Begin typing your search above and press return to search.
എല്‍.ഐ.സിയുടെ ലാഭത്തില്‍ 14 ഇരട്ടി വര്‍ദ്ധന; ഓഹരികളിലും നേട്ടം
കേന്ദ്ര പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍.ഐ.സി (LICI | 543526 INE0J1Y01017) നടപ്പുവര്‍ഷത്തെ (2023-24) ആദ്യപാദമായ ഏപ്രില്‍-ജൂണില്‍ രേഖപ്പെടുത്തിയത് മുന്‍വര്‍ഷത്തെ സമാനപാദത്തേക്കാള്‍ 1,299 ശതമാനം (ഏകദേശം 14 ഇരട്ടി) അധിക ലാഭം. 682 കോടി രൂപയില്‍ നിന്ന് 9,543 കോടി രൂപയായാണ് ലാഭം വര്‍ദ്ധിച്ചത്.
എന്നാല്‍, പാദാടിസ്ഥാനത്തില്‍ ഇക്കഴിഞ്ഞ ജനുവരി-മാര്‍ച്ചിലെ 13,428 കോടി രൂപയെ അപേക്ഷിച്ച് ലാഭം ഇടിഞ്ഞു. മുഖ്യ പ്രവര്‍ത്തന മേഖലയില്‍ (core business) വലിയ കുതിച്ചുചാട്ടം നടത്താനും എല്‍.ഐ.സിക്ക് സാധിച്ചിട്ടില്ലെന്ന് കമ്പനി സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. നിക്ഷേപങ്ങളില്‍ നിന്നുള്ള വരുമാനമാണ് ലാഭക്കുതിപ്പിന് സഹായിച്ചത്.
പ്രീമിയം വരുമാനത്തില്‍ നേരിയ വളര്‍ച്ച
അറ്റ പ്രീമിയം വരുമാനം (net premium income) 2022-23 ജൂണ്‍പാദത്തിലെ 98,351.76 കോടി രൂപയില്‍ നിന്ന് 98,362.75 കോടി രൂപ മാത്രമായാണ് വര്‍ദ്ധിച്ചത്. അതേസമയം, നിക്ഷേപങ്ങള്‍ വഴി നേടുന്ന വരുമാനം (income from investments) 69,571 കോടി രൂപയില്‍ നിന്ന് 30 ശതമാനം വര്‍ദ്ധിച്ച് 90,309 കോടി രൂപയായത് കമ്പനിക്ക് നേട്ടമായി.
പ്രവര്‍ത്തനേതര വരുമാനം (other income) 160.09 കോടി രൂപയില്‍ നിന്ന് 75.54 കോടി രൂപയായി കുറഞ്ഞു. ആദ്യ വര്‍ഷ പ്രീമിയം (first year premium) വരുമാനം 7,475.81 കോടി രൂപയില്‍ നിന്ന് 8 ശതമാനം കുറഞ്ഞ് 6,848.75 കോടി രൂപയുമായി.
വ്യക്തിഗത പോളിസി കുറഞ്ഞു
കഴിഞ്ഞ പാദത്തില്‍ 32.16 ലക്ഷം വ്യക്തിഗത പോളിസികളാണ് എല്‍.ഐ.സി വിതരണം ചെയ്തത്. 2022-23 ജൂണ്‍പാദത്തിലെ 36.81 ലക്ഷത്തേക്കാള്‍ കുറഞ്ഞു. പ്രീമിയം നിരക്കുകളില്‍ (ticket size model) വന്ന മാറ്റമാണ് പോളിസി വിതരണം കുറയാനിടയാക്കിയതെന്നും വരും മാസങ്ങളില്‍ വിതരണം കൂടുമെന്നാണ് കരുതുന്നതെന്നും എല്‍.ഐ.സി ചെ യർമാൻ സിദ്ധാർത്ഥ മൊഹന്തി പറഞ്ഞു.
എല്‍.ഐ.സിയുടെ മൊത്തം നിഷ്‌ക്രിയ ആസ്തി (GNPA) 5.84 ശതമാനത്തില്‍ നിന്ന് 2.48 ശതമാനമായി കുറഞ്ഞു. അറ്റ നിഷ്‌ക്രിയ ആസ്തി (NNPA) പൂജ്യമാണ്.
ഓഹരികളില്‍ നേട്ടം
ഇന്നലെ വ്യാപാരം അവസാനിച്ച ശേഷമാണ് എല്‍.ഐ.സി ജൂണ്‍പാദ പ്രവര്‍ത്തനഫലം പുറത്തുവിട്ടത്. ഇന്നലെ ഓഹരി വില 0.36 ശതമാനം നേട്ടത്തിലായിരുന്നു. ഇന്ന് ഓഹരി വില ഇപ്പോഴുള്ളത് 3.41 ശതമാനം നേട്ടത്തോടെ 664 രൂപയിലാണ്.
Next Story
Videos