എത്തുന്നു യു.പി.ഐ എ.ടിഎം, നിങ്ങള്‍ അറിയേണ്ടതെല്ലാം

രാജ്യത്ത് യു.പി.ഐ എ.ടി.എം സജ്ജമായി. ഇനി ഉപയോക്താക്കള്‍ക്ക് കാര്‍ഡുകളില്ലാതെ എം.ടി.എമ്മില്‍ നിന്ന് യു.പി.ഐ വഴി പണം പിന്‍വലിക്കാം. ഇതിനായി മൊബൈല്‍ ഫോണ്‍ മാത്രം മതിയാകും. നാഷണല്‍ പേമെന്റ്സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയ്‌ക്കൊപ്പം (എന്‍.പി.സി.ഐ) ചേര്‍ന്ന് ഹിറ്റാച്ചി പേമെന്റ് സര്‍വീസസ് ആണ് യു.പി.ഐ എ.ടി.എം അവതരിപ്പിച്ചിരിക്കുന്നത്.

ഫിന്‍ടെക് ഇന്‍ഫ്ളുവന്‍സര്‍ രവിസുതന്‍ജനി ഇത്തരത്തില്‍ പണം പിന്‍വലിക്കുന്നതിന്റെ വിഡിയോ കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ സമൂഹമാധ്യമങ്ങളില്‍ ഇന്നലെ പങ്കുവച്ചിരുന്നു. കാര്‍ഡിന് പകരം യു.പി.ഐ വിവരങ്ങള്‍ നല്‍കിയാണ് പണം പിന്‍വലിക്കേണ്ടത്.

പിന്‍വലിക്കൽ എങ്ങനെ?

ആദ്യം എ.ടി.എമ്മിലെ യു.പി.ഐ വിത്‌ഡ്രോവല്‍ എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക. തുടര്‍ന്ന് പിന്‍വലിക്കേണ്ട തുക അടിക്കാം. ഇതോടെ ക്യു.ആര്‍ കോഡ് സ്‌കാന്‍ ചെയ്യാനുള്ള ഒപ്ഷന്‍ തെളിഞ്ഞുവരും. ഭീം, ജിപേ, ഫോണ്‍പേ, പേ.ടി.എം തുടങ്ങിയ യു.പി.ഐ ആപ്പുകള്‍ ഉപയോഗിച്ച് ക്യു.ആര്‍ കോഡ് സ്‌കാന്‍ ചെയ്തതിനു ശേഷം യു.പി.ഐ പിന്‍ നമ്പര്‍ ടൈപ്പ് ചെയ്യണം. ഇതോടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി പണം ലഭിക്കും.

ഒറ്റത്തവണ 10,000 രൂപവരെയാണ് ഇത്തരത്തില്‍ പിന്‍വലിക്കാവുന്നത്. യു.പി.ഐ ഇടപാടുകള്‍ക്ക് ബാങ്കുകള്‍ അനുവദിച്ചിരിക്കുന്ന പരിധിയാണിത്. കാര്‍ഡ് കൈയില്‍ കൊണ്ടു നടക്കേണ്ടതില്ലെന്നതും വിവിധ അക്കൗണ്ടുകളില്‍ നിന്ന് പണം പിന്‍വലിക്കാമെന്നതുമാണ് പുതിയ സംവിധാനത്തിന്റെ ആകര്‍ഷണം.

പ്രതിമാസം കൈമാറുന്നത് 15 ലക്ഷം കോടിയിലധികം

കഴിഞ്ഞ മാസം യു.പി.ഐ വഴിയുള്ള ഇടപാടുകളുടെ എണ്ണം ഒറ്റ മാസത്തില്‍ 1,000 കോടി എന്ന നാഴികകല്ല് പിന്നിട്ടിരുന്നു. 15 ലക്ഷം കോടിയിലധികം രൂപയുടെ കൈമാറ്റമാണ് യു.പി.ഐ വഴി പ്രതിമാസം നടക്കുന്നത്.

എന്‍.പി.സി.ഐ കഴിഞ്ഞ ദിവസം വോയ്‌സ് അധിഷ്ഠിത പണം കൈമാറ്റ സൗകര്യവും യു.പി.ഐയില്‍ അവതരിപ്പിച്ചിരുന്നു. ഹലോ യു.പി.ഐ എന്ന സംവിധാനം വഴിയാണ് ഇത് സാധ്യമാക്കുന്നത്. കൂടാതെ ബില്‍പേ കണക്റ്റ്, യു.പി.ഐ ടാപ്പ് & പേ, യു.പി.ഐ ലൈറ്റ് എക്‌സ് എന്നീ ഫീച്ചറുകളും യു.പി.ഐയില്‍ പുതുതായി അവതരിപ്പിച്ചിട്ടുണ്ട്.



Related Articles
Next Story
Videos
Share it