അന്താരാഷ്ട്ര വ്യാപാരം; രൂപയില്‍ ഇടപാടുകള്‍ നടത്താന്‍ അനുമതി നല്‍കി റിസര്‍വ് ബാങ്ക്

അന്താരാഷ്ട്ര വ്യാപാരങ്ങള്‍ രൂപയില്‍ നടത്താന്‍ അനുമതി നല്‍കി റിസര്‍വ് ബാങ്ക് (ആര്‍ബിഐ). ഡോളറിനെതിരെ രൂപയുടെ മൂല്യം കുത്തനെ ഇടിയുമ്പോഴാണ് ആര്‍ബിഐയുടെ തീരുമാനം എന്നത് ശ്രദ്ധേയമാണ്. ഇന്നലെ ഡോളറിനെതിരെ 79.43 എന്ന നിരക്കിലാണ് രൂപ വ്യാപാരം അവസാനിപ്പിച്ചത്. ഡോളറിന്റെ ഡിമാന്‍ഡ് കുറയ്ക്കുന്നതിന് ആര്‍ബിഐ നടപടി സഹായിക്കുമെന്നാണ് വിലയിരുത്തല്‍.

രൂപയ്ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ആഗോള വ്യാപാരത്തിന് തീരുമാനം ഗുണകരമാണെന്നാണ് ആര്‍ബിഐ കരുതുന്നത്‌. രൂപയിലുള്ള വ്യാപാരം റഷ്യ, ശ്രീലങ്ക, ഇറാന്‍ ഉള്‍പ്പടെയുള്ള രാജ്യങ്ങളുമായുള്ള ഇടപാടുകളില്‍ ഗുണം ചെയ്യും. നേരത്തെ റഷ്യയുമായി രൂപ-റൂബിള്‍ നടത്തിയേക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

ഇന്ത്യന്‍ രൂപയില്‍ കയറ്റുമതി/ഇറക്കുമതികളുടെ ഇന്‍വോയ്‌സിംഗ്, പേയ്‌മെന്റ്, സെറ്റില്‍മെന്റ് എന്നിവയ്ക്കായി ബാങ്കുകള്‍ പ്രത്യേകം അനുമതി എടുക്കണം. വ്യാപാരം നടത്തുന്ന രാജ്യത്തെ കറന്‍സിയുമായുള്ള വിനിമയ നിരക്ക് വിപണിയെ ഡിമാന്‍ഡ് ( market demand) അനുസരിച്ചാവും തീരുമാനിക്കുക. വിദേശ ബാങ്കുകളുടെ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യാന്‍ അനുവദിക്കുന്ന വോസ്‌ട്രോ അക്കൗണ്ടുകള്‍ ആരംഭിക്കാന്‍ ഇന്ത്യയിലെ ബാങ്കുകള്‍ക്ക് ആര്‍ബിഐ അനുമതി നല്‍കിയിട്ടുണ്ട്. SWIFTന് (society for worldwide interbank financial telecommunications) പകരം വെയ്ക്കാവുന്ന ഒന്നായി ഈ നീക്കത്തെ വിലയിരുത്തുന്നവരും ഉണ്ട്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it