ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ നാലു ദിവസം കൂടി

2022 23 സാമ്പത്തിക വര്‍ഷത്തെ ആദായനികുതി റിട്ടേണ്‍ (ഐ.ടി.ആര്‍) ഫയല്‍ ചെയ്യാന്‍ ഇനി നാലു ദിവസം കൂടി ബാക്കി. ജൂലൈ 31 നകം റിട്ടേണ്‍ ഫയല്‍ ചെയ്തില്ലെങ്കില്‍ വലിയ തുക പിഴയായി നല്‍കേണ്ടി വരുമെന്ന് ആദായനികുതി വകുപ്പ് അറിയിച്ചു.

ഇത് വരെ 1.25 കോടി റിട്ടേണുകൾ

അഞ്ചുലക്ഷത്തില്‍ താഴെയാണ് വാര്‍ഷിക വരുമാനമെങ്കില്‍ ഓഗസ്റ്റ് ഒന്നിന് ശേഷം റിട്ടേണ്‍ ഫയല്‍ ചെയ്യുന്നവരില്‍ നിന്ന് 1000 രൂപ പിഴ ഈടാക്കും. അഞ്ചുലക്ഷത്തിന് മുകളിലാണ് വരുമാനമെങ്കില്‍ 5,000 രൂപയാണ് പിഴ. നിലവില്‍ 1.25 കോടിയിലേറെ റിട്ടേണുകള്‍ സമര്‍പ്പിക്കപ്പെട്ടതായി ആദായ നികുതി വകുപ്പ് പറയുന്നു.

നികുതി ദായകര്‍ക്കായി രണ്ടു സ്‌കീമുകളാക്കി തിരിച്ചുള്ള സൗകര്യം വന്നതോടെ പഴയ നികുതി ഘടനയിലോ പുതിയ സ്‌കീം പ്രകാരമോ ആണ് റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടത്. വ്യക്തിഗത വിവരങ്ങള്‍, നികുതി കണക്കുകള്‍, നിക്ഷേപം, വരുമാന രേഖകള്‍ തുടങ്ങിയവയാണ് റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ ഉള്‍പ്പെടുത്തേണ്ടത്.

പാൻ, ആധാർ എന്നിവയും സമർപ്പിക്കണം

റിട്ടേണിന് ഒപ്പം പാന്‍, ആധാര്‍ കാര്‍ഡ് എന്നിവയും ഉള്‍ക്കൊള്ളിക്കണം. ഐ.ടി.ആര്‍ വണ്‍, ഐ.ടി.ആര്‍ ടു, ഐ.ടി.ആര്‍ ത്രീ, ഐ.ടി.ആര്‍ ഫോര്‍ എന്നിങ്ങനെ നാലു ഫോമുകളാണ് നികുതി വിവരങ്ങള്‍ ബോധിപ്പിക്കാനായി ആദായനികുതി വകുപ്പ് പുറത്തിറക്കിയിട്ടുള്ളത്. വ്യക്തിഗത വരുമാനത്തിനനുസരിച്ച് റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ ഉപയോഗിക്കേണ്ട ഫോമുകളില്‍ വ്യത്യാസം വരും. ജൂലൈ 31നകം റിട്ടേണ്‍ ഫയല്‍ ചെയ്തില്ലെങ്കില്‍ ഓഗസ്റ്റ് ഒന്നുമുതല്‍ പിഴ ഒടുക്കണം.

Related Articles
Next Story
Videos
Share it