സ്ഥിര നിക്ഷേപങ്ങള്‍ക്ക് ഇത് മികച്ച സമയമോ?

തുടര്‍ച്ചയായ ആറ് മാസം റിപ്പോ നിരക്ക് വര്‍ധിപ്പിക്കുന്നത് തുടര്‍ന്ന റിസര്‍വ് ബാങ്ക് താല്‍ക്കാലികമായി ഇതിനൊരു വിരാമമിട്ടിരിക്കുകയാണ്. നിലവില്‍ 6.5 ശതമാനത്തില്‍ വായ്പാ നിരക്കുകള്‍ നിലനിര്‍ത്തിയിട്ടുണ്ട്.

വായ്പയെടുക്കന്നവര്‍ക്ക് മേല്‍ ഉയര്‍ന്ന പലിശ ഭാരത്തിന് ഇത് ഇടയാക്കുമെങ്കിലും നിക്ഷേപകരെ സംബന്ധിച്ച് ഉയര്‍ന്ന പലിശ നിരക്ക് നേടാനുള്ള അവസരമാണിത്. മുതിര്‍ന്ന പൗരന്മാര്‍ക്കും സാധാരണക്കാര്‍ക്കും സ്ഥിര നിക്ഷേപങ്ങള്‍ക്ക് ബാങ്കുകള്‍ നിലവില്‍ ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്തു തുടങ്ങിയിട്ടുണ്ട്.
എച്ച്ഡിഎഫ്‌സി ബാങ്ക് അഞ്ച് വര്‍ഷത്തിനു മുകളില്‍ 10 വര്‍ഷം വരെയുള്ള കാലാവധിയുള്ള മുതിര്‍ന്ന പൗരന്മാരുടെ സ്ഥിര നിക്ഷേപങ്ങള്‍ക്ക് 7.75 ശതമാനം വരെ പലിശ നല്‍കുന്നുണ്ട്. അതേസമയം സാധാരണ പൗരന്മാരുടെ ചില കാലാവധികളിലുള്ള സ്ഥിര നിക്ഷേപ പലിശ നിരക്ക് 7 ശതമാനവുമാക്കിയിട്ടുണ്ട്. 60 പിന്നിട്ടവരെ കൂടി ഉള്‍പ്പെടുത്തി സംയുക്ത അക്കൗണ്ടു വഴി നിക്ഷേപിച്ചാല്‍ സാധാരണക്കാര്‍ക്കും ഈ പലിശ ലഭിക്കും.
എന്നാല്‍ ആര്‍.ബി.ഐ പലിശ നിരക്ക് ഉയര്‍ത്തുന്നത് തല്‍ക്കാലികമായി മാത്രമാണ് നിര്‍ത്തിയിരിക്കുന്നതെന്നും ഇത് പതുക്കെ ഉയര്‍ത്താനാണ് സാധ്യതയെന്നുമാണ് ഈ രംഗത്തെ വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ നിക്ഷേപകര്‍ ചെയ്യേണ്ടതെന്താണെന്ന് നോക്കാം...
പലിശ നിരക്ക് മാത്രം നോക്കിയാകരുത്
പലിശ നിരക്ക് നോക്കിമാത്രം നിക്ഷേപം നടത്തുന്നതിനേക്കാള്‍ വിവിധ കാലാവധികളിലുള്ള സ്ഥിര നിക്ഷേപത്തിലേക്ക് പണം മാറ്റുന്നതായിരിക്കും നിക്ഷേപകര്‍ക്ക് ഗുണകരമെന്ന് ഈ രംഗത്തെ പ്രമുഖര്‍ പറയുന്നു. ഇതു വഴി ഉയര്‍ന്ന പലിശയുടെ ഗുണം നേടാനാകുകയും ഇടയ്ക്ക് വച്ച് നിക്ഷേപം പിന്‍വലിക്കേണ്ടി വന്നാലുള്ള നഷ്ടം ഇല്ലാതാക്കാനും സാധിക്കും. അതായത് പണം മുഴുവന്‍ ദീര്‍ഘകാലാവധിയുള്ള സ്ഥിര നിക്ഷേപത്തിലിട്ടാല്‍ ഇടയ്ക്കു വച്ച് പിന്‍വലിക്കുന്നത് നിങ്ങളുടെ യഥാര്‍ത്ഥ ലക്ഷ്യത്തെ ബാധിക്കും. മിക്ക എഫ്.ഡികള്‍ക്കും കാലാവധിയെത്തും മുന്‍പു പിന്‍വലിച്ചാല്‍ ഒരു ശതമാനത്തോളം പീനല്‍ ഇന്ററസ്റ്റ് നല്‍കേണ്ടി വരും.
