എസ്‌വിബിയിലെ സ്റ്റാര്‍ട്ടപ്പ് നിക്ഷേപം മറ്റ് ബാങ്കുകളിലേക്ക്

സിലിക്കണ്‍ വാലി ബാങ്കിലെ (SVB) നിക്ഷേപം ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ മറ്റ് ബാങ്കുകളിലേക്ക് മാറ്റിത്തുടങ്ങിയതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. അടച്ചുപൂട്ടിയ ഈ ബാങ്കിലെ നിക്ഷേപം പിന്‍വലിക്കാന്‍ യുഎസ് അനുവദിച്ച പശ്ചാത്തലത്തിലാണ് ഇത്.

ഗിഫ്റ്റ് സിറ്റി

പല സ്റ്റാര്‍ട്ടപ്പുകളും ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റിയിലുള്ള ഇന്റര്‍നാഷണല്‍ ഫൈനാന്‍ഷ്യല്‍ സര്‍വീസസ് സെന്ററിലെ ബാങ്ക് ശാഖകളില്‍ അക്കൗണ്ട് തുറന്നു. ഗിഫ്റ്റ് സിറ്റിയിലെ ബാങ്കുകള്‍ അന്താരാഷ്ട്ര ഇടപാടുകള്‍ക്കായി വിദേശ കറന്‍സി അക്കൗണ്ടുകള്‍ തുറക്കാന്‍ സഹായിക്കുന്ന ഓന്നാണ്.

ആര്‍ബിഎല്‍ ബാങ്ക്, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ആക്സിസ് ബാങ്ക്, എച്ച്എസ്ബിസി എന്നിവ ഗിഫ്റ്റ് സിറ്റിയില്‍ അക്കൗണ്ടുകള്‍ തുറക്കാന്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സ്റ്റാര്‍ട്ടപ്പ് സ്ഥാപകരും നിക്ഷേപകരും പറഞ്ഞു. യുഎസിലെ ബ്രെക്സ് പോലുള്ള നിയോബാങ്കുകളിലേക്കും പരമ്പരാഗത സ്ഥാപനങ്ങളായ ജെപി മോര്‍ഗന്‍ ചേസ്, എച്ച്എസ്ബിസി, സിറ്റിഗ്രൂപ്പ് എന്നിവയിലേക്കും നിക്ഷേപങ്ങള്‍ സ്റ്റാര്‍ട്ടപ്പുകള്‍ കൈമാറുന്നുണ്ട്.

വലിയ ആശ്വാസം

സിലിക്കണ്‍ വാലി ബാങ്കിന്റെ തകര്‍ച്ചയുടെ പശ്ചാത്തലത്തില്‍, അത് ബാധിച്ചേക്കാവുന്ന സ്റ്റാര്‍ട്ടപ്പുകളെ സഹായിക്കാനുള്ള അവസരമാണിതെന്ന് ആക്സിസ് ബാങ്കിന്റെ ഹോള്‍സെയില്‍ ബാങ്കിംഗ് കവറേജ് ഗ്രൂപ്പ് മേധാവി ഗണേഷ് ശങ്കരന്‍ പറഞ്ഞു. നിക്ഷേപം ലഭ്യമാകുമെന്ന വാര്‍ത്ത വലിയ ആശ്വാസം നല്‍കുന്നുവെന്ന് ബെംഗളൂരു ആസ്ഥാനമായുള്ള സ്റ്റാര്‍ട്ടപ്പ് സ്‌നാസിയുടെ സഹസ്ഥാപകനും ചീഫ് എക്സിക്യൂട്ടീവുമായ ആയുഷ് പടേരിയ പറഞ്ഞു.

യുഎസിലെ തങ്ങളുടെ ഉപകമ്പനികളുടെ കൈവശമുള്ള ഫണ്ടായതിനാല്‍ ഇവ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാന്‍ കഴിയില്ലെങ്കിലും തങ്ങള്‍ക്ക് അത് കഴിയുന്ന സാഹചര്യത്തില്‍ ഫണ്ട് കൈമാറുമെന്ന് നസാര ടെക്നോളജീസ് സിഇഒ നിതീഷ് മിറ്റര്‍സെയ്ന്‍ പറഞ്ഞു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it