മുത്തൂറ്റ് മിനി കടപ്പത്ര വിതരണം തുടങ്ങി; 10 ശതമാനം വരെ വാര്‍ഷിക ആദായം

ബാങ്കിതര ധനകാര്യ കമ്പനിയായ മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് കടപ്പത്ര വില്‍പ്പന തുടങ്ങി. ഓഹരിയാക്കി മാറ്റാന്‍ സാധിക്കാത്ത കടപ്പത്ര (എന്‍.സി.ഡി) വിതരണത്തിലൂടെ 250 കോടി രൂപ വരെ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

1000 രൂപയാണ് മുഖവില. ഈ കടപ്പത്ര നിക്ഷേപത്തിലൂടെ ഉപഭോക്താക്കള്‍ക്ക് വിവിധ കാലപരിധികളിലായി 8.30 ശതമാനം മുതല്‍ 10 ശതമാനം വരെ ഫലപ്രദമായ വാര്‍ഷിക ആദായം നേടാം.
മേയ് 17ന് കടപ്പത്ര വിതരണം അവസാനിക്കും. ഈ കടപ്പത്രങ്ങള്‍ക്ക് കെയര്‍ റേറ്റിങ്സ് ലിമിറ്റഡിന്റെ 'കെയര്‍ ട്രിപ്പിള്‍ ബി പ്ലസ്; സ്റ്റേബിള്‍' ക്രെഡിറ്റ് റേറ്റിംഗും ലഭിച്ചിട്ടുണ്ട്. ഈ കടപ്പത്രങ്ങള്‍ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്യും. വിവിധ നിരക്കുകളിലായി ആറ് നിക്ഷേപ ഓപ്ഷനുകളിലാണ് കടപ്പത്രങ്ങള്‍ ലഭ്യമാക്കിയിട്ടുള്ളത്. 480 ദിവസം മുതല്‍ 66 മാസം വരെയാണ് കാലപരിധികള്‍.
സ്വര്‍ണ വായ്പാ രംഗത്ത് മുന്‍നിരയിലുള്ള മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സിന് 2021 ഡിസംബര്‍ 31 വരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്തുടനീളം 4,22,073 സ്വര്‍ണ വായ്പാ ഉപഭോക്താക്കളുണ്ട്.
പ്രധാനമായും ഗ്രാമീണ, അര്‍ദ്ധ നഗര മേഖലകളില്‍ നിന്നുള്ള ഈ സ്വര്‍ണ വായ്പാ അക്കൗണ്ടുകളിലായി 2,189.85 കോടി രൂപയുടെ വായ്പകള്‍ വിതരണം ചെയ്തു. കമ്പനിയുടെ മൊത്തം വായ്പകളുടെ 97.40 ശതമാനമാണിത്. മുന്‍ സാമ്പത്തിക വര്‍ഷം സ്വര്‍ണ വായ്പയില്‍ നിന്നുള്ള കമ്പനിയുടെ ആദായം 19.06 ശതമാനമാണ്.
സ്വര്‍ണ വായ്പാ ബിസിനസിനു പുറമെ കമ്പനിക്ക് മൈക്രോ ഫിനാന്‍സ് വായ്പ, മണി ട്രാന്‍സ്ഫര്‍, ഇന്‍ഷുറന്‍സ് ഏജന്‍സി , പാന്‍ കാര്‍ഡ് സര്‍വീസ് , ട്രാവല്‍ ഏജന്‍സി സേവനങ്ങളും നല്‍കുന്നുണ്ട്.


Related Articles

Next Story

Videos

Share it