യു.പി.ഐ ലൈറ്റ് വഴി പിന്‍ ഇല്ലാതെ ഇനി 500 രൂപ വരെ അയക്കാം

നിര്‍മിത ബുദ്ധി ഉപയോഗിച്ച് യു.പി.ഐ വഴിയുള്ള പണമിടപാടുകള്‍ക്കായി സംഭാഷണ സംവിധാനം ഉള്‍പ്പെടുത്താനും നിർദേശം

യു.പി.ഐ (യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ്) ലൈറ്റിന്റെ ഇടപാട് പരിധി 200 രൂപയില്‍ നിന്ന് 500 രൂപയായി വര്‍ധിപ്പിച്ച് റിസര്‍വ് ബാങ്ക്. ഇനി യു.പി.ഐ ലൈറ്റ് എക്കൗണ്ടില്‍ നിന്ന് പിന്‍ നല്‍കാതെ ഒറ്റ ക്ലിക്കിലൂടെ 500 രൂപയില്‍ താഴെയുള്ള ചെറിയ പണമിടപാടുകള്‍ വേഗത്തില്‍ നടത്താനാകും. ചെറിയ പണമിടപാടുകള്‍ വേഗത്തിലാക്കുന്നതിനാണ് യു.പി.ഐ ലൈറ്റ് അവതരിപ്പിച്ചത്.

ബോധവല്‍ക്കരണം ആവശ്യം

യു.പി.ഐ ഇടപാടുകളുടെ കണക്കിലേക്ക് വലിയ സംഭാവന നല്‍കാന്‍ കഴിയുന്ന യു.പി.ഐ ലൈറ്റിനെ കുറിച്ച് പലരും ബോധവാന്‍മാരല്ല എന്നൊരു പ്രശ്‌നം നിലനില്‍ക്കുന്നുണ്ട്. യു.പി.ഐ ലൈറ്റിനെ ബാങ്കുകളും, എന്‍.പി.സി.ഐയും (National Payments Corporation of India) മറ്റും കഴിയുന്നത്ര പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്ന് വിദഗ്ദര്‍ പറയുന്നു. ഉപയോക്താക്കള്‍ക്കിടയിലും വ്യാപാരികള്‍ക്കിടയിലും ഇതേ കുറിച്ച് ബോധവല്‍ക്കരണ കാമ്പയ്‌നുകള്‍ നടത്തണമെന്ന് ആവശ്യവും ഉയരുന്നുണ്ട്.

Also Read: പലിശഭാരം കൂട്ടാതെ റിസര്‍വ് ബാങ്ക്; ഇ.എം.ഐ തത്കാലം ഉയരില്ല

ഡിജിറ്റല്‍ പണമിടപാട് വ്യാപനം വര്‍ധിക്കും

യു.പി.ഐ ലൈറ്റിന്റെ പരിധി വര്‍ധിപ്പിച്ചത് കൂടാതെ നിര്‍മിത ബുദ്ധി ഉപയോഗിച്ച് യു.പി.ഐ വഴിയുള്ള പണമിടപാടുകള്‍ക്കായി സംഭാഷണ സംവിധാനം ഉള്‍പ്പെടുത്താനും യു.പി.ഐ ലൈറ്റ് വഴി ഓഫ്ലൈന്‍ പണമിടപാടുകള്‍ നടത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിച്ചു. പുതിയ സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തികൊണ്ടുള്ള ഈ മാറ്റങ്ങളെല്ലാം രാജ്യത്തെ ഡിജിറ്റല്‍ പണമിടപാടുകളുടെ വ്യാപനത്തെ കൂടുതല്‍ ആഴത്തിലാക്കുമെന്നും പണനയ കമ്മിറ്റിയുടെ തീരുമാനങ്ങള്‍ പ്രഖ്യാപിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.



Related Articles
Next Story
Videos
Share it