മുത്തൂറ്റ് ഫിനാന്‍സിന് 1,965 കോടി രൂപ അറ്റാദായം

മുത്തൂറ്റ് ഫിനാന്‍സിന് നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 1965 കോടി രൂപ അറ്റാദായം. 13 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. സംയോജിത അറ്റാദായം വാര്‍ഷികാടിസ്ഥാനത്തില്‍ 11 ശതമാനം വര്‍ധിച്ച് 1,981 കോടി രൂപയിലും എത്തിയിട്ടുണ്ട്. ആകെ കൈകാര്യം ചെയ്യുന്ന സംയോജിത ആസ്തികള്‍ 17 ശതമാനം വര്‍ധിച്ച് 60,919 കോടി രൂപയിലെത്തി.

നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം ത്രൈമാസത്തിലെ അറ്റാദായം വാര്‍ഷികാടിസ്ഥാനത്തില്‍ 11 ശതമാനം വര്‍ധിച്ച് 994 കോടി രൂപയിലെത്തി. കൈകാര്യം ചെയ്യുന്ന ആകെ ആസ്തികളില്‍ രണ്ടാം ത്രൈമാസത്തില്‍ അഞ്ചു ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിട്ടുളളത്.

മുത്തൂറ്റ് ഹോംഫിന്‍ 0.71 കോടി രൂപയും ബെല്‍സ്റ്റാര്‍ മൈക്രോ ഫിനാന്‍സ് നാലു കോടി രൂപയും മുത്തൂറ്റ് ഇന്‍ഷുറന്‍സ് ബ്രോക്കേഴ്‌സ് ഒന്‍പതു കോടി രൂപയും മുത്തൂറ്റ് മണി 0.80 കോടി രൂപയും ശ്രീലങ്ക അടിസ്ഥാനമായുള്ള സബ്‌സിഡിയറിയായ ഏഷ്യ അസറ്റ് ഫിനാന്‍സ് മൂന്നു കോടി എല്‍കെആറുമാണ് അറ്റാദായമുണ്ടാക്കിയതെന്ന് സാമ്പത്തിക ഫലങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

കോവിഡ് രണ്ടാം തരംഗം നിയന്ത്രണവിധേയമാകുകയും സമ്പദ്ഘടന കൂടുതലായി തുറക്കുകയും ചെയ്തതോടെയാണ് ഇന്ത്യന്‍ കോര്‍പ്പറേറ്റ് മേഖലയും കൂടുതല്‍ ശക്തമാകുന്നതെന്ന് മുത്തൂറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ ജോര്‍ജ്ജ് ജേക്കബ്ബ് മുത്തൂറ്റ് പറഞ്ഞു. വളര്‍ച്ചയുടെ വേഗം നിലനിര്‍ത്താന്‍ തങ്ങള്‍ക്കായിട്ടുണ്ടെന്നും എല്ലാ ശാഖകളും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ സ്വര്‍ണ പണയ മേഖലയിലുണ്ടാകാന്‍ പോകുന്ന വളര്‍ച്ചയെ കുറിച്ച് ശുഭാപ്തി വിശ്വാസമാണ് തങ്ങള്‍ പുലര്‍ത്തുന്നതെന്ന് മുത്തൂറ്റ് ഫിനാന്‍സ് മാനേജിങ് ഡയറക്ടര്‍ ജോര്‍ജ്ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു. മൈക്രോ ഫിനാന്‍സ്, വാഹന വായ്പ, ഭവന വായ്പ തുടങ്ങിയ മേഖലകളിലും മികച്ച ശേഖരണമാണു തങ്ങള്‍ക്കുള്ളത്. മൊത്തത്തിലുള്ള ആസ്തി നിലവാരം നിലനിര്‍ത്തിക്കൊണ്ടുള്ള സന്തുലിതമായ വളര്‍ച്ച എന്ന തന്ത്രമായിരിക്കും തങ്ങള്‍ തുടരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it