എല്‍ഐസിയുടെ ചെയര്‍മാനായി എംആര്‍ കുമാര്‍ തുടരും

കേന്ദ്രസര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്റെ ചെയര്‍മാനായി എംആര്‍ കുമാര്‍ തുടരും. 2022 മാര്‍ച്ച് 13 വരെയാണ് അദ്ദേഹത്തിന്റെ ചെയര്‍മാന്‍ കാലാവധി നീട്ടിയത്. ഇതിന് കാബിനറ്റ് നിയമന സമിതി അംഗീകാരവും നല്‍കി. 2020 ജൂണ്‍ 30ന് എംആര്‍ കുമാറിന്റെ ചെയര്‍മാന്‍ കാലാവധി അവസാനിക്കാനിരിക്കെയാണ് തീരുമാനം.

എംആര്‍ കുമാറിന്റെ ചെയര്‍മാന്‍ കാലാവധി നീട്ടണമെന്ന് ധനകാര്യ സേവന വകുപ്പ് നിര്‍ദേശിച്ചിരുന്നു. ഇതേതുടര്‍ന്നാണ് കാബിനറ്റ് നിയമന സമിതി അംഗീകാരം നല്‍കിയത്. അദ്ദേഹം ചെയര്‍മാനായി മൂന്നുവര്‍ഷം തികയുന്ന 2022 മാര്‍ച്ച് 13 വരെയോ, അല്ലെങ്കില്‍ മറ്റ് ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നത് വരെയോ കാലാവധി ദീര്‍ഘിപ്പിച്ചിട്ടുണ്ട്.
ഈ സാമ്പത്തിക വര്‍ഷത്തില്‍ എല്‍ഐസിയുടെ ഐപിഒ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുമെന്ന് നേരത്തെ ബജറ്റില്‍ വ്യക്തമാക്കിയിരുന്നു. ഇതിനിടയിലാണ് ചെയര്‍മാന്‍ എംആര്‍ കുമാറിന്റെ കാലാവധി നീട്ടിയത്. ഐപിഒയ്ക്കായി സര്‍ക്കാര്‍ ഇതിനകം തന്നെ എല്‍ഐസിയുടെ മൂല്യനിര്‍ണയ പ്രക്രിയ ആരംഭിച്ചിട്ടുണ്ട്. കൂടാതെ സര്‍ക്കാറിന്റെ വിവിധ വകുപ്പുകള്‍ ഈ പ്രക്രിയ വേഗത്തിലാക്കുന്നുവെന്നും അതിനാല്‍ ഉടന്‍ തന്നെ ഇനിഷ്യല്‍ പബ്ലിക് ഓഫറിംഗ് നടത്തുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മലയാളി കൂടിയായ എംആര്‍ കുമാര്‍ 2019ലാണ് എല്‍ഐസിയുടെ ചെയര്‍മാന്‍ പദവിയിലെത്തിയത്.Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it