പൊതുമേഖലാ ബാങ്കുകള്‍ക്ക് പലിശ വാങ്ങാന്‍ ആവേശം, കൊടുക്കാന്‍ മടി

റിസര്‍വ് ബാങ്ക് അടിസ്ഥാന പലിശനിരക്ക് കുത്തനെ കൂട്ടിയതിന്റെ ചുവടുപിടിച്ച് വായ്പകളുടെ പലിശ കൂട്ടുന്നതില്‍ സ്വകാര്യ ബാങ്കുകളേക്കാള്‍ മുന്നില്‍ പൊതുമേഖലാ ബാങ്കുകളെന്ന് റിസര്‍വ് ബാങ്കിന്റെ റിപ്പോര്‍ട്ട്. 2022 മേയ് മുതല്‍ 2023 ഫെബ്രുവരി വരെയുള്ള കാലയളവില്‍ റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് വര്‍ധിപ്പിച്ചത് 2.50 ശതമാനമാണ്. ഇതോടെ റിപ്പോനിരക്ക് 4 ശതമാനത്തില്‍ നിന്ന് 6.25 ശതമാനത്തിലെത്തി.

2022 മേയ് മുതല്‍ ഇതിനകം ബാങ്കുകള്‍ വിതരണം ചെയ്ത പുതിയ വായ്പകളുടെ പലിശനിരക്കിലുണ്ടായ ശരാശരി വര്‍ധന 1.73 ശതമാനമാണ്. സ്വകാര്യ ബാങ്കുകളുടെ വായ്പകളുടെ പലിശനിരക്കില്‍ ഉയര്‍ന്നത് 1.34 ശതമാനം. എന്നാല്‍, പൊതുമേഖലാ ബാങ്കുകള്‍ ഇക്കാലയളവില്‍ പലിശനിരക്ക് 1.79 ശതമാനം ഉയര്‍ത്തി. പലിശനിരക്ക് കൂട്ടുന്നതില്‍ ഏറ്റവും മുന്നില്‍ പക്ഷേ വിദേശ ബാങ്കുകളാണ്; 2.90 ശതമാനം വര്‍ധനയാണ് അവ വരുത്തിയത്
നിക്ഷേപത്തില്‍ മന്ദഗതി
വായ്പാ പലിശ കൂട്ടുന്ന ആവേശം സ്വകാര്യ, പൊതുമേഖലാ ബാങ്കുകള്‍ നിക്ഷേപ പലിശ ഉയര്‍ത്തുന്നതില്‍ കാട്ടിയിട്ടില്ല. 2022 മേയ്ക്ക് ശേഷം 0.91 ശതമാനം വര്‍ധനയാണ് പൊതുമേഖലാ ബാങ്കുകള്‍ നടപ്പാക്കിയത്. സ്വകാര്യ ബാങ്കുകളുടേത് 0.97 ശതമാനം. അതേസമയം, വിദേശ ബാങ്കുകള്‍ 2.14 ശതമാനം വര്‍ധന നടപ്പാക്കി.
മുന്നില്‍ വിദേശ ബാങ്കുകള്‍
നിലവില്‍ ബാങ്കുകള്‍ വായ്പാ പലിശ നിരക്ക് നിര്‍ണയത്തിന് മുഖ്യമായും മാനദണ്ഡമാക്കുന്നത് റിസര്‍വ് ബാങ്കിന്റെ റിപ്പോനിരക്കാണ്. എന്നാല്‍, പഴയ മാനദണ്ഡമായ മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ഫണ്ട്‌സ് ബേസ്ഡ് ലെന്‍ഡിംഗ് റേറ്റ് (എം.സി.എല്‍.ആര്‍) പ്രകാരമുള്ള വായ്പകളും നിലവിലുണ്ട്. എം.എസി.എല്.ആറില്‍ 2022 മേയ്ക്ക് ശേഷം ഇതിനകം ഏറ്റവും കൂടുതല്‍ വര്‍ധന വരുത്തിയത് വിദേശ ബാങ്കുകളാണ്.
3.45 ശതമാനം വര്‍ധനയാണ് ഡോയിച് ബാങ്ക് ഏര്‍പ്പെടുത്തിയത്. ഖത്തര്‍ നാഷണല്‍ ബാങ്ക് കൂട്ടിയത് 3.35 ശതമാനം. പൊതുമേഖലാ ബാങ്കുകളില്‍ എസ്.ബി.ഐയും യൂണിയന്‍ ബാങ്കും 1.40 ശതമാനം വീതം കൂട്ടി. കനറാ ബാങ്ക് ഉയര്‍ത്തിയത് 1.35 ശതമാനം. 2.28 ശതമാനം വര്‍ധനയുമായി ബന്ധന്‍ ബാങ്കാണ് സ്വകാര്യ ബാങ്കുകളില്‍ മുന്നില്‍.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it