മുത്തൂറ്റ് ഫിനാന്‍സ് കടപ്പത്രങ്ങള്‍ക്ക് വന്‍ സ്വീകരണം; ആദ്യ ദിനത്തില്‍ തന്നെ ലക്ഷ്യമിട്ടതിലേറെ തുക സമാഹരിച്ചു

സെപ്റ്റംബര്‍ 21ന് ആരംഭിച്ച ഇഷ്യു ഒക്ടോബര്‍ 6ന് അവസാനിക്കും
muthoot finance branch
Published on

മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡിന്റെ 32-ാമത് കടപ്പത്ര സീരീസ് (Non Convertible Debentures /NCD) ആദ്യദിനം തന്നെ 7.7മടങ്ങ്‌ ഓവര്‍സബ്‌സ്‌ക്രൈബ്ഡ് ആയതായി മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ് അറിയിച്ചു. നോണ്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ നിക്ഷേപകര്‍ 11.12 മടങ്ങും ഉയര്‍ന്ന ആസ്തിയുള്ള വ്യക്തികള്‍ (HNI) 7.27മടങ്ങും റീറ്റെയ്ല്‍ നിക്ഷേപകര്‍ 7.32 മടങ്ങുമാണ് സബ്‌സ്‌ക്രൈബ് ചയ്തത്.

1,000 രൂപ മുഖ വിലയുള്ള എന്‍.സി.ഡികള്‍ വഴി 700 കോടി രൂപ സമാഹരിക്കാനായിരുന്നു ലക്ഷ്യം. 100 കോടി രൂപയാണ് ഇഷ്യുവിന്റെ അടിസ്ഥാന തുക. ഇതിനു പറമെ അധികമായി സമാഹരിക്കുന്ന 600 കോടി കൈവശം വെക്കാനുള്ള അവകാശത്തോടെയാണ് 700 കോടി രൂപ സമാഹരിക്കാനാവുക.

നിക്ഷേപകര്‍ക്ക് 8.75 ശതമാനം മുതല്‍ 9 ശതമാനം വരെ വിവിധ പലിശ നിരക്കുകള്‍ ലഭ്യമാക്കുന്ന ഏഴ് നിക്ഷേപ ഓപ്ഷനുകളാണുള്ളത്. മാസത്തിലോ, വര്‍ഷത്തിലോ, കാലാവധി പൂര്‍ത്തിയാകുമ്പോഴോ പലിശ ലഭ്യമാക്കാം.

സെപ്റ്റംബര്‍ 21 മുതല്‍ ഒക്ടോബര്‍ 6 വരെയാണ് ഇഷ്യ. ഐ.സി.ആര്‍.എ (ICRA) AA+ സ്‌റ്റേബിള്‍ റേറ്റിംഗ് എന്‍.സി.ഡിക്ക് നല്‍കിയിട്ടുണ്ട്. സാമ്പത്തിക ബാധ്യതകള്‍ക്കു സമയത്തു സേവനം നല്‍കുന്ന കാര്യത്തില്‍ ഉയര്‍ന്ന സുരക്ഷിതത്വമാണ് ഈ റേറ്റിംഗിലൂടെ സൂചിപ്പിക്കുന്നത്. 

എന്താണ് എന്‍.സി.ഡികള്‍?

പബ്ലിക് ഇഷ്യു അഥവാ പ്രൈവറ്റ് പ്ലെയ്‌സ്‌മെന്റ് വഴി ധനസമാഹരണം നടത്താന്‍ ഒരു പ്രത്യേക കാലാവധിയിലേക്ക് ഇഷ്യു ചെയ്യുന്ന സാമ്പത്തിക ഉപകരണങ്ങളാണ് നോണ്‍-കണ്‍വെര്‍ട്ടബിള്‍ ഡിബഞ്ചറുകള്‍ അഥവാ എന്‍.സി.ഡി. ഓഹരികള്‍ ആക്കി മാറ്റാനാകാത്ത കടപത്രങ്ങളാണിവ. ബാങ്ക് സ്ഥിര നിക്ഷേപം പോലുള്ള സ്ഥിര നിക്ഷേപമാണിത്. എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള ചില എന്‍.സി.ഡികള്‍ക്ക് ഓഹരി വിപണിയില്‍ വ്യാപാരം ചെയ്യാനാകും.

നേട്ടം, നികുതി

സാധാരണ ബാങ്ക് സ്ഥിര നിക്ഷേപങ്ങളേക്കാള്‍ ഉയര്‍ന്ന പലിശ നിരക്കാണ് എന്‍.സി.ഡികള്‍ വാഗ്ദാനം ചെയ്യുന്നത്. അതിനാല്‍ ബാങ്കുകളുടെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ എന്‍.സി.ഡി നിക്ഷേപങ്ങള്‍ ആകര്‍ഷകമാണ്. വിപണിയില്‍ ലിസ്റ്റ് ചെയ്യുന്നതിനാല്‍ ആവശ്യമുള്ളപ്പോള്‍ വിറ്റുമാറാം എന്നതും എന്‍.സി.ഡിയെ മികച്ച നിക്ഷേപ മാര്‍ഗമാക്കുന്നു.

എന്നാല്‍ സ്ഥിര നിക്ഷേപങ്ങളില്‍ നിന്ന് വ്യത്യസ്തമായി എന്‍.സി.ഡികളില്‍ നിന്നുള്ള നേട്ടത്തിന് (Return) ഉറപ്പില്ല. കമ്പനി ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക പ്രതിസന്ധികളില്‍ അകപ്പെട്ടാല്‍ എന്‍.സി.ഡിയിലെ നിക്ഷേപ തുക തിരികെ ലഭിച്ചെന്നു വരില്ല. അതുകൊണ്ട് ഓരോ എന്‍.സി.ഡിയുടേയും ക്രെഡിറ്റ് റേറ്റിംഗ് നോക്കി വേണം നിക്ഷേപം.

എന്‍.സി.ഡികളില്‍ നിന്നു ലഭിക്കുന്ന പലിശ വരുമാനത്തിന് നികുതി ബാധകമാണ്. നിക്ഷേപകന്റെ ആദായ നികുതി സ്ലാബ് അനുസരിച്ച് നികുതി നല്‍കണം.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com