കിസാൻ വികാസ് പത്രയുടെ പലിശ നിരക്ക് 2023 ൽ ഉയരുമോ?
പോസ്റ്റ് ഓഫിസ് സമ്പാദ്യ പദ്ധതികളിൽ ആദായകരമായ ഒന്നാണ് കിസാൻ വികാസ് പത്ര. നിലവിൽ 7 ശതമാനം സംയുക്ത വാർഷിക പലിശയാണ് ലഭിക്കുന്നത്. 10 വർഷം 3 മാസം കൊണ്ട് നിക്ഷേപം ഇരട്ടിക്കും. ഓരോ ത്രൈമാസവും പലിശ നിരക്കിൽ മാറ്റം വരുത്തുന്നത്. റിസർവ് ബാങ്ക് പലിശ നിരക്കുകൾ വർധിപ്പിച്ച സാഹചര്യത്തിൽ ജനുവരി ഒന്നു മുതൽ പുതിയ നിരക്കുകൾ പ്രഖ്യാപിക്കുമെന്ന് നിക്ഷേപകർ കരുതുന്നു.
ഡിസംബർ 31 ന് ഇതു സംബന്ധിച്ച അറിയിപ്പ് ഉണ്ടാകാം. ബാങ്ക് സ്ഥിര നിക്ഷേപങ്ങളെക്കാൾ ഉയർന്ന പലിശ നിരക്കാണ് കിസാൻ വികാസ് പത്രയിൽ നിക്ഷേപിക്കുന്നവർക്ക് ലഭിച്ചിരുന്നത്. എന്നാൽ നിലവിൽ ചില ബാങ്കുകൾ കിസാൻ വികാസ് പത്രയെ ക്കാൾ കൂടുതൽ പലിശ ദീർഘ കാല നിക്ഷേപങ്ങൾക്ക് നൽകുന്നുണ്ട്.
കിസാൻ വികാസ് പത്രയിൽ നിക്ഷേപിക്കുന്നതിന് ഏറ്റവും കുറഞ്ഞ തുക 1000 രൂപയാണ്. ഉയർന്ന പരിധി ഈ പദ്ധതിക്ക് ബാധകമല്ല. 10 വയസിന് മുകളിൽ ഉള്ള കുട്ടികളുടെ പേരിലും കിസാൻ വികാസ് പത്രയിൽ നിക്ഷേപിക്കാം. കിസാൻ വികാസ് പത്ര ഈട് വെക്കാനും കൈമാറാനും സാധിക്കും. രണ്ടു വർഷം 6 മാസം കഴിഞ്ഞാൽ നിക്ഷേപം പിൻവലിക്കാൻ സാധിക്കും.