എം.എസ്.എം.ഇ, ഇരുചക്ര വാഹന വായ്പകളിലേക്കും കടക്കാന്‍ മുത്തൂറ്റ് മിനി
പ്രമുഖ ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ (എന്‍.ബി.എഫ്.സി) മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സ് (Muthoottu Mini Financiers) 2025ഓടെ എം.എസ്.എം.ഇ (സൂക്ഷ്മ ചെറുകിട ഇടത്തരം സ്ഥാപനങ്ങള്‍), ഇരുചക്ര വാഹന വായ്പകളിലേക്കും കടക്കുമെന്ന് മാനേജിംഗ് ഡയറക്ടര്‍ മാത്യു മുത്തൂറ്റ്. കമ്പനി കൈകാര്യം ചെയ്യുന്ന ആസ്തി (assets under management /AUM) 2025ഓടെ നിലവിലെ 4,500 കോടി രൂപയില്‍ നിന്ന് 7,000 കോടി രൂപയാക്കി വര്‍ധിപ്പിക്കാനും പദ്ധതിയിടുന്നുണ്ടെന്ന് മണി കണ്‍ട്രോളിന് നല്‍കിയ അഭിമുഖത്തില്‍ മാത്യു വെളിപ്പെടുത്തി.
ഇന്‍ഷുറന്‍സ്, മണി ട്രാന്‍സ്ഫര്‍ ബിസിനസിലും സജീവമായ കമ്പനി ഈ മേഖലകളില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത് തുടരും. കൈകാര്യം ചെയ്യുന്ന ആസ്തി വളർച്ചാ പ്രതീക്ഷയ്‌ക്കൊപ്പമെത്തിയ ശേഷമുള്ള പാദങ്ങളില്‍ ശാഖ വിപുലീകരണത്തിനും ഡിജിറ്റല്‍ നിക്ഷേപങ്ങള്‍ക്കും കമ്പനി പ്രാധാന്യം കൊടുക്കുമെന്നും മാത്യു പറയുന്നു. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 50-100 ശാഖകള്‍ തുറക്കാന്‍ പദ്ധതിയിടുന്നുണ്ട്. ഇതോടെ ശാഖകളുടെ മൊത്തം എണ്ണം 950 ആകും. ശരാശരി ശാഖാ വരുമാനം നിലവിലെ മൂന്ന് കോടി രൂപയില്‍ നിന്ന് 4-5 കോടി രൂപയാക്കി ഉയര്‍ത്താനും ഉദ്ദേശിക്കുന്നുണ്ട്.