മണപ്പുറം ഗ്രൂപ്പില്‍ നിന്നുള്ള മൈക്രോഫിനാന്‍സ് കമ്പനി ഓഹരി വിപണിയിലേക്ക്

മണപ്പുറം ഫിനാന്‍സിന്റെ മൈക്രോഫിനാന്‍സ് കമ്പനിയായ ആശിര്‍വാദ് മൈക്രോഫിനാന്‍സ് ഒരു വര്‍ഷത്തിനുള്ളില്‍ ഓഹരി വിപണിയിലെത്തിയേക്കും
മണപ്പുറം ഗ്രൂപ്പില്‍ നിന്നുള്ള മൈക്രോഫിനാന്‍സ് കമ്പനി ഓഹരി വിപണിയിലേക്ക്
Published on

സ്വര്‍ണപ്പണയ രംഗത്തെ രാജ്യത്തെ രണ്ടാമത്തെ വലിയ കമ്പനിയായ മണപ്പുറം ഫിനാന്‍സിന്റെ മൈക്രോഫിനാന്‍സ് കമ്പനി, ആശിര്‍വാദ് ഒരു വര്‍ഷത്തിനുള്ളില്‍ ഓഹരി വിപണിയിലെത്തിയേക്കും. ലോണ്‍ ബുക്കിന്റെ വലുപ്പത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ നാലാമത്തെ വലിയ മൈക്രോഫിനാന്‍സ് കമ്പനിയായ ആശിര്‍വാദ് മൈക്രോഫിനാന്‍സിന് 23 ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ സാന്നിധ്യമുണ്ട് 25 ലക്ഷം ഇടപാടുകാരാണ് കമ്പനിക്കുള്ളത്.

ചെന്നൈ ആസ്ഥാനമായി 2008ല്‍ സ്ഥാപിതമായ ആശിര്‍വാദ് മൈക്രോഫിനാന്‍സിനെ 2015 ഫെബ്രുവരിയിലാണ് വി പി നന്ദകുമാര്‍ സാരഥ്യം നല്‍കുന്ന മണപ്പുറം ഫിനാന്‍സ് ഏറ്റെടുക്കുന്നത്.

മണപ്പുറം ഫിനാന്‍സ്, ആശിര്‍വാദ് മൈക്രോഫിനാന്‍സിനെ ഏറ്റെടുക്കുമ്പോള്‍ ലോണ്‍ ബുക്കിന്റെ വലുപ്പം 300 കോടി രൂപയായിരുന്നു. ഇന്ന് 5,360 കോടി രൂപയായി അത് വന്‍ വളര്‍ച്ച നേടിയിരിക്കുന്നു. തമിഴ്‌നാട്, കേരളം, കര്‍ണാടക എന്നിവിടങ്ങളിലായി 115 ശാഖകളുണ്ടായിരുന്ന കമ്പനിക്ക് ഇന്ന് 1,030 ശാഖകളുണ്ട്.

വളര്‍ച്ചയുറപ്പാക്കുന്ന തന്ത്രം

സ്വര്‍ണപ്പണയ വായ്പാ രംഗത്ത് പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള മണപ്പുറം ഫിനാന്‍സ്, മൈക്രോഫിനാന്‍സ് രംഗത്തേക്ക് ആശിര്‍വാദ് മൈക്രോഫിനാന്‍സിനെ ഏറ്റെടുത്തുകൊണ്ട് കടന്നത് വ്യക്തമായ കാഴ്ചപ്പാടോടെയാണ്. ''രാജ്യത്ത് ഇപ്പോഴും സാമ്പത്തിക സേവനങ്ങള്‍ വേണ്ട വിധം കടന്നെത്താത്ത ജനവിഭാഗങ്ങളുണ്ട്.

ഇവര്‍ക്ക് ഏറ്റവും മികച്ച സേവനങ്ങള്‍, നവീന സാങ്കേതിക വിദ്യകളുടെ പിന്‍ബലത്തില്‍ ലഭ്യമാക്കാന്‍ സാധിച്ചാല്‍, സാമ്പത്തിക ഉള്‍ച്ചേര്‍ക്കല്‍ എന്ന വലിയ ലക്ഷ്യം നേടിയെടുക്കാനാകും. സമൂഹത്തിലെ എല്ലാതലത്തിലുമുള്ളവരുടെ സാമ്പത്തിക ഉന്നതി ഉറപ്പാക്കാനുമാകും,'' മുന്‍പ് ധനത്തിന് അനുവദിച്ച അഭിമുഖത്തില്‍ വി പി നന്ദകുമാര്‍ വ്യക്തമാക്കി.

2020 ഡിസംബറില്‍ അവസാനിച്ച നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാംപാദത്തില്‍ ആശിര്‍വാദിന്റെ ലോണ്‍ ബുക്ക് തൊട്ടുമുന്‍വര്‍ഷത്തെ അതേ പാദത്തെ അപേക്ഷിച്ച് 6.68 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഇന്ന് മണപ്പുറം ഫിനാന്‍സിന് കീഴിലെ പ്രമുഖ ഉപസ്ഥാപമാണ് ആശിര്‍വാദ്. മികച്ച വാല്വേഷന്‍ വന്നാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ ആശിര്‍വാദ് മൈക്രോഫിനാന്‍സിന്റെ ലിസ്റ്റിംഗ് നടത്തുമെന്ന് നന്ദകുമാര്‍ ദേശീയ വാര്‍ത്താ ഏജന്‍സിയോട് വ്യക്തമാക്കിയിട്ടുണ്ട്.

രാജ്യത്തെ ദരിദ്ര ജനവിഭാഗങ്ങള്‍ക്ക് ഇപ്പോഴും ബാങ്ക് വായ്പകള്‍ കിട്ടാക്കനിയായതിനാല്‍ മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍ക്ക് വലിയ സാധ്യതയാണുള്ളത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ആശിര്‍വാദ് മൈക്രോഫിനാന്‍സിന്റെ ലാഭത്തില്‍ കുറവ് വന്നിരുന്നുവെങ്കിലും 2022 സാമ്പത്തിക വര്‍ഷത്തില്‍ അറ്റവരുമാനത്തില്‍ വലിയ വര്‍ധനയുണ്ടാകുമെന്ന പ്രതീക്ഷയാണ് വി പി നന്ദകുമാര്‍ പങ്കുവെയ്ക്കുന്നത്.

പൂര്‍ണമായും ഡിജിറ്റല്‍ സാങ്കേതിക വിദ്യകള്‍ ഉള്‍ക്കൊള്ളിച്ചുള്ള പ്രവര്‍ത്തനമാണ് ആശിര്‍വാദ് മൈക്രോഫിനാന്‍സിന്റേത്. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വായ്പകള്‍ അനുവദിക്കാനുള്ള സംവിധാനം നിലവില്‍ കമ്പനിയിലുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com