ഐ.ഡി.ബി.ഐ ബാങ്കും പ്രേം വത്സയുടെ കൈകളിലേക്ക്? ലയനം വഴി കേരളത്തിന് ഒരു ബാങ്ക് നഷ്ടമായേക്കും

കേന്ദ്രസര്‍ക്കാരിനും എല്‍.ഐ.സിക്കും മുഖ്യ ഓഹരി പാങ്കാളിത്തമുള്ള സ്വകാര്യബാങ്കായ ഐ.ഡി.ബി.ഐ ബാങ്കിനെ ഇന്ത്യന്‍ വംശജനും കനേഡിയന്‍ ശതകോടീശ്വരനുമായ പ്രേം വത്സ നയിക്കുന്ന ഫെയര്‍ഫാക്സ് ഇന്ത്യ ഹോള്‍ഡിംഗ്സ് സ്വന്തമാക്കിയേക്കും.
ഐ.ഡി.ബി.ഐ ബാങ്കിന്റെ ഓഹരികള്‍ വാങ്ങാന്‍ താത്പര്യമുള്ളവര്‍ ഷെയര്‍ സ്വാപ്പിംഗിന് (ഓഹരികള്‍ വച്ചുമാറല്‍) പകരം ഓള്‍-ക്യാഷ് ഇടപാടിന് തയ്യാറാകണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. ഇതിനെ ആദ്യം എതിര്‍ത്ത ഫെയര്‍ഫാക്സ് ഇപ്പോള്‍ സമ്മതം മൂളിയിട്ടുണ്ടെന്നാണ് നിലവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്.
ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്കുകളിലൊന്നായ കോട്ടക് മഹീന്ദ്ര ബാങ്കും ഐ.ഡി.ബി.ഐ ബാങ്കിന്റെ ഓഹരികള്‍ സ്വന്തമാക്കാനായി രംഗത്തുണ്ട്. ഐ.ഡി.ബി.ഐ ബാങ്കിനെ സ്വന്തമാക്കാന്‍ ഏറ്റവും മികച്ച ഓഫര്‍ ഫെയര്‍ഫാക്സാണോ കോട്ടക് ആണോ മുന്നോട്ടുവയ്ക്കുന്നതെന്ന് ഉറ്റുനോക്കുകയാണ് ഇപ്പോള്‍ ഏവരും.
സി.എസ്.ബി ബാങ്ക് ഐ.ഡി.ബി.ഐ ബാങ്കില്‍ ലയിക്കുമോ?
ഒരാള്‍ക്ക് ഒരേസമയം രണ്ട് ബാങ്കിന്റെ പ്രൊമോട്ടര്‍ സ്ഥാനം വഹിക്കാന്‍ റിസര്‍വ് ബാങ്കിന്റെ ചട്ടങ്ങള്‍ അനുവദിക്കുന്നില്ല. നിയന്ത്രണ ഓഹരികള്‍ സ്വന്തമായാലും ഐ.ഡി.ബി.ഐ ബാങ്ക് എന്ന ബ്രാന്‍ഡ് നിലനിറുത്തുമെന്ന് ഫെയര്‍ഫാക്സ് കേന്ദ്രസര്‍ക്കാരിനോട് വ്യക്തമാക്കിയിട്ടുണ്ടെന്നും സൂചനകളുണ്ട്.
നിലവില്‍ തൃശൂര്‍ ആസ്ഥാനമായ സ്വകാര്യബാങ്കായ സി.എസ്.ബി ബാങ്കിന്റെ (പഴയ കാത്തലിക് സിറിയന്‍ ബാങ്ക്) മുഖ്യ പ്രൊമോട്ടര്‍മാരാണ് പ്രേം വത്സ നയിക്കുന്ന ഫെയര്‍ഫാക്സ്. ഐ.ഡി.ബി.ഐ ബാങ്കിനെയും ഫെയര്‍ഫാക്സ് സ്വന്തമാക്കിയാല്‍ സി.എസ്.ബി ബാങ്കുമായുള്ള ലയനം ഉറപ്പാണ്. സി.എസ്.ബി ബാങ്കിനെ ഐ.ഡി.ബി.ഐ ബാങ്കില്‍ ലയിപ്പിക്കാനാണ് സാദ്ധ്യതയേറെ.
90,400 കോടി രൂപയുടെ വിപണിമൂല്യമുള്ള ബാങ്കാണ് ഐ.ഡി.ബി.ഐ ബാങ്ക്. 5,980 കോടി രൂപയാണ് സി.എസ്.ബി ബാങ്കിന്റെ വിപണിമൂല്യം. 49.27 ശതമാനമാണ് സി.എസ്.ബി ബാങ്കില്‍ ഫെയര്‍ഫാക്സിന്റെ ഓഹരി പങ്കാളിത്തം.
