹരികളും ഓഫര്‍ ഫോര്‍ സെയില്‍ (OFS/ഒ.എഫ്.എസ്) വഴി വിറ്റഴിക്കും. ഒ.എഫ്.
സില്‍ ഫെഡറല്‍ ബാങ്കിന്റെ 1.65 കോടി ഓഹരികളും മറ്റൊരു നിക്ഷേപകരായ ട്രൂനോര്‍ത്ത് ഫണ്ടിന്റെ (True North Fund) 5.38 കോടി ഓഹരികളും ഉള്‍പ്പെടുന്നു.
പ്രവര്‍ത്തനം വിപുലീകരിക്കാനുള്ള മൂലധനം സമാഹരിക്കുകയാണ് ഐ.പി.ഒയിലൂടെ ഫെഡ്ഫിന ലക്ഷ്യമിടുന്നതെന്ന് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഫെഡറല്‍ ബാങ്ക് വ്യക്തമാക്കി. ഐ.സി.ഐ.സി.ഐ സെക്യൂരിറ്റീസ്, ബി.എന്‍.പി പാരിബാസ്, ഇക്വിറസ് കാപ്പിറ്റല്‍, ജെ.എം ഫൈനാന്‍ഷ്യല്‍ എന്നിവരാണ് ഐ.പി.ഒ നടപടികള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന ബാങ്കര്‍മാര്‍. ഐ.പി.ഒയ്ക്ക് മുന്നോടിയായി ഒ.എഫ്.
സിലെ 20 ശതമാനം വരെ ഓഹരികള്‍ ഐ.പി.ഒയ്ക്ക് പുറത്ത് വിറ്റഴിച്ച് (Private Placement) 150 കോടി രൂപ സമാഹരിക്കാനും കമ്പനി ശ്രമിക്കുമെന്ന് അറിയുന്നു.
കഴിഞ്ഞവര്‍ഷവും ശ്രമിച്ചു
ബാങ്കിതര ധനകാര്യ സ്ഥാപനമായ (എന്‍.ബി.എഫ്.സി/NBFC) ഫെഡ്ഫിന കഴിഞ്ഞവര്‍ഷവും ഐ.പി.ഒയ്ക്കായി സെബിക്ക് അപേക്ഷ സമര്‍പ്പിച്ച് അനുമതി നേടിയിരുന്നു. എന്നാല്‍, പ്രതികൂല സാഹചര്യം മൂലം ഐ.പി.ഒ സംഘടിപ്പിച്ചില്ല.
അനുമതി ലഭിച്ച് ഒരുവര്‍ഷത്തിനകം ഐ.പി.ഒ നടത്തണമെന്നാണ് ചട്ടം. കഴിഞ്ഞ വര്‍ഷത്തെ അനുമതി കാലഹരണപ്പെട്ടതിനാലാണ് ഇപ്പോള്‍ വീണ്ടും അപേക്ഷിച്ചത്.
ഫെഡറല്‍ ബാങ്കിന്റെ ഉപസ്ഥാപനമായി തുടരും
ഫെഡറല്‍ ബാങ്കിന് നിലവില്‍ 73 ശതമാനം ഓഹരി പങ്കാളിത്തം ഫെഡ്ഫിനയിലുണ്ട്. ട്രൂനോര്‍ത്തിന് 25.76 ശതമാനവും. ഐ.പി.ഒയ്ക്ക് ശേഷവും ഫെഡ്ഫിനയുടെ ഭൂരിപക്ഷ (മേജര്‍/Major) ഓഹരി പങ്കാളിയായി ഫെഡറല്‍ ബാങ്ക് തുടരും.
സ്വര്‍ണപ്പണയ വായ്പയിലടക്കം മികച്ച പ്രവര്‍ത്തനം നടത്തുന്ന സ്ഥാപനമാണ് ഫെഡ്ഫിന. 570ലേറെ ശാഖകളുണ്ട്. ഭവന വായ്പ, ഈടിന്മേല്‍ വായ്പ, ബിസിനസ് വായ്പ തുടങ്ങിയവയും നല്‍കുന്നു.
2022-23ല്‍ 180.13 കോടി രൂപ ലാഭം ഫെഡ്ഫിന നേടിയിരുന്നു. 1,214.67 കോടി രൂപയാണ് മൊത്ത വരുമാനം. അറ്റ ആസ്തി (Net Worth) 1,355.68 കോടി രൂപ.
ഫെഡറല്‍ ബാങ്ക് ഓഹരികള്‍ മുന്നോട്ട്
ഇന്നലെ ഫെഡറല്‍ ബാങ്ക് ഓഹരികള്‍ 0.26 ശതമാനം ഉയര്‍ന്ന് 134.25 രൂപയിലെത്തിയിരുന്നു. ഇന്ന് 0.67 ശതമാനം നേട്ടവുമായി 134.80 രൂപയിലാണ് ഓഹരികളുള്ളത്.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it