വെള്ളി ഇ.ടി.എഫില്‍ നിക്ഷേപിക്കാന്‍ അവസരം, കുറഞ്ഞ നിക്ഷേപം 5,000 രൂപ

മിറെ അസറ്റ് (Mirae Asset Silver ETF) സില്‍വര്‍ എക്‌സ് ചേഞ്ച് ട്രേഡഡ് ഫണ്ട് ആരംഭിച്ചു. ന്യൂ ഫണ്ട് ഓഫറില്‍ ജൂണ്‍ 6 വരെ അപേക്ഷിക്കാം. കുറഞ്ഞ നിക്ഷേപം 5000 രൂപ.ബി.എസ്.ഇ, എന്‍.എസ്.ഇ സ്റ്റോക്ക് എക്‌സ് ചേഞ്ചുകളില്‍ സില്‍വര്‍ ഇ.ടി.എഫ് ലിസ്റ്റ് ചെയ്യും. ജൂണ്‍ 12 മുതല്‍ എക്‌സ് ചേഞ്ച് വഴി വില്‍ക്കാനും വാങ്ങാനും സാധിക്കും.

വെള്ളിയുടെ വിലയില്‍ ഉണ്ടാകുന്ന വ്യതിയാനങ്ങള്‍ക്ക് അനുസരിച്ച് നിക്ഷേപകര്‍ക്ക് ആദായം നേടാനാകുമെന്നതാണ് വെള്ളി ഇ.ടി.എഫുകളുടെ പ്രത്യേകത. മിറെ അസറ്റ് സില്‍വര്‍ ഇ.ടി.എഫ് നിക്ഷേപങ്ങള്‍ 99.9 ശതമാനം പരിശുദ്ധിയുള്ള വെള്ളി വാങ്ങാനാണ് കമ്പനി ഉപയോഗപ്പെടുത്തുന്നത്.

കഴിഞ്ഞ മൂന്ന് വര്‍ഷം സില്‍വര്‍ ഇ.ടി.എഫുകളുടെ ആസ്തി 35 ശതമാനം സംയുക്ത വാര്‍ഷിക വളര്‍ച്ച നിരക്ക് കൈവരിച്ചു. മൊത്തം ആസ്തി 24,718 കോടി രൂപയായി. പണപ്പെരുപ്പം, ഡോളര്‍ മൂല്യ വ്യതിയാനങ്ങള്‍ നേരിടാനുള്ള ഹെഡ്ജായും (hedge) ആദായകരമായ നിക്ഷേപമായും വെള്ളിയെ നിക്ഷേപകര്‍ക്ക് ഉപയോഗപ്പെടുത്താം. കഴിഞ്ഞ അഞ്ചുവര്‍ഷത്തില്‍ സ്വര്‍ണത്തിന് തുല്യമായ ആദായം വെള്ളിയും നല്‍കിയിട്ടുണ്ട്.

വ്യവസായിക ആവശ്യങ്ങള്‍ക്കും ആഭരണ നിര്‍മാണത്തിനുമാണ് പ്രധാനമായും വെള്ളി ഉപയോഗിക്കുന്നത്. ഇലക്ട്രോണിക്‌സ്, സൗരോര്‍ജ വ്യവസായം എന്നിവ കൂടുതല്‍ വെള്ളി ഉപയോഗിക്കുന്നത് വെള്ളിയുടെ ഡിമാന്‍ഡ് വര്‍ധിപ്പിക്കുന്നു. മൊത്തം വെള്ളി ആവശ്യകതയുടെ 50 ശതമാനം വ്യവസായിക മേഖലയില്‍ നിന്നാണ്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it