അതിവേഗ വളര്‍ച്ച ശീലമാക്കി ഇന്‍ഡെല്‍ മണി
വായ്പാ വിതരണത്തിലുണ്ടായ വര്‍ധന - 250 ശതമാനം
കൈകാര്യം ചെയ്യുന്ന ആസ്തി - 72 ശതമാനം കൂടി
ലാഭം - 6.3 മടങ്ങ് വര്‍ധിച്ചു
തൊട്ടുമുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 2022-23 സാമ്പത്തിക വര്‍ഷത്തില്‍ സ്വര്‍ണപ്പണയ വായ്പാ രംഗത്തെ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ (എന്‍.ബി.എഫ്.സി) ഇന്‍ഡെല്‍ മണിയുടെ പ്രകടനത്തിന്റെ ചുരുക്കമിതാണ്. 2023ല്‍ അതിവേഗം വളരുന്ന എന്‍.ബി.എഫ്.സികളുടെ ശ്രേണിയിലാണ് ഇന്‍ഡെല്‍ മണിയുടെ സ്ഥാനം.
''2019 മുതല്‍ ഞങ്ങള്‍ പിന്തുടരുന്ന പ്രവര്‍ത്തനങ്ങളുടെ ഫലം ഇപ്പോള്‍ പ്രത്യക്ഷത്തില്‍ കാണാന്‍ തുടങ്ങിയെന്ന് മാത്രം'' തിളക്കമാര്‍ന്ന പ്രകടനത്തെ കുറിച്ച് ഇന്‍ഡെല്‍ മണി എക്‌സിക്യൂട്ടീവ് ഡയറക്റ്ററും സി.ഇ.ഒയുമായ ഉമേഷ് മോഹനന്‍ പ്രതികരിക്കുന്നത് ഇങ്ങനെ.
കൊച്ചിയില്‍ കോര്‍പ്പറേറ്റ് ഓഫീസും മുംബൈയില്‍ രജിസ്‌ട്രേഡ് ഓഫീസുമുള്ള ഇന്‍ഡെല്‍ മണി രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന അതിസാധാരണക്കാരെയാണ് ലക്ഷ്യമിടുന്നത്. ''വലിയൊരു സമൂഹം ജനത്തെ ലക്ഷ്യമിട്ട് പ്രവര്‍ത്തിച്ചാല്‍ അതിവേഗ വളര്‍ച്ച സാധ്യമാകും''- ഉമേഷ് മോഹനന്‍ അഭിപ്രായപ്പെടുന്നു. സ്വര്‍ണപ്പണയ വായ്പാ രംഗത്ത് 2023ല്‍ സമാനതകളില്ലാത്ത വളര്‍ച്ച നേടാന്‍ ഇന്‍ഡെല്‍ മണിയെ നിരവധി ഘടകങ്ങളാണ് സഹായിച്ചത്. നൂതനമായ വായ്പാ രീതി, ശാഖകളുടെ വിന്യാസം, കോര്‍പ്പറേറ്റ് ശൈലി, പിന്തുടരുന്ന മൂല്യങ്ങള്‍, ടീം വര്‍ക്ക് എന്നിവയെല്ലാം ഇതിലുണ്ട്.
ഒരു വര്‍ഷം, രണ്ട് വര്‍ഷം ഇനി വരുന്നു മൂന്നു വര്‍ഷം !
''ഞങ്ങള്‍ ഇടപാടുകാരുമായി ദീര്‍ഘകാല ബന്ധമാണ് ആഗ്രഹിക്കുന്നത്. അതുകൊണ്ട് അവര്‍ക്കായി സവിശേഷമായ സ്വര്‍ണപ്പണയ വായ്പാ പദ്ധതികളുമാണ് അവതരിപ്പിച്ചിരിക്കുന്നത്''- ഉമേഷ് മോഹനന്‍ പറയുന്നു. സ്വര്‍ണപ്പണയ വായ്പാ രംഗത്ത് മറ്റ് എന്‍.ബി.എഫ്.സികളില്‍ നിന്ന് വ്യത്യസ്തമായി ഇന്‍ഡെല്‍ മണിയുടെ കുറഞ്ഞ വായ്പാ കാലയളവ് ഒരു വര്‍ഷമാണ്. എന്നിരുന്നാലും യാതൊരുവിധ അധിക ചാര്‍ജും നല്‍കാതെ ഈ കാലയളവിന് മുമ്പുതന്നെ വായ്പ അടച്ചുതീര്‍ത്ത് പണയസ്വര്‍ണം തിരിച്ചെടുക്കാം. ''ഇന്ത്യക്കാര്‍ക്ക് സ്വര്‍ണാഭരണങ്ങളോട് വൈകാരിക അടുപ്പമുണ്ട്.
