ഭവനവായ്പാ നിരക്കിലെ ഇളവുകള്‍ എങ്ങനെ പ്രയോജനപ്പെടുത്താം

ഇന്ത്യയിലെ മുന്‍നിര ബാങ്കുകള്‍ ഭവനവായ്പയുടെ പലിശ നിരക്കുകള്‍ കുറച്ചിരിക്കുകയാണ്. എസ് ബി ഐ 75 ലക്ഷം രൂപവരെയുള്ള ഭവനവായ്പകളുടെ പലിശ 6.7 ശതമാനമായി കുറച്ചു. കോട്ടക് മഹീന്ദ്രയുടെ ഭവന വായ്പാ നിരക്ക് ആരംഭിക്കുന്നത് 6.65 ശതമാനത്തിലാണ്. എസ് ബി ഐ വനിതകള്‍ക്ക് 5 ബേസിസ് പോയിന്റ് ഇളവും നല്‍കുന്നുണ്ട്. എച്ച് ഡി എഫ് സിയുടെ റീട്ടെയ്ല്‍ പ്രൈം ലെന്‍ഡിംഗ് റേറ്റ് 5 ബേസിസ് പോയിന്റ് കുറച്ചു.

പലിശ നിരക്കില്‍ വരുത്തിയ കുറവ് വായ്പാ ചെലവില്‍ കുറവുണ്ടാക്കും. ഒരു വ്യക്തി 7 ശതമാനം പലിശ നിരക്കില്‍ 50 ലക്ഷം രൂപയുടെ ഭവന വായ്പ 15 വര്‍ഷ കാലയളവിലേക്ക് എടുക്കുന്നുണ്ടെങ്കില്‍ 44,941 രൂപയായിരിക്കും ഇ എം ഐ. വായ്പാ കാലയളവില്‍ പലിശയായി അടക്കേണ്ടിവരുന്നത് 30.89 ലക്ഷം രൂപയാണ്. എന്നാല്‍ പലിശ നിരക്ക് 6.75 ശതമാനമായി കുറയുമ്പോള്‍ ഇ എം ഐ 44,245 രൂപയായും മൊത്തം പലിശയടവ് 29.64 ലക്ഷമായും കുറയും. നേരത്തെയുള്ള ഇ എം ഐ തുടര്‍ന്നുകൊണ്ട് വായ്പാ തിരിച്ചടവ് കാലാവധി, കുറഞ്ഞ പലിശനിരക്കിന് ആനുപാതികമായി കുറക്കാനുള്ള മാര്‍ഗവും ഉപയോഗിക്കാം. ഇ എം ഐ കുറക്കുന്നതിന് പകരം തിരിച്ചടവ് കാലാവധി കുറക്കുന്നതാണ് കൂടുതല്‍ നേട്ടമാകുക.

പലിശ നിരക്കിലെ ഇളവ് പുതുതായി വായ്പയെടുക്കുന്നവര്‍ക്ക് മാത്രമേ ലഭ്യമാകൂ. നിലവില്‍ വായ്പയെടുത്തിട്ടുള്ളവര്‍ക്ക് ഇത് ബാധകമല്ല. എന്നാല്‍ ആര്‍ ബി ഐ റിപ്പോ നിരക്ക് കുറക്കുന്ന സാഹചര്യത്തില്‍ നിലവിലുള്ളവര്‍ക്കും ഇളവ് ലഭിക്കും. 2019 ഒക്ടോബര്‍ ഒന്നു മുതല്‍ ബാങ്കുകളുടെ ഭവന വായ്പാ നിരക്കുകളെ എക്‌സ്‌റ്റേണല്‍ ബെഞ്ച് മാര്‍ക്ക് റേറ്റുമായി ബന്ധിപ്പിച്ചിട്ടുണ്ട്. മിക്കവാറും ബാങ്കുകള്‍ എക്‌സ്റ്റേണല്‍ ബെഞ്ച് മാര്‍ക്കായി കണക്കാക്കുന്നത് റിപ്പോ നിരക്കുകളെയാണ്. അതിനാല്‍ റിപ്പോ നിരക്കിലെ മാറ്റത്തിനനുസരിച്ച് ഭവനവായ്പാ നിരക്കുകളിലും സ്വാഭാവികമായി മാറ്റം വരും.

