ഭവന വായ്പയില്‍ ലക്ഷങ്ങള്‍ ലാഭിക്കാം, വഴിയുണ്ട്

വീട് എന്നത് എല്ലാവരുടെയും സ്വപ്‌നമാണ്. എന്നാല്‍ സാധാരണക്കാരന് അത് സ്വന്തമാക്കാനായി തന്റെ സമ്പാദ്യമെല്ലാം നല്‍കേണ്ടി വരുന്നു. ഇരുപതോ മുപ്പതോ വര്‍ഷം നീണ്ടു നില്‍ക്കുന്ന തിരിച്ചടവ് കാലാവധിയില്‍ മറ്റൊന്നിനും സാധ്യമാകുകയുമില്ല. 15-20-30 വര്‍ഷത്തെ തിരിച്ചടവ് കാലാവധിയില്‍ നമ്മള്‍ കൊടുത്തു തീര്‍ക്കുന്നത് വായ്പാ തുകയുടെ അത്ര തന്നെ പലിശയാണ്. ഉഉദാഹരണത്തിന് 8.5 ശതമാനം പലിശ നിരക്കില്‍ 15 വര്‍ഷത്തേക്ക് എടുക്കുന്ന 40 ലക്ഷം രൂപയുടെ ഭവന വായ്പയ്ക്ക് തിരിച്ചടവ് പൂര്‍ത്തിയാകുമ്പോള്‍ ഏകദേശം 31 ലക്ഷം രൂപ പലിശയായി മാത്രം നല്‍കേണ്ടി വരുന്നു.

പലിശ നിരയ്ക്ക് കുറയ്ക്കാന്‍ എന്താണ് വഴി? ഒന്ന്, കുറഞ്ഞ പലിശ നിരയ്ക്കുള്ള ബാങ്കിനെ കണ്ടെത്തി വായ്പയെടുക്കുക എന്നതാണ്. രണ്ടാമത്തേത്, കാലാവധിക്കു മുമ്പു തന്നെ പണം തിരിച്ചടയ്ക്കുക എന്നതും.
രണ്ടോ മൂന്നോ ധനകാര്യ സ്ഥാപങ്ങളില്‍ അന്വേഷിച്ച ശേഷം മാത്രം തീരുമാനമെടുക്കുകയാണ് കുറഞ്ഞ പലിശ നിരക്കിന് വേണ്ടത്. നിലവില്‍ വായ്പയുള്ളവര്‍ക്ക് കുറഞ്ഞ ബാങ്കിലേക്ക് നിലവിലെ വായ്പ മാറ്റാനുള്ള സൗകര്യവും ലഭ്യമാണ്.
നിശ്ചിത കാലാവധിക്ക് മുമ്പ് തന്നെ വായ്പ അടച്ചു തീര്‍ക്കാന്‍ ശ്രമിക്കുക എന്നതാണ് പലിശ ഭാരം കുറയ്ക്കാനുള്ള ഏറ്റവും മികച്ച വഴി. ഉദാഹരണത്തിന് 40 ലക്ഷം രൂപയ്ക്ക് 15 വര്‍ഷത്തേക്ക് പ്രതിമാസം ഏകദേശം 39000 രൂപയാണ് ഇഎംഐ അടയ്‌ക്കേണ്ടി വരിക. ഇതില്‍ 31 ലക്ഷം രൂപ പലിശയിനത്തില്‍ മാത്രം വരുന്നു. എന്നാല്‍ 25000 രൂപ (വര്‍ഷത്തില്‍ 3 ലക്ഷം രൂപ) കൂടുതലായി അടയ്ക്കാനായാല്‍ ഏഴ് വര്‍ഷം കൊണ്ട് വായ്പ അടച്ചു തീര്‍ക്കാനാവും. അപ്പോള്‍ ആകെ നല്‍കേണ്ടി വരുന്ന പലിശ 14 ലക്ഷം രൂപ മാത്രവും. ഏകദേശം 17 ലക്ഷം രൂപ ലാഭിക്കാം.
നിങ്ങള്‍ എത്ര തുക അടച്ചു തീര്‍ക്കാനുണ്ടെന്നതും വായ്പാ കാലാവധി എത്ര ബാക്കിയുണ്ടെന്നതിനെയും ആശ്രയിച്ചാണ് എത്ര തുക കൂടുതലായി അടയ്ക്കണം എന്നു തീരുമാനിക്കേണ്ടത്. സാധാരണ നിങ്ങളുടെ കിഴിവുകളെല്ലാം കഴിച്ചുള്ള വരുമാനത്തിന്റെ 40-45 ശതമാനം ഇഎംഐ വരുന്ന തുകയാണ് ബാങ്കുകള്‍ നിശ്ചയിക്കുക.
എന്നാല്‍ നിങ്ങള്‍ അടച്ചു തീര്‍ക്കാന്‍ ബാക്കിയുള്ളത് എത്ര തുകയുമാകട്ടെ, തുടര്‍ച്ചയായ ഇടവേളകളില്‍ നിശ്ചിത തുക അധികമായി അടയ്ക്കുകയാണെങ്കിലും തിരിച്ചടവ് കാലാവധി കുറയും.
ചില ബാങ്കുകള്‍ മാസത്തിലോ വര്‍ഷത്തിലൊരിക്കലോ മാത്രമേ ഇങ്ങനെ പ്രീപേമെന്റ് തുക അടയ്ക്കാന്‍ സമ്മതിക്കൂ. അത് പ്രയോജനപ്പെടുത്തി നിശ്ചിത തുക കൂടുതലായി അടച്ചാല്‍ വായ്പാ തുകയും നിങ്ങളടയ്‌ക്കേണ്ടി വരുന്ന പലിശയും കുറയും.
വായ്പയെടുത്ത് ആദ്യ വര്‍ഷങ്ങളില്‍ തന്നെ പ്രീപേമെന്റ് നടത്തുന്നതാണ് വൈകി ചെയ്യുന്നതിനേക്കാള്‍ നല്ലത്. തിരിച്ചടവിന്റെ ആദ്യ വര്‍ഷങ്ങളില്‍ ഇഎംഐ തുകയില്‍ നിന്ന് ഭൂരിഭാഗവും പോകുന്നത് പലിശയിനത്തിലേക്കാണ്. അതു കൊണ്ട് അധികമായി അടയ്ക്കുന്ന പണം പ്രിന്‍സിപ്പ്ള്‍ എമൗണ്ട് കുറയ്ക്കാന്‍ സഹായിക്കും. അതുകൊണ്ട് ആദ്യത്തെ 1-5 വര്‍ഷങ്ങളില്‍ കൂടുതല്‍ തുക അടയ്ക്കുന്നതിലൂടെ പലിശയിനത്തില്‍ ലക്ഷക്കണക്കിന് രൂപ ലാഭിക്കാനാകും.
വീട്ടു ചെലവുകള്‍ കുറച്ചോ ശമ്പളത്തിന് പുറമേ ലഭിക്കുന്ന ബോണസോ, ഇന്‍ക്രിമെന്റോ പ്രയോജനപ്പെടുത്തിയോ ഇതിന് പണം കണ്ടെത്താം. എന്നാല്‍ അടിയന്തിരാവശ്യങ്ങള്‍ക്കുള്ള പണം ബാക്കി വെക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുകയും വേണം.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it