ആശയക്കുഴപ്പം നീക്കി : ഏഴു ലക്ഷം രൂപയ്ക്ക് മുകളിലുള്ള വിദേശ കാര്‍ഡ് ഉപയോഗത്തിന് മാത്രം നികുതി

ജൂലൈ ഒന്നു മുതല്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള ടൂര്‍ പാക്കേജ് ബുക്കിംഗ് ചെലവേറും. ലിബറലൈസ്ഡ് റെമിറ്റന്‍സ് സ്‌കീമിനു(എല്‍.ആര്‍.എസ്) കീഴില്‍ ക്രെഡിറ്റ് കാര്‍ഡ് വഴിയുള്ള ഏഴ് ലക്ഷം രൂപയില്‍ കൂടുതലുള്ള വിദേശ പണമിടപാടുകള്‍ക്ക് ഉറവിടത്തില്‍ നിന്ന് ശേഖരിക്കുന്ന നികുതി(ടി.സിഎസ്) 20 ശതമാനമാക്കി ഉയര്‍ത്തിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇതുവരെ ഇത് അഞ്ച് ശതമാനമായിരുന്നു. ജൂലൈ ഒന്നു മുതല്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ടൂര്‍ പാക്കേജുകള്‍ ഉള്‍പ്പെടെയുള്ളവ ബുക്ക് ചെയ്യുമ്പോള്‍ 20 ശതമാനം ടി.സി.എസ് നല്‍കേണ്ടി വരും. ക്രെഡിറ്റ് കാര്‍ഡ് വഴിയുള്ള വിദേശ യാത്രാ ബുക്കിംഗുകള്‍ നേരത്തെ ടി.സി.എസില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. അന്താരാഷ്ട്ര ക്രെഡിറ്റ് പേമെന്റുകള്‍ എല്‍.ആര്‍.എസില്‍ ഉള്‍പ്പെടുത്തുന്നതിന് മേയ് 16 ന് ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ്(കറന്റ് അക്കൗണ്ട് ട്രാന്‍സാക്ഷന്‍സ്)(ഭേദഗതി) റൂള്‍സ് ധനമന്ത്രാലയം വിജ്ഞാപനം ചെയ്തിരുന്നു.

ആദ്യം ഇറക്കിയ വിജ്ഞാപനത്തിലെ അവ്യക്തത പലവിധ ആശങ്കകള്‍ക്കിടയാക്കിയിരുന്നു. മെയ് 19 ന് ഇതില്‍ കുറച്ചു കൂടി വ്യക്തത വരുത്തിയിട്ടുണ്ട് ധനമന്ത്രാലയം. ഏഴു ലക്ഷം രൂപ വരെയുള്ള വിദേശ ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകളെ എല്‍.ആര്‍.എസ് പരിധിയില്‍ നിന്ന് ഒഴിവാക്കിയതായും അവയ്ക്ക് ടി.സി.എസ് ബാധകമല്ലെന്നുമാണ് പുതിയ അറിയിപ്പ്. അതേസമയം, വിദ്യാഭ്യാസം, ചികിത്സാ ചെലവുകള്‍ എന്നിവയ്ക്കുള്ള ടി.സി.എസ് 5 ശതമാനത്തില്‍ നിലനിര്‍ത്തി. വിദേശ വിദ്യാഭ്യാസത്തിനായി വായ്പയെടുത്ത തുകയാണെങ്കില്‍ 0.5 ശതമാനമാണ് ടി.സി.എസ്.

ഏഴ് ലക്ഷം രൂപയ്ക്ക് മുകളിലുള്ള വിദേശ ചെലവുകള്‍ക്ക് അഞ്ച് ശതമാനമാണ് ടി.സി.എസ്. ക്രെഡിറ്റ് കാര്‍ഡ് വഴിയാണ് ചെലവഴിക്കലെങ്കില്‍ ഇനി ഇത് 20 ശതമാനമാകും. വിദേശ വ്യാപാര സ്ഥാപനങ്ങളുടെ വെബ്‌സൈറ്റ് വഴി ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് വിദേശ നാണയങ്ങളില്‍(ഡോളര്‍, യൂറോ തുടങ്ങിയവ) നടത്തുന്ന ഇടപാടുകളെയും വിദേശ കറന്‍സി ഇടപാടായി കണക്കാക്കി എഴ് ലക്ഷത്തിനു മുകളിലുള്ള തുകയ്ക്ക് ടി.സി.എസ് പിടിക്കും.

ടി.സി.എസ്

സ്രോതസില്‍ നിന്നു തന്നെ നികുതി ഈടാക്കുന്ന സംവിധാനമാണ് ടി.സി.എസ്. നികുതി ബാധ്യതയായി ഇതിനെ കണക്കാക്കാനാകില്ല. മുന്‍കൂര്‍ നികുതി പിരിവ് മാത്രമാണിത്. വിദേശത്ത് യാത്ര പോകുന്ന ഒരു വ്യക്തി 10 ലക്ഷം രൂപ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് അവിടെ ചെലവാക്കിയാല്‍ ക്രെഡിറ്റ കാര്‍ഡ് കമ്പനി രണ്ട് ലക്ഷം രൂപ ടി.സി.എസ് പിടിക്കും. ഈ തുക നികുതി വരുമാനത്തില്‍ ചേര്‍ത്ത് തിരികെ ക്ലെയിം ചെയ്യാനാകും. പക്ഷേ വാര്‍ഷിക റിട്ടേണ്‍ സമര്‍പ്പിക്കുന്ന സമയത്ത് മാത്രമാണ് ഇത് തിരിച്ച് ലഭിക്കുക. അതു വരെ ഇത്രയും പണം ബ്ലോക്കായി കിടിക്കും. റിട്ടേണ്‍ സമര്‍പ്പിക്കാന്‍ ടി.സി.എസ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുകയും വേണം.

എന്താണ് ലിബറലൈസ്ഡ് റെമിറ്റന്‍സ് സ്‌കീം?

നിക്ഷേപത്തിനും ചെലവുകള്‍ക്കുമായി മറ്റൊരു രാജ്യത്തേക്ക് ഒരു സാമ്പത്തിക വര്‍ഷത്തില്‍ നിശ്ചിത തുക അയക്കാന്‍ അനുവദിക്കുന്ന പദ്ധതിയാണ് ലിബറലൈസ്ഡ് റെമിറ്റന്‍സ് സ്‌കീം. നിലവില്‍ രാജ്യത്ത് നിന്ന് 2,50,000 ഡോളര്‍ വരെ ഇത്തരത്തില്‍ അയക്കാനാകും. ഇതില്‍ കൂടുതല്‍ തുക ചെലവഴിക്കണമെന്നുണ്ടെങ്കില്‍ ആര്‍.ബി.ഐയുടെ അനുമതി വേണം.

Related Articles
Next Story
Videos
Share it