വ്യക്തിഗത വായ്പ എടുക്കും മുമ്പ് അറിയാം ഇക്കാര്യങ്ങള്‍

ഏതാവശ്യത്തിനും ഏറ്റവുമെളുപ്പത്തില്‍ ലഭ്യമാകുന്ന ഒന്നാണ് വ്യക്തിഗത വായ്പകള്‍. ഒരു വ്യക്തിയുടെ കടം വീട്ടാനുള്ള കഴിവും സാമ്പത്തിക പശ്ചാത്തലവും പരിശോധിച്ച ശേഷം പ്രീ അപ്രൂവ്ഡ് ആയി തന്നെ പല ബാങ്കുകളും വ്യക്തിഗത വായ്പകള്‍ നല്‍കുന്നു.

എളുപ്പത്തില്‍ ലഭ്യമാകുന്നു എന്നതു തന്നെയാണ് വ്യക്തിഗത വായ്പകളെ ആകര്‍ഷകമാക്കുന്നത്. ഈട് നല്‍കാതെ തന്നെ വായ്പ ലഭിക്കുന്നു എന്നത് മറ്റൊരാകര്‍ഷണം. നിങ്ങള്‍ സ്ഥിരമായി വരുമാനമുള്ള ഒരാളാണെങ്കില്‍ എക്കൗണ്ടുള്ള ബാങ്കിന്റെ മൊബീല്‍ ആപ്ലിക്കേഷന്‍ വഴി വ്യക്തിഗത വായ്പ സംബന്ധിച്ച ഓഫറുകള്‍ അറിയാനാകും. എളുപ്പത്തില്‍ ലഭ്യമാകുന്നതു കൊണ്ടു തന്നെ താരതമ്യേന കൂടിയ പലിശ നിരക്കും വ്യക്തിഗത വായ്പകള്‍ ഉണ്ടായേക്കാം.
വ്യക്തിഗത വായ്പയെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്.
എത്ര തുകയാണ് വേണ്ടത്
വ്യക്തിഗത വായ്പ എടുക്കുമ്പോള്‍ ആദ്യം ശ്രദ്ധിക്കേണ്ടത് എത്ര തുകയാണ് വായ്പ എടുക്കേണ്ടതെന്നും അത് എപ്പോള്‍ എടുക്കണം എന്നുമാണ്. ഇപ്പോള്‍ വീട് വാങ്ങുന്നതിനും കാര്‍ വാങ്ങുന്നതിനും കുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിനായി പോലും വ്യക്തിഗത വായ്പകളെ ആശ്രയിക്കുന്നവരുണ്ട്. ആവശ്യമായി വരുന്ന തുക കണക്കാക്കി അതനുസരിച്ച് മാത്രം എടുക്കുക.
പലിശയെ കുറിച്ച് അറിയാം
വ്യക്തിഗത വായ്പാ ഓഫര്‍ ലഭ്യമായ ഉടനെ വായ്പയെടുക്കാതെ വിവിധ ബാങ്കുകളുടെ പലിശ നിരക്ക് അറിയാം. ഒരേയാള്‍ക്ക് തന്നെ വിവിധ ബാങ്കുകള്‍ വാദ്ഗാനം ചെയ്യുന്നത് വ്യത്യസ്തമായ പലിശ നിരക്കായിരിക്കാം.
പ്രോസസിംഗ് ഫീസ്
മറഞ്ഞിരിക്കുന്ന ചെലവുകളിലൊന്നാണ് പ്രോസസിംഗ് ഫീസ്. ചില ബാങ്കുകള്‍ കുറഞ്ഞ പ്രോസസിംഗ് ഫീസ് മാത്രമേ ഈടാക്കൂ. അതു പോലെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം വായ്പ നേരത്തേ ക്ലോസ് ചെയ്യുന്നതിന് പ്രത്യേക ചാര്‍ജ് ഈടാക്കുന്നുണ്ടോ എന്നാണ്. ബാങ്കുകള്‍ക്കനുസരിച്ച് അത് വ്യത്യാസപ്പെട്ടിരിക്കും.
ക്രെഡിറ്റ് സ്‌കോര്‍ പ്രധാനം
മറ്റേതൊരു വായ്പയെയും പോലെ വായ്പ ലഭ്യമാകുന്നതിനുള്ള പ്രധാന മാനദണ്ഡം ക്രെഡിറ്റ് സ്‌കോര്‍ തന്നെ. ഉപഭോക്താവിന്റെ വരുമാനം, തിരിച്ചടവ് ശേഷി, നിലവിലുള്ള ബാധ്യതകള്‍ എന്നിവയെല്ലാം ക്രെഡിറ്റ് സ്‌കോറിനൊപ്പം ബാങ്ക് പരിശോധിക്കും. ക്രെഡിറ്റ് സ്‌കോര്‍ മികച്ചതാണെങ്കില്‍ മികച്ച പലിശ നിരക്കില്‍ വായ്പ ലഭിക്കുകയും ചെയ്യും.
സോഷ്യല്‍ മീഡിയയും ഘടകം
പല ബാങ്കുകളും ഇടപാടുകാരെ കുറിച്ച് അറിയാന്‍ ക്രെഡിറ്റ് സ്‌കോറും വരുമാനവും മറ്റും മാത്രമല്ല പരിഗണിക്കുക. അടുത്തിടെയായി പല ബാങ്കുകളും ബാങ്ക് സ്റ്റേറ്റ്‌മെന്റും സോഷ്യല്‍ മീഡിയ കോണ്‍ടാക്റ്റ് ഡീറ്റെയ്ല്‍സ് പോലും പരിഗണിക്കുന്നുണ്ട്.
ബാങ്കുകള്‍ അവരുടെ നയത്തിനും ഉപഭോക്താവിന്റെ ശേഷിക്കും അനുസരിച്ചാണ് വായ്പാ തുക നിശ്ചയിക്കുക. ബാങ്കുകള്‍ പൊതുവേ 40 രൂപ വരെയൊക്കെ വായ്പ അനുവദിക്കുമ്പോള്‍ ഫിന്‍ടെക് കമ്പനികള്‍ 50000 രൂപ മുതല്‍ അഞ്ചു ലക്ഷം രൂപ വരെയാണ് വായ്പ നല്‍കി വരുന്നത്. എന്നാല്‍ ഭവന വായ്പ, കാര്‍ വായ്പ, വിദ്യാഭ്യാസ വായ്പ തുടങ്ങിയവ പോലെ, എന്തിനു വേണ്ടി ഈ തുക വിനിയോഗിക്കണം എന്നതു സംബന്ധിച്ച് ഒരു നിര്‍ബന്ധവും ബാങ്കുകള്‍ക്കില്ല.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it