വായ്പയെടുത്തവര്‍ക്ക് പലിശബാധ്യത കൂടും: റീപോ നിരക്ക് 50 ബേസിസ് പോയിന്റ് ഉയര്‍ത്തി ആര്‍ബിഐ

പറഞ്ഞ വാക്ക് കടുകോളം തെറ്റിക്കാതെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും (RBI) ശക്തികാന്തദാസും. 50 ബേസിസ് പോയിന്റ് വര്‍ധനവാണ് ആര്‍ബിഐ റിപോ നിരക്കില്‍ (Repo rate) വരുത്തിയിരിക്കുന്നത്. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വീണ്ടും റീപോ നിരക്ക് കൂട്ടാന്‍ റിസര്‍വ് ബാങ്ക് തീരുമാനിക്കുമെന്ന പ്രതീക്ഷയിലാണ് പണനയ അവലോകനത്തില്‍ ഗവര്‍ണര്‍ പുതിയ നിരക്കുകള്‍ അറിയിച്ചത്.

പണപ്പെരുപ്പം റെക്കോര്‍ഡ് ഉയരത്തില്‍ എത്തിയതോടെയാണ് ആര്‍ബിഐ (RBI) റിപോ നിരക്ക് (Repo rate) ഉയര്‍ത്തിയത്. 40 ബേസിസ് പോയിന്റാണ് ആര്‍ബിഐ ഏറ്റവുമൊടുവില്‍ ഉയര്‍ത്തിയിരുന്നത്. ഇപ്പോള്‍ .50 ശതമാനം വര്‍ധനവ് കൂടിയായപ്പോള്‍ റീപോ നിരക്ക് 4.90 ആയി. ഇതിനനുസൃതമായി ഇന്നു മുനതല്‍ ബാങ്കുകളും വായ്പാ പലിശകള്‍ ഉയര്‍ത്തും.

പണപ്പെരുപ്പനിരക്ക് ഉയര്‍ത്തി

കോവിഡിനെതുടര്‍ന്ന് സ്വീകരിച്ച ഇളവുകള്‍ പിന്‍വലിക്കാന്‍ സമയമായെന്നും ഇതിന്റെ ഭാഗമായി വിപണിയിലെ പണലഭ്യത കുറയ്ക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്നും ശക്തികാന്ത ദാസ് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ അനുമാനവും ആര്‍ബിഐ ഉയര്‍ത്തി. 5.7ശതമാനത്തില്‍നിന്ന് 6.7ശതമാനമായാണ് വര്‍ധിപ്പിച്ചത്. 2023 സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ചാ അനുമാനം 7.2 ശതമാനത്തില്‍ നിലനിര്‍ത്തി.

പണപ്പെരുപ്പ നിരക്കുകള്‍ ഉയര്‍ന്ന നിലയില്‍ തുടരുന്നതിനാല്‍ 0.25ശതമാനം മുതല്‍ 0.50ശതമാനംവരെ നിരക്കുവര്‍ധിപ്പിച്ചേക്കാമെന്ന് വിദഗ്ധര്‍ വിലിയിരുത്തിയിരുന്നു.

വായ്പ നിരക്ക് ഉയര്‍ത്തി എച്ച്ഡിഎഫ്സി

ഇന്ത്യയിലെ ഏറ്റവും വലിയ വായ്പാ ദാതാവായ എച്ച്ഡിഎഫ്സി (HDFC) ബാങ്ക് എംസിഎല്‍ആര്‍ (Marginal cost of funds based lending rate) നിരക്ക് വര്‍ധിപ്പിച്ചു. 35 ബേസിസ് പോയിന്റ് വര്‍ധനവാണ് വരുത്തിയിരിക്കുന്നത്. ഇതോടെ എംസിഎല്‍ആര്‍ (MCLR) 7.50 ശതമാനമായി. എല്ലാ കാലാവധിയിലുള്ള വായ്പകള്‍ക്കും ഇത് ബാധകമാണ്. പുതുക്കിയ നിരക്ക് ജൂണ്‍ 7 മുതല്‍ നിലവില്‍ വന്നു.

ആര്‍ബിഐയുടെ നിരക്കുയര്‍ത്തല്‍ എത്തും മുമ്പ് തന്നെയാണ് എച്ച്ഡിഎഫ്സിയുടെ നിരക്ക് വര്‍ധന. കൂടാതെ ജൂണ്‍ 1 മുതല്‍ ഭവനവായ്പകളുടെ പലിശ നിരക്ക് 5 ബേസിസ് പോയിന്റ് എച്ച്ഡിഎഫ്സി ഉയര്‍ത്തിയിരുന്നു. മെയ് തുടക്കത്തില്‍ എച്ച്ഡിഎഫ്സി ബാങ്ക് പോളിസി നിരക്ക് ഉയര്‍ത്തിയിരുന്നു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it