അത്യാവശ്യത്തിന് പണയം വെയ്ക്കുന്ന അവ തിരിച്ചെടുക്കാനാവാതെ വന്നാല്‍ അതവരുടെ മനസ് വേദനിപ്പിക്കും. പ്രതിമാസം പലിശ കൃത്യമായി അടയ്ക്കുന്നവരെ സംബന്ധിച്ചിടത്തോളം ഒരു വര്‍ഷം കാലാവധിയുള്ള വായ്പ ആണെങ്കില്‍ അവസാനമാസം ആ മാസത്തെ പലിശയും പിന്നെ വായ്പയെടുത്ത തുകയും മാത്രം അടച്ചാല്‍ മതി. സാധാരണക്കാര്‍ക്ക് ഇതൊരു വലിയ ആശ്വാസമാണ്. ഇപ്പോഴുള്ള ഒരു വര്‍ഷം, രണ്ടുവര്‍ഷം കാലയളവിലുള്ള വായ്പകള്‍ക്ക് പുറമേ മൂന്ന് വര്‍ഷ കാലാവധിയുള്ള വായ്പാ പദ്ധതി ഉടന്‍ അവതരിപ്പിക്കും''- ഉമേഷ് മോഹനന്‍ പറയുന്നു.
വേരുകളാഴ്ത്തുന്നു ഇന്ത്യന്‍ ഗ്രാമങ്ങളിലേക്ക്
ഇന്ത്യയുടെ കരുത്തില്‍ അങ്ങേയറ്റം വിശ്വാസമര്‍പ്പിക്കുന്ന, യാത്രാ പ്രേമി കൂടിയായ ഉമേഷ് മോഹനന്‍ രാജ്യത്തെ രണ്ടാംനിര, മൂന്നാംനിര പട്ടണങ്ങളിലേക്ക് അതിവേഗത്തിലാണ് ഇന്‍ഡെല്‍ മണിയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നത്. കേരളം, മഹാരാഷ്ട്ര, ഒഡിഷ, കര്‍ണാടക, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, തെലങ്കാന, പുതുച്ചേരി എന്നിങ്ങനെ എട്ട് സംസ്ഥാനങ്ങളിലായി 250 ശാഖകളാണ് ഇന്‍ഡെല്‍ മണിക്കുള്ളത്. 2024 സാമ്പത്തിക വര്‍ഷത്തില്‍ മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ 105 പുതിയ ശാഖകള്‍ കൂടി തുറക്കും. ഓണ്‍ലൈനും ഓഫ്‌ലൈനും സംയോജിപ്പിച്ചുള്ള ഹൈബ്രിഡ് മോഡലിലാണ് ഓരോ ശാഖയുടെയും പ്രവര്‍ത്തനം.
കോര്‍പ്പറേറ്റ് പ്രവര്‍ത്തന ശൈലി
തലമുറകളായി സാമ്പത്തിക സേവന രംഗത്തുള്ള ഒരു കുടുംബത്തിന്റെ പുതു തലമുറയാണ് ഉമേഷ് മോഹനന്‍. പിതാവും ഇന്‍ഡെല്‍ മണിയുടെ ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ മോഹനന്‍ ഗോപാലകൃഷ്ണന്റെ പാത പിന്തുടര്‍ന്നാണ് ഉമേഷ് കുടുംബ ബിസിനസിലേക്ക് എത്തുന്നത്.
പാലക്കാട് വിക്ടോറിയ കോളെജില്‍ നിന്ന് ബിരുദമെടുത്ത ശേഷം ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ നിന്ന് എം.ബി.എ കരസ്ഥമാക്കിയ ഉമേഷ് മോഹനന്‍, ഇന്‍വെസ്റ്റ്‌മെന്റ് പ്രൊഫഷണല്‍ എന്ന തലത്തില്‍ വര്‍ഷങ്ങളോളം സേവനമനുഷ്ഠിച്ച ശേഷമാണ് കുടുംബ ബിസിനസിലേക്ക് എത്തുന്നത്. ഇന്‍ഡെല്‍ മണിയുടെ 100 ശതമാനം ഓഹരികളും ഞങ്ങളുടെ കുടുംബത്തിന്റെ കൈവശമാണെങ്കിലും ബോര്‍ഡില്‍ മൂന്ന് കുടുംബാംഗങ്ങള്‍ മാത്രമാണ് ഉള്ളത്.
അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ടസ് ഇന്‍ ഇന്ത്യ (ആംഫി) സി.ഇ.ഒ എന്‍.എസ് വെങ്കിടേഷ്, എസ്.ബി.ഐയുടെ മുന്‍ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്റ്റര്‍ സി.ആര്‍ ശശികുമാര്‍, ആര്‍.ബി.ഐ പ്രിന്‍സിപ്പല്‍ ചീഫ് ജനറല്‍ മാനേജര്‍ എസ്. ഗണേഷ് എന്നിവരെ പോലുള്ളവരാണ് ബോര്‍ഡിലെ മറ്റംഗങ്ങള്‍.
പ്രമുഖ എക്കൗണ്ടിംഗ് സ്ഥാപനമായ ഗ്രാന്റ് തോണ്‍ടണാണ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുടെ ബാക്ക് ഓഫീസ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ഇവര്‍ പരിശോധിച്ച് വ്യക്തതവരുത്തിയ പദ്ധതികളാണ് ബോര്‍ഡില്‍ അവതരിപ്പിക്കുന്നത്. പ്രമുഖ രാജ്യങ്ങളിലെ സര്‍ക്കാരുകളുമായി പോലും ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കര്‍ എന്ന നിലയിലുള്ള ഉമേഷ് മോഹനന്റെ അനുഭവസമ്പത്താണ് ഇന്‍ഡെല്‍ മണിയുടെ കോര്‍പ്പറേറ്റ് സംസ്‌കാരത്തിന്റെ അടിസ്ഥാനശില. ബാങ്കിംഗ് പ്രൊഫഷണല്‍ എന്ന നിലയ്ക്ക് 37 വര്‍ഷത്തെ അനുഭവസമ്പത്ത് മോഹനന്‍ ഗോപാലകൃഷ്ണനുമുണ്ട്.
റിസര്‍വ് ബാങ്ക് അംഗീകൃത ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമെന്ന നിലയില്‍ ഇന്‍ഡെല്‍ മണി പ്രവര്‍ത്തനം തുടങ്ങുന്ന ഘട്ടം മുതല്‍ കുടുംബം തന്നെയാണ് പ്രമുഖ നിക്ഷേപകരെന്ന് ഉമേഷ് മോഹനന്‍ പറയുന്നു. ''തുടക്കകാലത്ത് 85 കോടി രൂപയോളമാണ് കുടുംബം നിക്ഷേപിച്ചത്. പിന്നീട് ഓരോ വര്‍ഷവും ആവശ്യത്തിനനുസരിച്ച് ക്യാപ്പിറ്റല്‍ നിക്ഷേപിക്കുകയും ഈ നടപ്പുവര്‍ഷം ഞങ്ങള്‍ 100 കോടി നിക്ഷേപിക്കാനാണ് പദ്ധതി''-ഉമേഷ് മോഹനന്‍ പറയുന്നു.
ഇതോടൊപ്പം തന്നെ മൂലധന സമാഹരണത്തിന് നൂതനമായ നിരവധി മോഡലുകളും ഇന്‍ഡെല്‍ മണിക്കുണ്ട്. ക്രിസിലിന്റെ ആആആ പ്ലസ് റേറ്റിംഗുള്ള ഇന്‍ഡെല്‍ മണി 2021ല്‍ രാജ്യത്ത് ആദ്യമായി പ്രമുഖ ബാങ്കുമായി ഗോള്‍ഡ് ലോണ്‍ കോ-ലെന്‍ഡിംഗ് ധാരണയിലെത്തിയിരുന്നു.''ഗവേണന്‍സിന് ഞങ്ങള്‍ കൊടുക്കുന്ന പ്രാധാന്യം തന്നെയാണ് വളര്‍ച്ച നേടാന്‍ പര്യാപ്തമാക്കുന്നതും. ജീവനക്കാര്‍, നിക്ഷേപകര്‍, ഇടപാടുകാര്‍ എന്നുവേണ്ട ബിസിനസുമായി ചേര്‍ന്നുനില്‍ക്കുന്ന ഏവര്‍ക്കും ഗുണകരമാകും വിധം മൂല്യമുള്ള ബിസിനസ് സൃഷ്ടിക്കുകയാണ് എന്റെ ലക്ഷ്യം. ആ വാല്യു ക്രിയേഷന് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള സുതാര്യമായ കോര്‍പ്പറേറ്റ് പ്രവര്‍ത്തന ശൈലിയാണ് ഞങ്ങളുടേത്''- ഉമേഷ് വിശദീകരിക്കുന്നു.
