75 ലക്ഷം രൂപയ്ക്കു മുകളിലുള്ള ഭവന വായ്പയ്ക്ക് പലിശ കൂടും
എഴുപത്തിയഞ്ച് ലക്ഷം രൂപയ്ക്കു മുകളിലാണോ നിങ്ങള്‍ ഭവന വായ്പ എടുക്കാന്‍ ഉദ്ദേശിക്കുന്നത്. എന്നാല്‍ ഇനി കൂടുതല്‍ പലിശ നല്‍കേണ്ടി വരും. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ റിസ്‌ക് അനുമാന തോത് കോവിഡിനു മുമ്പുള്ള 50 ശതമാനത്തിലേക്ക് തിരിച്ചുകൊണ്ടു വന്നിരിക്കുന്നു. 2020 ഒക്ടോബറിലാണ് റിസര്‍വ് ബാങ്ക് 80 ശതമാനത്തിന് താഴെയുള്ള ലോണ്‍ ടു വാല്യു (എല്‍.ടി.വി) അനുപാതത്തിന് 35 ശതമാനമായി റിസ്‌ക് അനുമാനതോത് കുറച്ചത്. ആദ്യം 2022 മാര്‍ച്ച് 31 വരെയായിരുന്നു ആനുകൂല്യം അനുവദിച്ചത്. പിന്നീട് 2022 ഏപ്രിലിലെ പണനയ അവലോകനത്തില്‍ ഇത് 2023 മാര്‍ച്ച് വരെ നീട്ടി നല്‍കുകയായിരുന്നു.
ലോണ്‍ ടു വാല്യു
ഉപഭോക്താവ് പുതുതായി നിര്‍മ്മിക്കാനോ വാങ്ങാനോ ഉദ്ദേശിക്കുന്ന വീടിന്റെ/വസ്തുവിന്റെ മൊത്തം വിലയുടെ നിശ്ചിത ശതമാനമേ ബാങ്കുകള്‍ വായ്പയായി അനുവദിക്കൂ; ഇതാണ് എല്‍.ടി.വി. മൊത്തം ആവശ്യമുള്ള തുകയുടെ നിശ്ചിത ശതമാനം വായ്പയെടുക്കുന്നവര്‍ തന്നെ കണ്ടെത്തേണ്ടതുണ്ട്. 30 മുതല്‍ 75 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്ക് 80 ശതമാനം വരെ വായ്പ ലഭിക്കും.
75 ലക്ഷം രൂപയ്ക്കു മുകളിലുള്ള വായ്പകളില്‍ ആകെ മൂല്യത്തിന്റെ 75 ശതമാനം വരെയാണ് വായ്പയായി ലഭിക്കുക.കോവിഡിന്റെ സമയത്ത് ഒഴിവാക്കിയ 75 ലക്ഷത്തിന് മുകളിലുള്ള വായ്പകളുടെ എല്‍.ടി.വി ഇപ്പോള്‍ 75 ശതമാനത്തിലേക്ക് തിരികെ കൊണ്ടുവന്നിരിക്കുകയാണ്. അതായത് ഒരു കോടി രൂപയാണ് വീടിന്റെ വിലയെങ്കില്‍ 75ലക്ഷം രൂപയാണ് ബാങ്ക് വായ്പയായി അനുവദിക്കുക. ബാക്കി തുക ഉപഭോക്താവ് സ്വന്തം നിലയില്‍ കണ്ടെത്തണം.
നാഷണല്‍ ഹൗസിംഗ് ബാങ്കിന്റെ ഡാറ്റ പ്രകാരം 2021-22 വര്‍ഷത്തില്‍ ബാങ്കുകള്‍ നല്‍കിയ വ്യക്തിഗത ഭവന വായ്പകളുടെ 36.36 ശതമാനം (2.45 ലക്ഷം കോടി രൂപ) 50 ലക്ഷത്തിനു മുകളിലുള്ള വായ്പകളായിരുന്നു. 25 ലക്ഷത്തിനും 50 ലക്ഷത്തിനും ഇടയിലുള്ള വായ്പകളുടെ വിഹിതം 29.35 ശതമാനമാണ്.
പലിശ നിരക്ക് ഉയരും
നിലിവില്‍ ബാങ്കുകള്‍ വലിയ വായ്പകളുടെ പലിശ നിരക്ക് ഉയര്‍ത്തിയിട്ടില്ലെങ്കിലും അധികം വൈകാതെ ഇത് ഉയര്‍ത്താനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ടുകള്‍. വായ്പ തുകയ്ക്ക് അനുസരിച്ച് അഞ്ച് ബേസിസ് പോയിന്റ് വരെ വര്‍ധനയുണ്ടായേക്കാം.
2022 മെയ് മുതല്‍ 2023 ഫെബ്രുവരി വരെ റിപ്പോ നിരക്കില്‍ 2.50 ശതമാനം വര്‍ധനയുണ്ടായിട്ടുണ്ട്. എന്നാല്‍ ഏപ്രിലിലെ പണനയ അവലോകനത്തില്‍ റിപ്പോനിരക്ക് 6.5 ശതമാനത്തില്‍ തന്നെ നിലനിര്‍ത്തിയിട്ടുണ്ട്. ഇതു മൂലം നിലവില്‍ ഭവന വായ്പാ നിരക്കുകള്‍ കഴിഞ്ഞ വര്‍ഷം മേയിലെ 6.5 ശതമാനത്തില്‍ നിന്ന് 9 ശതമാനമായി ഉയര്‍ന്നു. ചെറുകിട വായ്പകളുടെ 40 ശതമാനവും റിപ്പോ നിരക്കുമായാണ് ബന്ധിപ്പിച്ചിരിക്കുന്നത്. ബാക്കിയുള്ളത് മാര്‍ജിനല്‍ കോസ്റ്റ് അടിസ്ഥാനമാക്കിയുള്ളതുമാണ്.