സംരംഭകര്‍ക്കുള്ള 'സൂപ്പര്‍ ആപ്പു' മായി ഐസിഐസിഐ ബാങ്ക്

ഐസിഐസിഐ ബാങ്ക് എല്ലാ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍(എംഎസ്എംഇ)ക്കുമായി രാജ്യത്തെ ആദ്യത്തെ സമഗ്ര ഡിജിറ്റല്‍ ഇക്കോ സിസ്റ്റം ആരംഭിച്ചു. മറ്റ് ബാങ്കുകളുടെ ഇടപാടുകാര്‍ക്കും ഉപയോഗിക്കാവുന്ന സംവിധാനമാണിത്.

നിലവിലുള്ള ഇടപാടുകാര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട ബാങ്കിങ് സേവനങ്ങള്‍, മറ്റ് ബാങ്കുകളുടെ ഇടപാടുകാരായ എംഎസ്എംഇകള്‍ക്ക് വിവിധ ബാങ്കിങ് സേവനങ്ങള്‍, എല്ലാവര്‍ക്കും നിരവധി മൂല്യവര്‍ധിത സേവനങ്ങള്‍, 25 ലക്ഷം രൂപ വരെ അതിവേഗം, കടലാസ് രഹിതമായ ഓവര്‍ഡ്രാഫ്റ്റ് സൗകര്യം, ഉടനടി ഡിജിറ്റലായി കറന്റ് അക്കൗണ്ട് ആരംഭിക്കാനുള്ള സൗകര്യം എന്നിവയാണ് ഈ സംവിധാനത്തിന്റെ ചില പ്രധാന പ്രത്യേകതകള്‍. ബാങ്കുകള്‍ സ്വന്തം ഇടപാടുകാര്‍ക്ക് മാത്രം ലഭ്യമാക്കുന്ന സേവനങ്ങള്‍ മറ്റുള്ളവര്‍ക്കും നല്‍കിക്കൊണ്ട് ബാങ്കിങ് മേഖലയില്‍ ശ്രദ്ധേയമായ മാറ്റം കൊണ്ടുവരാനാണ് ഇതിലൂടെ ഐസിഐസിഐ ബാങ്ക് ലക്ഷ്യമിടുന്നത്.

ഗൂഗിള്‍ പ്ലേ സ്റ്റോര്‍, ആപ്പിള്‍ ആപ്പ് സ്റ്റോര്‍, ബാങ്കിന്റെ കോര്‍പറേറ്റ് ഇന്റര്‍നെറ്റ് ബാങ്കിങ് (സിഐബി) പ്ലാറ്റ്‌ഫോം എന്നിവയില്‍ നിന്ന് ഇന്‍സ്റ്റാബിസ് ആപ്പിന്റെ പുതിയ പതിപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഈ ഡിജിറ്റല്‍ സംവിധാനം ഉപയോഗപ്പെടുത്താം. മറ്റ് ബാങ്കുകളുടെ ഇടപാടുകാരായ എംഎസ്എംഇകള്‍ക്ക് 'ഗസ്റ്റ്' ആയി ലോഗിന്‍ ചെയ്ത് ഇത് ഉപയോഗിക്കാവുന്നതാണ്.

എംഎസ്എംഇ മേഖലയാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല് രൂപപ്പെടുത്തുന്നത് എന്നാണ് ഐസിഐസിഐ ബാങ്ക് എപ്പോഴും വിശ്വസിക്കുന്നതെന്നും ഈ സംവിധാനം അവരുടെ കാര്യക്ഷമത വര്‍ധിപ്പിക്കുകയും ബിസിനസ് വര്‍ധിപ്പിക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഐസിഐസിഐ ബാങ്ക് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ അനൂപ് ബാഗ്ചി പറഞ്ഞു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it