സര്‍ക്കാര്‍ ഡിജിറ്റല്‍ വായ്പ സംവിധാനം ഉടന്‍: ചട്ടക്കൂട് ഒരുങ്ങുന്നു
നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ ഈ വര്‍ഷം തന്നെ സര്‍ക്കാര്‍ ഡിജിറ്റല്‍ വായ്പ പുറത്തിറക്കുമെന്ന് വിവരസാങ്കേതികവിദ്യ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ചെറുകിട, സൂക്ഷ്മ ബിസിനസുകള്‍ക്ക് സുരക്ഷിതമായ ഡിജിറ്റല്‍ വായ്പ സൗകര്യം ഇത് ഉറപ്പാക്കും. ഇതിനായി ആര്‍ബിഐ ചട്ടങ്ങള്‍ അനുസരിച്ച് സര്‍ക്കാര്‍ ഒരു ചട്ടക്കൂട് തയ്യാറാക്കുകയാണെന്നും മന്ത്രി പറഞ്ഞു.
നിരോധനത്തിന് പിന്നാലെ
ഡാറ്റാ സ്വകാര്യതാ ആശങ്ക, വായ്പ തിരിച്ചടവ് വൈകുമ്പോള്‍ കടം വാങ്ങുന്നവരെ ഭീഷണിപ്പെടുത്തുന്നത്, അവരെ ഉപദ്രവിക്കുന്നത് പോലുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും മൂലം ചില ആപ്പുകള്‍ സര്‍ക്കാരിന്റെ നിരീക്ഷണത്തിലായിരുന്നു. ആര്‍ബിഐ നിയന്ത്രിത ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികള്‍ക്ക് (NBFC) കീഴില്‍ വരാത്തതും ചൈനീസ് ബന്ധങ്ങള്‍ ആരോപിക്കപ്പെടുന്നതുമായ ഇത്തരത്തിലുള്ള ചില ഡിജിറ്റല്‍ വായ്പ ആപ്പുകള്‍ ഈയിടെ നിരോധിച്ചതിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രസ്താവന.
ഡിജിറ്റല്‍ വായ്പ സുരക്ഷിതമാക്കും
ആര്‍ബിഐ നിയന്ത്രണമില്ലാത്ത സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെക്കുറിച്ച് ആശങ്കയുള്ളതുകൊണ്ടാണ് ഈ തീരുമാനത്തിലെത്തിയതെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ ഇത് ഡിജിറ്റല്‍ വായ്പയെ രാജ്യത്തെ ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനം പോലെ സുരക്ഷിതവും വിശ്വസനീയവുമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതിയ ഡിജിറ്റല്‍ വായ്പ സൗകര്യം ഉപയോഗിച്ച് വഴിയോര കച്ചവടക്കാരെപ്പോലുള്ള ചെറുകിട ബിസിനസുകാര്‍ക്ക് പോലും എളുപ്പത്തില്‍ വായ്പയ്ക്കായി ബാങ്കുകളുമായി ബന്ധപ്പെടാന്‍ കഴിയുമെന്ന് കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.