പലിശ നിരക്ക് കൂട്ടിയിട്ടും വായ്പ വര്‍ധിച്ചു

പലിശ നിരക്കുകള്‍ വര്‍ധിച്ചിട്ടും 2022-23 സാമ്പത്തിക വര്‍ഷത്തില്‍ വായ്പാ വളര്‍ച്ച ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിയതായി ഇകണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ബാങ്ക് വായ്പകള്‍ 14.6 ശതമാനം ഉയര്‍ന്നപ്പോള്‍ നിക്ഷേപം 9.6 ശതമാനം മാത്രമാണ് ഉയര്‍ന്നത്. 2011-12 സാമ്പത്തിക വര്‍ഷത്തിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വായ്പാ വളര്‍ച്ചയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഉണ്ടായത്.

നിരക്കുകളിലെ വര്‍ധന

2022 മെയ് മുതല്‍ 2023 മാര്‍ച്ച് വരെയുള്ള കാലയളവില്‍ ബാങ്കുകള്‍ നല്‍കിയ മൊത്തം വായ്പയില്‍ ബാഹ്യ ബെഞ്ച്മാര്‍ക്ക് (EBLR) അടിസ്ഥാനമാക്കിയുള്ള വായ്പാ നിരക്കുകള്‍ 250 ബിപിഎസ് ഉയര്‍ത്തി.വായ്പാ വിലനിര്‍ണ്ണയത്തിനുള്ള മാനദണ്ഡമായ ഫണ്ട് അധിഷ്ഠിത വായ്പാ നിരക്ക് (MCLR) ഇതേ കാലയളവില്‍ 140 ബിപിഎസ് വര്‍ധിച്ചു.

ഉപഭോക്താക്കള്‍ക്ക് ബാങ്ക് വായ്പ നല്‍കുന്ന മിനിമം നിരക്കാണ് എംസിഎല്‍ആര്‍ അഥവാ മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ഫണ്ട്‌സ് ബേസ്ഡ് ലെന്‍ഡിംഗ് റേറ്റ്. വിവിധ തരം വായ്പകളുടെ ഉദ്ദേശം അനുസരിച്ച് പലിശ നിരക്കുകള്‍ തീരുമാനിക്കാനായി 2016 ല്‍ ആണ് റിസര്‍വ് ബാങ്ക് ഈ സംവിധാനം ഏര്‍പ്പെടുത്തിയത്. ഇബിഎല്‍ആര്‍ വായ്പകളുടെ വിഹിതം 2022 മാര്‍ച്ചില്‍ 44.0 ശതമാനത്തില്‍ നിന്ന് 2022 ഡിസംബറില്‍ 48.3 ശതമാനമായി വര്‍ധിച്ചു. അതിനനുസരിച്ച് എംസിഎല്‍ആര്‍ വായ്പകളുടെ വിഹിതം 48.6 ശതമാനത്തില്‍ നിന്ന് 46.1 ആയി കുറഞ്ഞു.

കോര്‍പ്പറേറ്റ് വായ്പകള്‍ വര്‍ധിച്ചാല്‍

സാമ്പത്തിക പ്രവര്‍ത്തനത്തിലെ ഒരു തിരിച്ചുവരവാണ് വായ്പാ വളര്‍ച്ചയെ നയിക്കുന്നത്. നിക്ഷേപ വളര്‍ച്ചയിലെ പുരോഗതിയാണ് ഇതിനെ പിന്തുണയ്ക്കുന്നതെന്നും ആര്‍ബിഐ അഭിപ്രായപ്പെട്ടു. കോര്‍പ്പറേറ്റ് വായ്പകള്‍ വര്‍ധിക്കുന്നതോടെ 2023-24 സാമ്പത്തിക വര്‍ഷത്തില്‍ ബാങ്ക് വായ്പ 15 ശതമാനം വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ക്രിസിലിന്റെ റിപ്പോര്‍ട്ട് പറയുന്നു.

അതേസമയം വര്‍ധിച്ചുവരുന്ന പലിശനിരക്ക് മൂലം ആഗോള വളര്‍ച്ചയിലെ മാന്ദ്യവും ഇന്ത്യയിലെ നിരക്ക് വര്‍ധനവും വായ്പാ വളര്‍ച്ചയെ ബാധിക്കുമെന്ന് കെയര്‍ എഡ്ജ് റേറ്റിംഗിന്റെ റിപ്പോര്‍ട്ട് പറയുന്നു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it