മുതിര്‍ന്ന പൗരന്മാര്‍ ചെയ്യേണ്ടത്
സ്ഥിരമായ പണലഭ്യത ഉറപ്പു വരുത്താന്‍ മുതിര്‍ന്ന പൗരന്മാര്‍ പൊതുവേ ആശ്രയിക്കുന്നത് സ്ഥിര നിക്ഷേപങ്ങളാണ്. ഉടന്‍ പണം ആവശ്യമായി വരുന്നില്ലെങ്കില്‍ ദീര്‍ഘകാല എഫ്.ഡികളില്‍ നിക്ഷേപിക്കുന്നതാണ് മുതിര്‍ന്ന പൗരന്മാരെ സംബന്ധിച്ച് നല്ലത്. കാരണം പലിശ നിരക്കുകള്‍ ഇപ്പോള്‍ ഉയര്‍ന്നു നില്‍ക്കുന്നെങ്കിലും ആറുമാസത്തിനുള്ളില്‍ താഴേക്ക് പോരാനുള്ള സാധ്യതയുണ്ട്. ചെറിയ കാലാവധിയില്‍ നിക്ഷേപിച്ചാല്‍ മെച്യുരിറ്റി എത്തുമ്പോള്‍ വീണ്ടു നിക്ഷേപിക്കണമെങ്കില്‍ ഒരു പക്ഷേ ഇത്രയും പലിശ അന്ന് കിട്ടിയെന്നു വരില്ല. സമീപകാലയളവില്‍ തന്നെ പണം ആവശ്യമായി വരും എന്നുള്ളവര്‍ക്ക് ഇപ്പോഴത്തെ ഈ ഉയര്‍ന്നു നില്‍ക്കുന്ന പലിശയുടെ ഗുണം പ്രയോജനപ്പെടുത്താവുന്നതാണ്.
എഫ്.ഡിയില്‍ മാത്രമാക്കണ്ട
ഏതെങ്കിലും ഒരു ബാങ്കിന്റെ എഫ്.ഡിയില്‍ മാത്രം നിക്ഷേപം പരിമിതപ്പെടുത്തുന്നതിനേക്കാള്‍ സ്ഥിര വരുമാനം നല്‍കുന്ന നിക്ഷേപങ്ങള്‍ നടത്തുകയാണ് വേണ്ടത്. ഡെറ്റ് മ്യൂച്വല്‍ ഫണ്ടുകള്‍, ടാക്‌സ് ഫ്രീ ബോണ്ടുകള്‍, ആര്‍.ബി.ഐ ഫ്‌ളോട്ടിംഗ് റേറ്റ് ബോണ്ടുകള്‍, ഗവണ്‍മെന്റ് സെക്യൂരിറ്റികള്‍ എന്നിവ സ്ഥിര നിക്ഷേപത്തിനു പകരം തെരഞ്ഞെടുക്കാവുന്നതാണ്.
ചെറുകിട ബാങ്കുകളിലെ നിക്ഷേപം പരിമിതപ്പെടുത്താം
ചെറുകിട ധനകാര്യ ബാങ്കുകളാണ് നിലവില്‍ സ്ഥിര നിക്ഷേപങ്ങള്‍ക്ക് ആകര്‍ഷകമായ പലിശ വാഗ്ദാനം ചെയ്യുന്നത്. എന്നാല്‍ റിസ്‌ക് എടുക്കാന്‍ വിമുഖതയുള്ള നിക്ഷേപകര്‍ക്ക് ഇത് അനുയോജ്യമായിരിക്കില്ല. സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകളിലെ സ്ഥിര നിക്ഷേപം തെരഞ്ഞെടുക്കുന്നെങ്കില്‍ തന്നെ പരമാവധി അഞ്ച് ലക്ഷം രൂപയില്‍ കൂടുതല്‍ നിക്ഷേപിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നു. കാരണം എസ്.എഫ്.ബിയില്‍ അഞ്ച് ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങള്‍ക്കാണ് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുക. അതേപോലെ മൊത്തം സ്ഥിര നിക്ഷേപത്തിന്റെ 20-25 ശതമാനത്തില്‍ താഴെ മാത്രം എസ്.എഫ്.ബി സ്ഥിര നിക്ഷേപത്തിലേക്ക് മാറ്റുന്നതാണ് നല്ലതെന്നും വിദഗ്ധര്‍ പറയുന്നു.
വിവിധ ചെറുകിട ബാങ്കുകളുടെ പലിശ നിരക്കുകള്‍

