റിസര്‍വ് ബാങ്ക് വിശദമായ കെ.വൈ.സി രൂപകല്‍പന ചെയ്യണമെന്ന് കേന്ദ്രം; നീക്കം വ്യാജ ലോണ്‍ ആപ്പുകള്‍ക്കെതിരെ

അനധികൃത ലോണ്‍ ആപ്പുകളുടെ വര്‍ധിക്കുന്ന ഭീഷണിയെ നേരിടാനൊരുങ്ങി ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം (MeitY). ഇതിന്റെ ഭാഗമായി ബാങ്കുകള്‍ക്ക് കൂടുതല്‍ വിശദമായ കെ.വൈ.സി (KYC) പ്രക്രിയ രൂപകല്‍പന ചെയ്യാന്‍ റിസര്‍വ് ബാങ്കിനോട് (RBI) മന്ത്രാലയം ആവശ്യപ്പെട്ടു. ധനകാര്യ സേവന വിഭാഗത്തിന്റേയും റിസര്‍വ് ബാങ്കിന്റേയും പ്രതിനിധികളുമായി നടത്തിയ യോഗത്തിലാണ് മന്ത്രാലയം ഈ നിര്‍ദേശം നല്‍കിയത്.

വ്യാജ വായ്പാ ആപ്പുകള്‍ കണ്ടെത്താന്‍ ഇത് സഹായിക്കുമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. നിയമപരവും സൂക്ഷ്മമായി പരിശോധിച്ചതുമായ ലോണ്‍ ആപ്പുകള്‍ക്ക് മാത്രമേ ഇന്ത്യന്‍ ബാങ്കിംഗ് സംവിധാനം ആക്സസ് ചെയ്യാനും ഉപയോഗിക്കാനും കഴിയൂ എന്ന് ഇത് ഉറപ്പാക്കുമെന്നും കൂടാതെ എന്തെങ്കിലും നിയമലംഘനം ഉണ്ടായാല്‍ നിയമപ്രകാരമുള്ള നടപടിക്കായി ഇത് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഇത്തരം ആപ്പുകള്‍ക്കെതിരായ പരാതികളുടെ എണ്ണം 1,062 ആയി ഉയര്‍ന്നതായി ധനമന്ത്രാലയം അടുത്തിടെ ലോക്സഭയെ അറിയിച്ചിരുന്നു.ഇന്ത്യന്‍ പീനല്‍ കോഡിലെയും ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ടിലെയും നിരവധി വകുപ്പുകള്‍ ലംഘിക്കുന്നതിനാല്‍ ഇത്തരം ആപ്പുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ ഗൂഗിള്‍, ആപ്പിള്‍ ആപ്പ് സ്റ്റോറുകള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഈ കമ്പനികള്‍ പലപ്പോഴായി ഇത്തരം ആപ്പുകള്‍ കണ്ടെത്തി നീക്കം ചെയ്യുന്നുണ്ട്.


Related Articles
Next Story
Videos
Share it