ഐസിഐസിഐ ബാങ്കിന്റെ മോര്‍ട്ട്‌ഗേജ് വായ്പകള്‍ രണ്ടു ലക്ഷം കോടി രൂപ കടന്നു
ഐസിഐസിഐ ബാങ്കിന്റെ മോര്‍ട്ഗേജ് വായ്പകള്‍ രണ്ടു ലക്ഷം കോടി രൂപ കടന്നു. മോര്‍ട്ട്‌ഗേജിന്റെ എല്ലാ പ്രക്രിയകളും ഡിജിറ്റലൈസ് ചെയ്യുകയും തല്‍ക്ഷണ വായ്പാ അനുമതികള്‍ ലഭ്യമാക്കുക വഴി ഈ നേട്ടം കൈവരിക്കാനായെന്ന് ബാങ്ക് പറഞ്ഞു.
ഉപഭോക്താക്കള്‍ക്കു കൂടുതല്‍ സൗകര്യപ്രദമായ സംവിധാനങ്ങള്‍ അവതരിപ്പിച്ചു കൊണ്ട് ചെറുകിട വായ്പാ മേഖലയില്‍ തങ്ങള്‍ കഴിഞ്ഞ രണ്ടു ദശാബ്ദമായി വളര്‍ച്ചയെ ത്വരിതപ്പെടുത്തുകയായിരുന്നു എന്ന് ഐസിഐസിഐ ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അനൂപ് ബഗ്ചി പറഞ്ഞു. നിരവധി വര്‍ഷങ്ങളായുള്ള ശ്രമ ഫലമായി രണ്ടു ട്രില്യണ്‍ (രണ്ടു ലക്ഷം കോടി) രൂപയുടെ ചെറുകിട മോര്‍ട്ട്‌ഗേജ് വായ്പകള്‍ എന്ന നേട്ടം തങ്ങള്‍ കൈവരിച്ചിരിക്കുകയാണ്. ഈ നാഴികക്കല്ലു പിന്നിടുന്ന ആദ്യ സ്വകാര്യ മേഖലാ ബാങ്കാണു തങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി.
മോര്‍ട്ട്‌ഗേജ് വായ്പാ വിതരണം കോവിഡിനു മുന്‍പുള്ള സ്ഥിതിയെ മറികടന്നിട്ടുണ്ടെന്ന് സെപ്റ്റംബറില്‍ അവസാനിച്ച ത്രൈമാസത്തിലെ പ്രവര്‍ത്തന ഫലങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ ബാങ്ക് ചൂണ്ടിക്കാട്ടിയിരുന്നു. സെപ്റ്റംബര്‍ മാസത്തിലാകട്ടെ എക്കാലത്തേയും ഉയര്‍ന്ന പ്രതിമാസ നിലയിലുമെത്തി. സെപ്റ്റംബറിനേക്കാള്‍ ഉയര്‍ന്ന നേട്ടമാണ് ഒക്ടോബറിലേതെന്ന് ഐസിഐസിഐ ബാങ്ക് സെക്വേര്‍ഡ് അസറ്റ്‌സ് വിഭാഗം മേധാവി രവി നാരായണന്‍ പറഞ്ഞു. മോര്‍ട്ട്‌ഗേജ് മേഖലയില്‍ ഏറ്റവും ഉയര്‍ന്ന നേട്ടമാണ് ഒക്ടോബറില്‍ ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
മെട്രോ നഗരങ്ങള്‍ക്കൊപ്പം ചെറിയ പട്ടണങ്ങളിലുമായി 1,100 കേന്ദ്രങ്ങളിലാണ് ബാങ്കിനു സാന്നിധ്യമുള്ളത്. വായ്പാ പ്രോസസിംഗ് കേന്ദ്രങ്ങള്‍ 170-ല്‍ നിന്ന് 200 ആയും ഉയര്‍ത്തിയിട്ടുണ്ട്.