Begin typing your search above and press return to search.
സര്‍ക്കാര്‍ ബാങ്കുകളുടെ ലാഭത്തില്‍ പാതിയും എസ്.ബി.ഐക്ക്
നടപ്പ് സാമ്പത്തിക വര്‍ഷത്തെ (2023-24) ആദ്യപാദമായ ഏപ്രില്‍-ജൂണില്‍ രാജ്യത്തെ 12 പൊതുമേഖലാ ബാങ്കുകളും കൂടി രേഖപ്പെടുത്തിയ ലാഭം 34,774 കോടി രൂപ. 2022-23ലെ സമാനപാദത്തിലെ 15,306 കോടി രൂപയേക്കാള്‍ ഇരട്ടിയിലേറെയാണ് വളര്‍ച്ച.
പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ തിരിച്ചുവരവ്
മുന്‍പാദങ്ങളില്‍ തുടര്‍ച്ചയായി നിരാശപ്പെടുത്തിയിരുന്ന പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ തിരിച്ചുവരവിനും കഴിഞ്ഞപാദം സാക്ഷിയായി. 307 ശതമാനം വര്‍ദ്ധനയുമായി പഞ്ചാബ് നാഷണല്‍ ബാങ്കാണ് ലാഭവളര്‍ച്ചയില്‍ മുന്നില്‍.
308 കോടി രൂപയില്‍ നിന്ന് 1,255 കോടി രൂപയായാണ് പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ലാഭം ഉയര്‍ന്നത്. 178 ശതമാനം വളര്‍ച്ചയോടെ 16,884 കോടി രൂപ ലാഭം നേടി എസ്.ബി.ഐയാണ് രണ്ടാമത്. കഴിഞ്ഞ പാദത്തില്‍ ഏറ്റവും ഉയര്‍ന്ന ലാഭം കുറിച്ചതും എസ്.ബി.ഐയാണ്. മാത്രമല്ല, പൊതുമേഖലാ ബാങ്കുകളുടെ ആകെ ലാഭത്തിന്റെ പാതിയിലേറെയും സ്വന്തമാക്കിയതും എസ്.ബി.ആയാണ്.
176 ശതമാനം വളര്‍ച്ചയോടെ 1,551 കോടി രൂപ ലാഭം നേടി ബാങ്ക് ഓഫ് ഇന്ത്യയാണ് മൂന്നാമത്. ബാങ്ക് ഓഫ് മഹാരാഷ്ട്ര, ബാങ്ക് ഓഫ് ബറോഡ, യൂകോ ബാങ്ക് എന്നിവ 80 മുതല്‍ 95 ശതമാനം വരെ ലാഭവളര്‍ച്ച കുറിച്ചു. ലാഭക്കുറവ് രേഖപ്പെടുത്തിയത് ഒരു ബാങ്ക് മാത്രം; പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്ക്. 153 കോടി രൂപയാണ് ബാങ്കിന്റെ ലാഭം. 2022-23ലെ സമാനപാദത്തേക്കാള്‍ 25 ശതമാനം കുറവാണിത്.
ഉയര്‍ന്ന പലിശ, വലിയ ലാഭം
ഉയര്‍ന്ന പലിശനിരക്കും അതുവഴി രേഖപ്പെടുത്തിയ ഉയര്‍ന്ന അറ്റ പലിശ ലാഭാനുപാതവുമാണ് (NIM) ഈ നേട്ടത്തിന് വഴിയൊരുക്കിയത്. ബാങ്കുകള്‍ രേഖപ്പെടുത്തിയ എന്‍.ഐ.എം മൂന്ന് ശതമാനത്തിലധികമാണ്. പൂനെ ആസ്ഥാനമായ ബാങ്ക് ഓഫ് മഹാരാഷ്ട്രയാണ് ഏറ്റവും ഉയര്‍ന്ന അറ്റ പലിശ ലാഭ മാര്‍ജിന്‍ (3.86%) രേഖപ്പെടുത്തിയത്. 3.62 ശതമാനവുമായി സെന്‍ട്രല്‍ ബാങ്ക് രണ്ടാമതും 3.61 ശതമാനവുമായി ഇന്ത്യന്‍ ബാങ്ക് മൂന്നാമതുമാണ്.
Next Story
Videos