ഐ.ഡി.ബി.ഐ ബാങ്കിന്റെ ഓഹരി വില്‍പന
നിലവില്‍ കേന്ദ്രവും എല്‍.ഐ.സിയുമാണ് ഐ.ഡി.ബി.ഐ ബാങ്കിന്റെ മുഖ്യ ഓഹരി ഉടമകള്‍. എല്‍.ഐ.സിക്ക് 49.24 ശതമാനവും കേന്ദ്രസര്‍ക്കാരിന് 45.48 ശതമാനവും ഓഹരി പങ്കാളിത്തമാണുള്ളത്.
അതായത്, ഇരുവര്‍ക്കും കൂടി 94.72 ശതമാനം. ഇതില്‍ 60.72 ശതമാനം ഓഹരികള്‍ വിറ്റൊഴിയാനാണ് നീക്കം. സര്‍ക്കാര്‍ 30.48 ശതമാനവും എല്‍.ഐ.സി 30.24 ശതമാനവും ഓഹരികള്‍ വിറ്റൊഴിയും.
ഐ.ഡി.ബി.ഐ ബാങ്കിന്റെ നിലവിലെ വിപണിമൂല്യമൂല്യത്തേക്കാൾ ഉയര്‍ന്ന മൂല്യം വിലയിരുത്തിയാകും സര്‍ക്കാരും എല്‍.ഐ.സിയും ഓഹരി വിറ്റൊഴിയുക. അങ്ങനെയെങ്കില്‍ ഏറെ ദശാബ്ദങ്ങള്‍ക്കിടയിലെ ഏറ്റവും വലിയ 'സര്‍ക്കാര്‍' ഓഹരി വില്‍പനയ്ക്കാകും രാജ്യം സാക്ഷിയാവുക.
കേരളത്തിന്റെ നഷ്ടം
സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ (SBT) മാതൃബാങ്കായ എസ്.ബി.ഐയില്‍ ലയിച്ചത് 2017ലാണ്. കേരളം ആസ്ഥാനമായ ഏക പൊതുമേഖലാ ബാങ്കിനെയാണ് അതുവഴി സംസ്ഥാനത്തിന് നഷ്ടമായത്. തിരുവനന്തപുരമായിരുന്നു എസ്.ബി.ടിയുടെ ആസ്ഥാനം.
തൃശൂര്‍ ആസ്ഥാനമായ സ്വകാര്യബാങ്കാണ് സി.എസ്.ബി ബാങ്ക്. 1920ല്‍ പ്രവര്‍ത്തനം ആരംഭിച്ച കാത്തലിക് സിറിയന്‍ ബാങ്ക് ഇന്ത്യയിലെ തന്നെ ഏറ്റവും പഴക്കംചെന്ന സ്വകാര്യബാങ്കുകളിലൊന്നാണ്. 2019ലായിരുന്നു ഐ.പി.ഒയും ഓഹരി വിപണിയിലേക്കുള്ള പ്രവേശനവും. ഐ.ഡി.ബി.ഐ ബാങ്കില്‍ ലയിച്ചാല്‍ കേരളം ആസ്ഥാനമായ ഒരു ബാങ്കിനെ കൂടിയാകും നഷ്ടമാവുക.
ഓഹരികളുടെ പ്രകടനം
ഐ.ഡി.ബി.ഐ ബാങ്ക് ഓഹരി ഇന്ന് നഷ്ടത്തോടെയാണ് വ്യാപാരം ചെയ്യുന്നത്. വ്യാപാരത്തിന്റെ ആദ്യമണിക്കൂര്‍ പിന്നിടുമ്പോഴേക്കും 0.90 ശതമാനം താഴ്ന്ന് 83.45 രൂപയിലാണ് ഓഹരിയുള്ളത്.
കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ 78 ശതമാനം റിട്ടേണ്‍ (നേട്ടം) നിക്ഷേപകര്‍ക്ക് സമ്മാനിച്ച ഓഹരിയാണ് ഐ.ഡി.ബി.ഐ ബാങ്ക്.
സി.എസ്.ബി ബാങ്കോഹരി ഇന്ന് 2.26 ശതമാനം ഉയര്‍ന്ന് 350.80 രൂപയിലാണുള്ളത്. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ 54 ശതമാനം റിട്ടേണാണ് സി.എസ്.ബി ബാങ്ക് ഓഹരി നിക്ഷേപകര്‍ക്ക് സമ്മാനിച്ചിട്ടുള്ളത്.
Anilkumar Sharma
Anilkumar Sharma  

Assistant Editor

Related Articles
Next Story
Videos
Share it