Begin typing your search above and press return to search.
അറ്റാദായത്തില്‍ 45 ശതമാനം വര്‍ധനവുമായി മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ്
2021-22 സാമ്പത്തിക വര്‍ഷത്തിലെ അറ്റാദായത്തില്‍ മികച്ച നേട്ടവുമായി മുന്‍നിര ബാങ്കിതര ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ്. കമ്പനി കൈകാര്യം ചെയ്യുന്ന ആസ്തിയില്‍ 25.29 ശതമാനവും വാര്‍ഷിക അറ്റാദായത്തില്‍ 45 ശതമാനവും വളര്‍ച്ചയാണ് കമ്പനി നേടിയത്. 46.29 കോടി രൂപയാണ് കഴിഞ്ഞസാമ്പത്തിക വര്‍ഷത്തെ അറ്റാദായം. കമ്പനിയുടെ സംയോജിത ആസ്തി 1994.21 കോടി രൂപയില്‍ നിന്ന് 2498.60 കോടി രൂപയായും വര്‍ധിച്ചു.
കോവിഡ് സൃഷ്ടിച്ച പ്രതിബന്ധങ്ങള്‍ ഉണ്ടായിരുന്നങ്കിലും ഈ സാമ്പത്തിക വര്‍ഷം പ്രതീക്ഷാവഹമായ പ്രകടനം കാഴ്ചവെക്കാന്‍ കഴിഞ്ഞതായി മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ മാത്യൂ മുത്തൂറ്റ് പറഞ്ഞു. 'ബിസിനസിലും ലാഭസാധ്യതയിലും കാര്യമായ വളര്‍ച്ച കൈവരിക്കുന്നതിലും എക്കാലത്തേയും ഉയര്‍ന്ന വാര്‍ഷിക നേട്ടം കൊയ്യുന്നതിലും കമ്പനി വിജയിച്ചു. പുതിയ കാലത്തിന് അനുയോജ്യമായ തരത്തില്‍ ഞങ്ങളുടെ ഡിജിറ്റല്‍ പ്ലാറ്റ്ഫോം നവീകരിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്തു' അദ്ദേഹം പറഞ്ഞു.
കമ്പനിയുടെ പ്രവര്‍ത്തന വരുമാനത്തില്‍ 16.49 ശതമാനം വാര്‍ഷിക വര്‍ധനവാണ് രേഖപ്പെടുത്തിയത്. മുന്‍വര്‍ഷം 368.22 കോടി രൂപയായിരുന്നെങ്കില്‍ ഇത്തവണ 428.95 കോടി രൂപയിലെത്തി. നിഷ്‌ക്രിയ ആസ്തി നിലയും കമ്പനി മെച്ചപ്പെടുത്തി. മൊത്ത നിഷ്‌ക്രിയ ആസ്തി 0.61 ശതമാനവും അറ്റ നിഷ്‌ക്രിയ ആസ്തി 0.52 ശതമാനവുമാണ്. 2021-22 വര്‍ഷത്തില്‍ കടപ്പത്ര വിതരണത്തിലൂടെ 243 കോടി രൂപയും കമ്പനി സമാഹരിച്ചു. മെച്ചപ്പെട്ട ക്രെഡിറ്റ് റേറ്റിങും നേടി.
മുത്തൂറ്റ് എം മാത്യൂ ഗ്രൂപ്പിന്റെ മുഖ്യകമ്പനിയായ മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സിന് കീഴില്‍ 2022 മാര്‍ച്ച് 31 വരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്തുടനീളം 826 ശാഖകളും 3500ലേറെ ജീവനക്കാരും ഉണ്ട്.
Next Story
Videos