സ്വര്‍ണ നിക്ഷേപത്തിന് എസ്‌ഐപി, പുതിയ പദ്ധതിയുമായി ഫോണ്‍പെ

സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നതിനായി സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാനുമായി ഫോണ്‍പെ. ഫ്ളിപ്കാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഫോണ്‍പെ അവതരിപ്പിച്ച സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാനിലൂടെ ഉപഭോക്താക്കള്‍ക്ക് എല്ലാ മാസവും ഒരു നിശ്ചിത തുക 24 കാരറ്റ് സ്വര്‍ണത്തില്‍ നിക്ഷേപിക്കാവുന്നതാണ്. ഫോണ്‍പേയുടെ പങ്കാളികളായ MMTC-PAMP, SafeGold എന്നിവയുടെ ബാങ്ക് ഗ്രേഡ് ലോക്കറുകളില്‍ ഈ നിക്ഷേപങ്ങള്‍ ഇന്‍ഷ്വര്‍ ചെയ്യപ്പെടും.

നിക്ഷേപകര്‍ക്ക് അവരുടെ സ്വര്‍ണത്തിന്റെ പൂര്‍ണ നിയന്ത്രണം ഉണ്ടായിരിക്കും. കൂടാതെ ഏത് സമയത്തും സ്വര്‍ണം വില്‍ക്കാനും തുക ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റാവുകയും ചെയ്യും. കൂടാതെ, സ്വര്‍ണമായി തന്നെ വേണമെങ്കില്‍ വീടുകളിലേക്കും ഇവ ലഭ്യമാകുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. യുപിഐ വഴി തുടക്കത്തില്‍ കൃത്യമായ വിവരങ്ങളും പ്രതിമാസ നിക്ഷേപ തുകയും സമര്‍പ്പിച്ചാല്‍ തുടര്‍ന്നുള്ള മാസങ്ങളില്‍ അക്കൗണ്ടില്‍നിന്ന് നിക്ഷേപ തുക ഓട്ടോ ഡെബിറ്റാകും.
ഉപയോക്താക്കള്‍ക്ക് പ്രതിമാസം 100 രൂപ മുതല്‍ നിക്ഷേപം ആരംഭിക്കാം. നിലവില്‍, Groww, Mobikwik എന്നിവ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനിലൂടെ സ്വര്‍ണത്തില്‍ നിക്ഷേപിക്കാനുള്ള ഓപ്ഷന്‍ നല്‍കുന്നുണ്ട്.


Dhanam News Desk
Dhanam News Desk  
Next Story
Share it