ഇ-റുപ്പിയെ ജനകീയമാക്കാന്‍ റിസര്‍വ് ബാങ്ക്; യു.പി.ഐയുമായി ബന്ധിപ്പിച്ചേക്കും

ഏറെ പ്രതീക്ഷയോടെ അവതരിപ്പിച്ച സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി (CBDC) അഥവാ ഇ-റുപ്പിയുടെ (e-Rupi) സ്വീകാര്യത കൂട്ടാന്‍ പുതിയ വഴി തേടി റിസര്‍വ് ബാങ്ക്. 2023 അവസാനത്തോടെ പ്രതിദിനം ശരാശരി 10 ലക്ഷം റീറ്റെയ്ല്‍ ഇ-റുപ്പി ഇടപാടുകളാണ് റിസര്‍വ് ബാങ്കിന്റെ ലക്ഷ്യം. എന്നാല്‍ നിലവില്‍ നടക്കുന്നത് പ്രതിദിനം ശരാശരി 18,000 ഇടപാടുകള്‍ മാത്രമാണ്. ഉപയോഗം പ്രോത്സാഹിപ്പാക്കാനായി ബാങ്കുകളുമായി ചേര്‍ന്ന് ഇ-റുപ്പിയെ യു.പി.ഐയില്‍ ബന്ധിപ്പിക്കാനാണ് ഇപ്പോള്‍ ആലോചനയെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

യു.പി.ഐയുമായി ലിങ്ക് ചെയ്‌തേക്കും

ഉപയോക്താവ് ഓഫ്‌ലൈനിലായിരിക്കുമ്പോള്‍ ഡിജിറ്റല്‍ രൂപ ഇടപാടുകള്‍ അനുവദിക്കുന്നതും ഇ-റുപീയെ രാജ്യത്തെ യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസുമായി (യു.പി.ഐ) ലിങ്ക് ചെയ്യുന്നതും ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് റിസര്‍വ് ബാങ്ക് ആലോചിക്കുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു. ക്യു.ആര്‍ കോഡ് മുഖേന യു.പി.ഐയുമായി ഇ-റുപ്പിയെ ബന്ധിപ്പിക്കാന്‍ ആര്‍.ബി.ഐ ബാങ്കുകളോട് നിര്‍ദേശിച്ചതായി റിപ്പോര്‍ട്ട് വ്യക്തമാക്കി.

അതേസമയം ഈ ഒക്ടോബറോടെ ബാങ്കുകള്‍ തമ്മിലുള്ള വായ്പകള്‍ക്കോ അല്ലെങ്കില്‍ കോള്‍ മണി മാര്‍ക്കറ്റ് ഇടപാടുകള്‍ക്കായോ സി.ബി.ഡി.സി പരീക്ഷണാടിസ്ഥാനത്തില്‍ അവതരിപ്പിക്കുമെന്ന് റിസര്‍വ് ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടര്‍ അജയ് കുമാര്‍ ചൗധരി പറഞ്ഞു.

Related Articles
Next Story
Videos
Share it