സാങ്കേതിക പിഴവുകൾ; എല്‍ഐസി ഐപിഒയിലെ ലക്ഷക്കണക്കിന് അപേക്ഷകള്‍ തള്ളിപ്പോവും
സങ്കേതികമായി വരുത്തിയ തെറ്റുകള്‍ മൂലം എല്‍ഐസി ഐപിഒയിലെ (LIC IPO) ഒരു ദശലക്ഷത്തിലധികം അപേക്ഷകള്‍ തള്ളിപ്പോയേക്കും. ഐപിഒയുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങളെ അധികരിച്ച് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ആകെ ലഭിച്ച 7.34 ദശലക്ഷത്തില്‍ 6-6.5 ദശലക്ഷം അപേക്ഷകള്‍ക്ക് മാത്രമാണ് സാധുതയുള്ളത് എന്നാണ് റിപ്പോര്‍ട്ട്.
ലിസ്റ്റിംഗിന് മുന്നോടിയായി ലഭിച്ചതില്‍ സാധുവായ അപേക്ഷകളുടെ എണ്ണം എല്‍ഐസി ഔദ്യോഗികമായി പുറത്തുവിടും. പിഴവുകള്‍ വരുത്തുന്ന അപേക്ഷകള്‍ തള്ളിക്കളയുന്നത് ഐപിഒയില്‍ പതിവാണ്. കഴിഞ്ഞ വര്‍ഷം നടന്ന സൊമാറ്റോ ഐപിഒയില്‍ റിട്ടെയില്‍ നിക്ഷേപകരില്‍ 30 ശതമാനത്തിന്റേതും ഇത്തരത്തില്‍ പിഴവുകള്‍ മൂലം തള്ളിക്കളഞ്ഞിരുന്നു.
പേര്, യുപിഐ, പാന്‍ കാര്‍ഡ് വിവരങ്ങള്‍ തെറ്റായി നല്‍കുന്നത്, മള്‍ട്ടിപ്പിള്‍ എന്‍ട്രി തുടങ്ങിയവ ഐപിഒ അപേക്ഷ ആസാധുവാകാന്‍ കാരണമാവുമെന്ന് ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കേഴ്‌സ് ചൂണ്ടിക്കാണിക്കുന്നു. യുപിഐ ഉപയോഗിച്ച് പേയ്‌മെന്റ് നടത്തുമ്പോള്‍ ബാങ്കുകളുടെ സെര്‍വര്‍ മൂലമുണ്ടാകുന്ന തടസങ്ങളും അപേക്ഷകള്‍ ആസാധുവാകാന്‍ കാരണമായേക്കാം.
21000 കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യമിട്ട് ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ നത്തിയ പ്രാരംഭ ഓഹരി വില്‍പ്പന സബ്‌സ്‌ക്രൈബ് ചെയ്തത് 2.95 തവണയാണ്. അതുകൊണ്ട് തന്നെ അസാധുവായ അപേക്ഷകള്‍ എല്‍ഐസി ഐപിഒയെ ബാധിക്കില്ല.ഐപിഒയില്‍ അപേക്ഷിച്ചവര്‍ക്ക് ഓഹരി അനുവദിക്കുന്നത് (LIC share allotment) നാളെയാണ്.
അപേക്ഷകരുടെ എണ്ണം കണക്കിലെടുത്ത് ഇലക്‌ട്രോണിക് നറുക്കെടുപ്പിലൂടെയാവും ഓഹരികള്‍ നല്‍കുക. ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച്, നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് എന്നിവയുടെ വെബ്‌സൈറ്റുകള്‍ വഴി ഓഹരികള്‍ ലഭിച്ചോ എന്ന് അറിയാം. വെബ്‌സൈറ്റുകളിലെ Status of Issue Application ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് പാന്‍ നമ്പറോ ഐപിഒ അപേക്ഷ നമ്പറോ നല്‍കിയാല്‍ വിവരങ്ങള്‍ അറിയാം. 16,20,78,067 ഓഹരികള്‍ എല്‍ഐസി, ഐപിഒയ്ക്ക് വച്ചപ്പോള്‍ 47,83,67,010 അപേക്ഷകളാണ് ലഭിച്ചത്.