ഇസാഫ് ബാങ്ക്

ഒരു വര്‍ഷം മുതല്‍ രണ്ട് വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് 8 ശതമാനം പലിശയും രണ്ടു മുതല്‍ മൂന്നു വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 8.50 ശതമാനം പലിശയും നല്‍കുന്നു. മുതിര്‍ന്ന പൗരന്മാര്‍ക്ക് യഥാക്രമം 8.50 ശതമാനം, 9 ശതമാനം എന്നിങ്ങനെ പലിശ ലഭിക്കും.

ബന്ധന്‍ ബാങ്ക്
ബന്ധന്‍ ബാങ്ക് ഒരു വര്‍ഷം മുതല്‍ രണ്ടു വര്‍ഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 8 ശതമാനവും രണ്ട് വര്‍ഷം മുതല്‍ മൂന്ന് വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്കും മൂന്നു മുതല്‍ അഞ്ച് വര്‍ഷം വരെയുള്ള വായ്പകള്‍ക്കും 7.25 ശതമാനവും പലിശ നല്‍കുന്നു. മുതിര്‍ന്ന പൗരന്മാര്‍ക്ക് ഈ കാലയളവുകളിലേക്കെല്ലാം 7.75 ശതമാനമാണ് പലിശ.
ഉജ്ജീവന്‍ ബാങ്ക്
സാധാരണക്കാര്‍ക്ക് ഒരു വര്‍ഷം മുതല്‍ രണ്ടു വര്‍ഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് ഉജ്ജീവന്‍ ബാങ്ക് 8 ശതമാനവു രണ്ട് വര്‍ഷം മുതല്‍ മൂന്ന് വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 8.50 ശതമാനവും മൂന്നു മുതല്‍ അഞ്ച് വര്‍ഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 6.75 ശതമാനവും പലിശ നല്‍കുന്നുണ്ട്. മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇത് യഥാക്രമം 8.50 ശതമാനം, 9 ശതമാനം, 7.25 ശതമാനം എന്നിങ്ങനെയുമാണ്.
ഡി.സി.ബി ബാങ്ക്
ഒരു വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 8 ശതമാനം പലിശയാണ് ഡി.സി.ബി ബാങ്ക് നല്‍കുന്നത്. രണ്ട് മുതല്‍ അഞ്ച് വര്‍ഷം കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 7.6 ശതമാനമാണ് പലിശ.
ആര്‍.ബി.എല്‍ ബാങ്ക്
365 ദിവസം മുതല്‍ 452 ദിവസം വരെയുള്ള കാലയളവില്‍ 7 ശതമാനവും 453 ദിവസം മുതല്‍ 459 ദിവസം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 7.80 ശതമാനവും പലിശ നല്‍കുന്നുണ്ട്. മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇത് യഥാക്രമം 7.50 ശതമാനം, 8.30 ശതമാനം എന്നിങ്ങനെയാണ്.

Related Articles
Next Story
Videos
Share it