മൂല്യാധിഷ്ഠിത പ്രവര്‍ത്തനം
''ഞങ്ങള്‍ക്ക് വിഷനോ മിഷനോ ഇല്ല. മറിച്ച് ഒരുപാട് മൂല്യങ്ങളാണുള്ളത്. സമൂഹ നന്മ, ഉപഭോക്തൃസേവനം, സുതാര്യത, വിശ്വാസ്യത, മികവാര്‍ജിക്കാനുള്ള നിതാന്ത പരിശ്രമം, മികച്ച തൊഴിലിടമാവുക എന്നിവയൊക്കെയാണ് ഞങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങള്‍''- ഉമേഷ് മോഹനന്‍ പറയുന്നു.
പ്രകടനം, പ്രചോദനം, പ്രോത്സാഹനം
'ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക്' അംഗീകാരം നേടിയ തൊഴിലിടമാണ് ഇന്‍ഡെല്‍ മണി. ബി.എഫ്.എസ്.ഐ സ്ഥാപനങ്ങളുടെ ടോപ് 50ല്‍ ഇടം നേടാന്‍ സാധിച്ചത് വലിയ അംഗീകാരമാണെന്ന് ഉമേഷ് മോഹനന്‍ പറയുന്നു. ജീവനക്കാരുടെ പ്രകടനത്തിന് മുന്‍തൂക്കം നല്‍കുന്ന ശൈലിയാണ് പിന്തുടരുന്നത്.
പ്രകടനത്തിന് അനുസരിച്ച് ന്യായമായ വേതനവും നേടാനുള്ള അവസരമുണ്ട്. കമ്പനിക്കുള്ളില്‍ ഏത് തലം വരെ കഴിവും വൈദഗ്ധ്യവുമുള്ളവര്‍ക്ക് നടന്നുകയറാം. കാരണം, സ്ഥാപനത്തിലെ ഏതൊരു ഒഴിവും ആദ്യം പ്രഖ്യാപിക്കുന്നത് കമ്പനിക്കുള്ളില്‍ തന്നെയാണ്. നിലവിലെ ജീവനക്കാര്‍ക്ക് ഉയര്‍ന്ന പദവിയിലേക്ക് അപേക്ഷിക്കാം. അങ്ങനെ സംസ്ഥാനങ്ങളുടെ ചുമതലയുള്ള പ്രൊഫഷണലുകളായി വളര്‍ന്നവര്‍ പോലും കമ്പനിയിലുണ്ട്.
2022 സാമ്പത്തിക വര്‍ഷത്തെയപേക്ഷിച്ച് വായ്പാ വിതരണത്തില്‍ 250 ശതമാനം വളര്‍ച്ചയാണ് 2023 സാമ്പത്തിക വര്‍ഷം ഇന്‍ഡെല്‍ മണി രേഖപ്പെടുത്തിയത്. പ്രതിമാസം ശരാശരി 250 കോടി രൂപ വീതം 2023 സാമ്പത്തിക വര്‍ഷം 3,000 കോടി രൂപയുടെ വായ്പ കമ്പനി വിതരണം ചെയ്തു. 2022 സാമ്പത്തിക വര്‍ഷം ഇത് 1,050 കോടി രൂപയായിരുന്നു.
വായ്പകളില്‍ 92 ശതമാനവും സ്വര്‍ണ പണയത്തിന്‍ മേലുള്ളവയാണ്. 2023 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം ഇന്‍ഡെല്‍ മണി കൈകാര്യം ചെയ്യുന്ന ആസ്തി 669 കോടി രൂപയില്‍ നിന്ന് 72 ശതമാനം വര്‍ധിച്ച് 1,154 കോടി രൂപയായി. ലാഭം 4.9 കോടി രൂപയില്‍ നിന്ന് 6.3 ഇരട്ടി വര്‍ധിച്ച് 31.29 കോടിരൂപയിലെത്തി. ഇതിലും മികച്ച വളര്‍ച്ചയാണ് നടപ്പുവര്‍ഷം പ്രതീക്ഷിക്കുന്നത്.
2026 ല്‍ ഓഹരി വിപണിയിലേക്ക്
2025 ഓടെ രാജ്യത്ത് 500 ശാഖകള്‍ തുറക്കാനാണ് കമ്പനി ലക്ഷ്യമിട്ടിരിക്കുന്നത്. നടപ്പു വര്‍ഷം 81 ശതമാനം വളര്‍ച്ചയോടെ 2,100 കോടി രൂപയാണ് കമ്പനി ഉന്നമിടുന്ന മൊത്തം ആസ്തി. ഇതില്‍ 90 ശതമാനം സ്വര്‍ണ വായ്പ ആക്കാനാണ് ശ്രമിക്കുന്നത്. ഇപ്പോഴത്തെ പദ്ധതി പ്രകാരം മുന്നോട്ട് പോയാല്‍ 2026ല്‍ ഇന്‍ഡെല്‍ മണി ഓഹരി വിപണിയിലേക്ക് എത്തുമെന്ന് ഉമേഷ് മോഹനന്‍ പറയുന്നു.
