പവര്‍ ഫിനാന്‍സ് കോര്‍പറേഷന് പ്രത്യേക പദവി, ലക്ഷ്യം പ്രകൃതിയോട് ഇണങ്ങിയ നിക്ഷേപം

പവര്‍ ഫിനാന്‍സ് കോര്‍പറേഷന് (PFC) വികസന ധനകാര്യ സ്ഥാപന പദവി (DFI) നല്‍കാനുള്ള നിര്‍ദ്ദേശം മുന്നോട്ടുവെച്ച് കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയം. ഒരു ദേശീയ മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കാലാവസ്ഥ, നെറ്റ് സീറോ നിക്ഷേപങ്ങള്‍ തുടങ്ങിയവയ്ക്ക് നേതൃത്വം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് കോര്‍പറേഷന് ഡിഎഫ്‌ഐ പദവി നല്‍കണമെന്ന ആവശ്യം.

കാലാവസ്ഥയും ഊര്‍ജ്ജ പരിവര്‍ത്തനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ആദ്യ ഡിഎഫ്‌ഐ ആയിരിക്കും പവര്‍ ഫിനാന്‍സ് കോര്‍പറേഷന്‍. നിലവില്‍ രാജ്യത്ത് കാലവസ്ഥയുമായി ബന്ധപ്പെട്ട വായ്പകളും സഹായങ്ങളും (Climate loans and Aid) നിരീക്ഷിക്കുന്ന ഒരു നോഡല്‍ ഏജന്‍സിയില്ല. ഒരു പൊതു ധനകാര്യ സ്ഥാപനം എന്ന നിലയിലാണ് പവര്‍ ഫിനാന്‍സ് കോര്‍പറേഷന്‍ പ്രവര്‍ത്തിക്കുന്നത്. നാഷണല്‍ ബാങ്ക് ഫോര്‍ ഫിനാന്‍സിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ഡെവലപ്‌മെന്റ് (NaBFID) ആക്ട് 2021 അനുസരിച്ചാണ് ഊര്‍ജ്ജ മന്ത്രാലയത്തിന്റെ പുതിയ നീക്കം.

കൂടുതല്‍ വിദേശ ഫണ്ടുകള്‍, ഗ്രാന്റുകള്‍, വായ്പ തുടങ്ങിയവ നേടാന്‍ ഡിഎഫ്‌ഐ പദവി സഹായിക്കും എന്നാണ് വിലയിരുത്തല്‍. ലോജിസ്റ്റിക്‌സ് ഉള്‍പ്പടെയുള്ള ഊര്‍ജ്ജേതര മേഖലകള്‍ക്കും വായ്പ നല്‍കാനുള്ള ഒരുക്കത്തിലാണ് കോര്‍പറേഷന്‍. ആകെ വായ്പകളുടെ 10 ശതമാനമാണ് പവര്‍ ഫിനാന്‍സ് കോര്‍പറേഷന്‍ പുരനുപയോഗിക്കാവുന്ന ഊര്‍ജ്ജ മേഖലയ്ക്ക് നല്‍കിയിരിക്കുന്നത്. വായ്പകളുടെ 47 ശതമാനവും പരമ്പരാഗത ഊര്‍ജ്ജ ഉല്‍പ്പാദന മേഖലയിലാണ്. 2070 ഓടെ കാര്‍ബണ്‍ നിര്‍ഗമനം നെറ്റ് സീറോയില്‍ എത്തിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ഇതിനായി ഏകദേശം 10 ട്രില്യണ്‍ ഡോളറിന്റെ നിക്ഷേപം ആണ് വേണ്ടി വരുക.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it