ഒരു വര്‍ഷത്തോളമായി ഇടപാടുകളില്ലാത്ത യു.പി.ഐ അക്കൗണ്ടുകള്‍ മരവിപ്പിക്കപ്പെടാം

കഴിഞ്ഞ ഒരുവര്‍ഷത്തിലേറെയായി പണം കൈമാറ്റം നടന്നിട്ടില്ലാത്ത യു.പി.ഐ അക്കൗണ്ടുകള്‍ക്ക് ഡിസംബര്‍ 31നകം പൂട്ട് വീഴും. ഇത്തരം അക്കൗണ്ടുകള്‍ കണ്ടെത്തി താത്കാലികമായി മരവിപ്പിക്കാന്‍ ബാങ്കുകള്‍, ഫോണ്‍പേ, ഗൂഗിള്‍പേ തുടങ്ങിയ പേമെന്റ് സേവനദാതാക്കള്‍ എന്നിവരോട് നാഷണല്‍ പേമെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (NPCI) നിര്‍ദേശിച്ചു.

ഇത്തരം യു.പി.ഐ ഐ.ഡികള്‍, ഫോണ്‍ നമ്പറുകള്‍ എന്നിവയിലേക്ക് ജനുവരി മുതല്‍ പണം സ്വീകരിക്കാന്‍ വ്യക്തിഗത ഉപയോക്താക്കള്‍ക്ക് കഴിയില്ല. യു.പി.ഐ സംവിധാനം കാര്യക്ഷമമാക്കാനും സജീവമായ അക്കൗണ്ടുകളിലേക്ക് മാത്രമേ പണമയക്കലുകള്‍ നടക്കുന്നുള്ളൂ എന്ന് ഉറപ്പാക്കാനുമാണ് ഈ നടപടിയെന്ന് എന്‍.പി.സി.ഐ വ്യക്തമാക്കിയിട്ടുണ്ട്.
ചിലര്‍ അവരുടെ ഫോണ്‍ നമ്പര്‍ മാറ്റുമ്പോള്‍ യു.പി.ഐയുടെ ഐ.ഡിയും മാറാറുണ്ട്. എന്നാല്‍, പഴയ യു.പി.ഐ ഐ.ഡി റദ്ദാകാറുമില്ല. ഈ ഐ.ഡി 90 ദിവസത്തിന് ശേഷം യു.പി.ഐ സംവിധാനത്തിലേക്ക് വരുന്ന പുതിയ ഉപയോക്താവിന് കൈമാറാമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ (ട്രായ്) ചട്ടമുണ്ട്.
എന്നാല്‍ പഴയ ഐ.ഡി ഉപയോഗിക്കുന്നത് തെറ്റായതും ആളുമാറിയുള്ളതുമായ പണംകൈമാറ്റത്തിന് ഇടവരുത്തിയേക്കാമെന്നും ചൂണ്ടിക്കാട്ടിയാണ് ഏറെക്കാലമായി ഉപയോഗിക്കാത്ത യു.പി.ഐ ഐ.ഡികള്‍ താത്കാലികമായി മരവിപ്പിക്കാന്‍ എന്‍.പി.സി.ഐ തീരുമാനിച്ചത്. ജനുവരി മുതല്‍ യു.പി.ഐ വഴി പണം സ്വീകരിക്കാനോ അയക്കാനോ പ്രയാസം നേരിടുന്നവര്‍ യു.പി.ഐ ആപ്പില്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യേണ്ടി വരും.
17 ലക്ഷം കോടി രൂപ
യു.പി.ഐ ഇടപാടുകള്‍ക്ക് വലിയ സ്വീകാര്യതയാണ് ഇന്ത്യയിലുള്ളത്. ഒക്ടോബറില്‍ മാത്രം 1,140 കോടി യു.പി.ഐ ഇടപാടുകള്‍ നടന്നു. 17.15 ലക്ഷം കോടി രൂപയാണ് കൈമാറ്റം ചെയ്യപ്പെട്ടത്. സെപ്റ്റംബറില്‍ ഇടപാടുകളുടെ എണ്ണം 1,055 കോടിയും മൂല്യം 15.79 ലക്ഷം കോടി രൂപയുമായിരുന്നു.
Related Articles
Next Story
Videos
Share it