വിപുലമായ പ്രവര്‍ത്തന മേഖല
ഇന്‍ഡെല്‍ മണിയുടെ മാതൃകമ്പനിയായ ഇന്‍ഡെല്‍ കോര്‍പ്പറേഷന്‍ വിഭിന്ന രംഗങ്ങളില്‍ ഇതിനകം ശ്രദ്ധേയ സ്ഥാനം നേടിയിട്ടുണ്ട്. ഓട്ടോമോട്ടീവ്, ഫിനാന്‍സ്, ഇന്‍ഷുറന്‍സ്, ഹോസ്പിറ്റാലിറ്റി ആന്‍ഡ് ലീഷര്‍, കണ്‍സ്ട്രക്ഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ്, മീഡിയ ആന്‍ഡ് എന്റര്‍ടെയ്ന്‍മെന്റ് എന്നീ രംഗങ്ങളിലാണ് ഇന്‍ഡെല്‍ കോര്‍പ്പറേഷന് നിക്ഷേപമുള്ളത്.
വോള്‍വോ കാറിന്റെ ഓള്‍ കേരള ഡീലര്‍ഷിപ്പ്, രാജ്യത്തെഏറ്റവും വിപുലമായ ഫോര്‍ഡ് കാര്‍ സര്‍വീസ് ശൃംഖല എന്നിവ ഇന്‍ഡെല്‍ കോര്‍പ്പറേഷന്റെ ഓട്ടോമോട്ടീവ് ഡിവിഷന് കീഴിലാണ്. ടൊയോട്ട, യമഹ, ഹോണ്ട, സുസുകി എന്നിവയുടെ ഡീലര്‍ഷിപ്പുകളും ഗ്രൂപ്പിന് കീഴിലുണ്ട്. യൂസ്ഡ് കാറുകളുടെ പരിശോധനകളും സര്‍വീസും വില്‍പ്പനയും ഒരു കുടക്കീഴിലുള്ള കൈരളി മോട്ടറി എന്ന വിഭാഗവും ഗ്രൂപ്പിനുണ്ട്. യൂസ്ഡ് കാറുകളുടെ വില്‍പ്പനയ്ക്കും വാങ്ങുന്നതിനുമായി മൊബൈല്‍ ആപ്പും അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്.
ഗ്രൂപ്പിന്റെ ഹോസ്പിറ്റാലിറ്റി ഡിവിഷന് കീഴിലെ പാലക്കാട്ടെ തന്നെ ആദ്യത്തെ പഞ്ചനക്ഷത്ര ഹോട്ടല്‍ DISTRIKT 9 കഞ്ചിക്കോട് ആണ് പ്രവര്‍ത്തിക്കുന്നത്. കറുകുറ്റി, വൈറ്റില, പാലക്കാട് കൊടുവയല്‍ എന്നിവിടങ്ങളില്‍ ഗ്രൂപ്പിന്റെ കീഴിലെ ഹോട്ടലുകള്‍ ഇതിനകം പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്‍ഷുറന്‍സ് ബ്രോക്കിംഗ് രംഗത്ത് ട്രാന്‍സ് ഇന്ത്യ ഇന്‍ഷുറന്‍സ് ബ്രോക്കിംഗ് ആന്‍ഡ് റിസ്‌ക് മാനേജ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയും ഗ്രൂപ്പിനുണ്ട്.
ബിസിനസുമായി ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ബന്ധപ്പെട്ട് നില്‍ക്കുന്നവര്‍ക്കും പൊതുസമൂഹത്തിന് ആകെ തന്നെയും ഗുണകരമാകുന്ന വിധത്തില്‍ മൂല്യമുള്ള പ്രസ്ഥാനം കെട്ടിപ്പടുക്കാനുള്ള ഈ യാത്രയില്‍ കോര്‍പ്പറേറ്റ് ഗവേണന്‍സ്, സുതാര്യത, ഇന്നൊവേഷന്‍, ടീം വര്‍ക്ക് ഇതിനൊക്കെ തന്നെയാണ് മുന്‍തൂക്കം നല്‍കുന്നത്.
Originally Published on Dhanam Business Magazine 35 th Anniversary Special Issue