കുറഞ്ഞ ഭവനവായ്പാ നിരക്കുകള്‍ക്ക് ലഭിക്കുന്നതിന് ബാങ്കുകള്‍ ചില യോഗ്യതാ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉദാഹരണത്തിന് എസ് ബി ഐ 6.6 ശതമാനം പലിശക്ക് ഭവനവായ്പ അനുവദിക്കുന്നത് ശമ്പളം വാങ്ങുന്ന വനിതകള്‍ക്കാണ്. 30 ലക്ഷം രൂപവരെയുള്ള വായ്പകള്‍ക്ക് യോനോ ആപ്പിലാണിത് ബാധകം. ശമ്പളം വാങ്ങുന്ന പുരുഷന്‍മാരായ അപേക്ഷകര്‍ക്ക് യോനോ ആപ്പിലൂടെ 6.65 ശതമാനവും അല്ലാതെ 6.7 ശതമാനവുമാണ് പലിശ നിരക്ക്. വായ്പയെടുക്കുന്ന ആളുടെ ക്രെഡിറ്റ് സ്‌കോറും ഭവനവായ്പാ നിരക്കുകളെ സ്വാധീനിക്കും.

ഉയര്‍ന്ന പലിശ നിരക്കാണ് നിങ്ങളില്‍ നിന്ന് ബാങ്ക് ഈടാക്കിക്കൊണ്ടിരിക്കുന്നതെങ്കില്‍ നിങ്ങള്‍ക്ക് ബാലന്‍സ് ട്രാന്‍സ്ഫര്‍ ഓപ്ഷന്‍ തിരഞ്ഞെടുക്കാന്‍ സാധിക്കും. എന്നാല്‍ പലിശ നിരക്കിലെ കുറവ് 50 ബി പി എസ് എങ്കിലുമുണ്ടാകുകയും തിരിച്ചടവ് കാലാവധി 10 വര്‍ഷത്തില്‍ താഴെയായിരിക്കുകയും ചെയ്താല്‍ മാത്രമേ ബാലന്‍സ് ട്രാന്‍സ്ഫര്‍ തിരഞ്ഞെടുക്കുന്നത് ഗുണകരമാകൂ. സ്റ്റാമ്പ് ഡ്യൂട്ടി, പ്രോസസിംഗ് ഫീസ് തുടങ്ങിയ നിരക്കുകളും കണക്കിലെടുക്കണം. തിരിച്ചടക്കാനുള്ള വായ്പാ തുകയുടെ ഒരു ശതമാനം വരെ ഇത് വന്നേക്കാം. ചില ബാങ്കുകള്‍ ഡോക്യുമെന്റേഷന്‍, ലീഗല്‍, വാല്യൂവേഷന്‍, ടെക്‌നിക്കല്‍ തുടങ്ങിയ ഫീസുകളും ഈടാക്കാറുണ്ട്.

ചില ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ ബാങ്കുകളേക്കാള്‍ ആകര്‍ഷകമായ ഭവനവായ്പാ നിരക്കുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ബാങ്കുകളെ അപേക്ഷിച്ച് ഇത്തരം സ്ഥാപനങ്ങളില്‍ വായ്പാ വ്യവസ്ഥകളും ഉദാരമായിരിക്കും. എന്നാല്‍ ഇത്തരം സ്ഥാപനങ്ങള്‍ ഭവനവായ്പ നല്‍കുന്നത് പ്രൈം ലെന്‍ഡിംഗ് റേറ്റിന്റെ (പി എല്‍ ആര്‍) അടിസ്ഥാനത്തിലായിരിക്കും. പലിശ നിരക്ക് ഏതെങ്കിലും എക്‌സ്റ്റേണല്‍ ബെഞ്ച് മാര്‍ക്കുമായി ലിങ്ക് ചെയ്തിരിക്കില്ല. അതിനാല്‍ ബാങ്കുകളെ അപേക്ഷിച്ച് ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളില്‍ പലിശ നിരക്കുകളിലെ മാറ്റങ്ങള്‍ അത്രയ്ക്ക് സുതാര്യമാകില്ല. താഴ്ന്ന ക്രെഡിറ്റ് സ്‌കോറുള്ളവര്‍ക്കാകും എന്‍ ബി എഫ് സികള്‍ അനുയോജ്യമാകുക.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it