സേവനം മെച്ചപ്പെടുത്താന്‍ ഡാറ്റ ശേഖരിക്കാനൊരുങ്ങി ഗൂഗ്ള്‍ പേ

ഗൂഗിള്‍പേ ഉപയോക്താക്കളുടെ ട്രാന്‍സാക്ഷന്‍ ഡാറ്റ ശേഖരിക്കുന്നതിന് കമ്പനി അടുത്ത ആഴ്ച പുതിയൊരു അപ്‌ഡേറ്റ് ഇറക്കുന്നു. കമ്പനിയുമായി ട്രാന്‍സാക്ഷന്‍ ഡാറ്റ ഷെയര്‍ ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഓപ്ഷന്‍ തിരഞ്ഞെടുക്കാനും താല്‍പര്യമില്ലാത്തവര്‍ക്ക് വിസമ്മതിക്കാനുമുള്ള ഓപ്ഷന്‍ ഈ അപ്‌ഡേറ്റിലുണ്ടാകും.

മൂന്നര വര്‍ഷം മുമ്പ് ഇന്ത്യയില്‍ ലോഞ്ച് ചെയ്ത ശേഷം ഇതാദ്യമായാണ് ഗൂഗിള്‍ പേ സാമ്പത്തിക ആവശ്യങ്ങള്‍ക്കായി ഉപഭോക്താക്കളുടെ അനുമതിയോടെ അവരുടെ ട്രാന്‍സാക്ഷന്‍ ഡാറ്റ ശേഖരിക്കാനൊരുങ്ങുന്നത്. ഇതുവരെ ആപ്പ് ഉപയോഗിക്കുന്നവര്‍ തിരഞ്ഞെടുക്കുന്ന ഓഫറുകളെ അടിസ്ഥാനമാക്കിയാണ് ഡാറ്റാ വിശകലനം ഗൂഗിള്‍ പേ നടത്തിയിരുന്നത്. ഡാറ്റ കൈമാറ്റം സാധ്യമല്ലാത്ത വിധത്തിലാണ് ഗൂഗിള്‍ പേ പുതിയ അപ്‌ഡേറ്റ് ഒരുക്കുന്നത്. കമ്പനിയുമായി ഷെയര്‍ ചെയ്യുന്ന ഡാറ്റ മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതില്‍ നിന്ന് ഗൂഗിളിനെ വിലക്കുന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കാന്‍ കഴിയും. ഡാറ്റാ ഷെയറിംഗ് ഓപ്ഷന്‍ നിരാകരിക്കാനും കഴിയും.

കമ്പനിയുമായി ഡാറ്റ ഷെയര്‍ ചെയ്യുന്നവരുടെ വിവരങ്ങള്‍ പേഴ്‌സനലൈസ്ഡ് ഓഫറുകള്‍ ലഭ്യമാക്കുന്നതിനാണ് ഉപയോഗിക്കുക. ഇതുമൂലം ഗൂഗിള്‍ പേ ഉപയോഗിക്കുന്നതിനിടയില്‍ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുകയോ ട്രാന്‍സാക്ഷന്‍ ഡാറ്റ ഗൂഗിള്‍ പ്രോഡക്ടുകള്‍ക്കോ മറ്റാര്‍ക്കെങ്കിലുമോ കൈമാറുകയോ ചെയ്യില്ലെന്ന് കമ്പനിയുടെ പ്രോഡക്ട് മാനേജ്‌മെന്റ് വൈസ് പ്രസിഡണ്ട് അംബരീഷ് കേംഖെ ടെക് ക്രഞ്ചുമായുള്ള ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി.

ഏതെല്ലാം ഡാറ്റയാണ് ഗൂഗിള്‍ പ്ലേയുമായി ഷെയര്‍ ചെയ്യുന്നതെന്ന്് ഉപയോക്താക്കള്‍ക്ക് വ്യക്തമായി മനസ്സിലാക്കാന്‍ സാധിക്കും. ഒരിക്കല്‍ ഡാറ്റാ ഷെയറിംഗ് ഓപ്ഷന്‍ തിരഞ്ഞടുത്തവര്‍ക്ക് പിന്നീട് അത് വേണ്ടെന്നു വെക്കാന്‍ സാധിക്കും. ഡാറ്റ ഷെയര്‍ ചെയ്യാന്‍ താല്‍പര്യമില്ലാത്തവര്‍ക്ക് ഗൂഗിള്‍ പേ ആപ്പിലെ ഒരു സേവനവും നിഷേധിക്കപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയില്‍ ഉപയോഗത്തിലുള്ള പല ആപ്പുകളും ഉപയോക്താക്കളുടെ ട്രാന്‍സാക്ഷന്‍ ഹിസ്റ്ററി വ്യാപകമായി ഉപയോഗപ്പെടുത്തുന്നുണ്ട്. പക്ഷെ ഗൂഗിളിനെ പോലെ സുതാര്യത ഉറപ്പുവരുത്തുന്ന ആപ്പുകള്‍ വളരെ കുറവാണ്. ഡാറ്റാ പ്രൈവസിയും സെക്യൂരിറ്റിയും ഉറപ്പുവരുത്തുന്ന കാര്യത്തില്‍ ഗൂഗിള്‍ പ്രതിജ്ഞാബദ്ധമാണെന്നും ഡിജിറ്റല്‍ പേമെന്റ് യുഗത്തില്‍ ഇന്ത്യ നടത്തുന്ന മുന്നേറ്റത്തിനൊപ്പം കമ്പനി നിലകൊള്ളുമെന്നും കേംഖെ പറയുന്നു.

70 മില്യണ്‍ ഉപഭോക്താക്കളാണ് ഗൂഗിള്‍ പേ ഇന്ത്യയില്‍ ഉപയോഗിക്കുന്നത്. വാള്‍മാര്‍ട്ടിന്റെ ഫോണ്‍പേ, സോഫ്റ്റ്ബാക്കിന്റെ പേടിഎം എന്നിവയുമായാണ് ഗൂഗിള്‍ പേ മത്സരിക്കുന്നത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it