Begin typing your search above and press return to search.
ചില വായ്പകളും ക്രെഡിറ്റ് കാര്‍ഡും ഇനി പൊള്ളും; റിസ്‌ക് വെയിറ്റ് കൂട്ടി റിസര്‍വ് ബാങ്ക്
ബാങ്കുകളും ബാങ്കിതര ധനകാര്യസ്ഥാപനങ്ങളും (NBFC) കടുംപിടിത്തമൊന്നും കാട്ടാതെ വാരിക്കോരി നല്‍കുന്ന ചില വായ്പവിഭാഗങ്ങളുടെ റിസ്‌ക് വെയിറ്റ് ഉയര്‍ത്തി റിസര്‍വ് ബാങ്ക്. ഇതോടെ, ഈ വായ്പകളുടെ പലിശനിരക്ക് കൂടാനും വഴിയൊരുങ്ങി.
വാണിജ്യ ബാങ്കുകള്‍ നല്‍കുന്ന ഉപയോക്തൃ വായ്പകളുടെ (Consumer loans) റിസ്‌ക് വെയിറ്റ് 25 ശതമാനം കൂട്ടി 125 ശതമാനമാക്കി. വ്യക്തിഗത വായ്പകളും ഈ ഗണത്തിലുണ്ട്. അതേസമയം ഭവനവായ്പ, വിദ്യാഭ്യാസ വായ്പ, വാഹന വായ്പ, സ്വര്‍ണപ്പണയ വായ്പ എന്നിവയ്ക്ക് ഈ റിസ്‌ക് വെയിറ്റ് വര്‍ധന ബാധകമല്ലെന്നത് ഈ വിഭാഗത്തിലെ വായ്പാ ഇടപാടുകാര്‍ക്ക് ആശ്വാസമാണ്.
ഈടുരഹിത വായ്പകളുടെ വിതരണം വന്‍തോതില്‍ കൂടുന്നതും തിരിച്ചടവ് മുടങ്ങുന്നതും കണക്കിലെടുത്താണ് റിസര്‍വ് ബാങ്ക് റിസ്‌ക് വെയിറ്റ് ഉയര്‍ത്തിയത്. ബാങ്ക് വായ്പകളുടെ ശരാശരി വാര്‍ഷിക വളര്‍ച്ച 12-14 ശതമാനമാണെന്നിരിക്കേ, ഈയിനം വായ്പകളിലുണ്ടായ വളര്‍ച്ച 23 ശതമാനമാണെന്ന ആശങ്കയും റിസര്‍വ് ബാങ്കിനുണ്ടായിരുന്നു.
ക്രെഡിറ്റ് കാര്‍ഡും എന്‍.ബി.എഫ്.സികളും
എന്‍.ബി.എഫ്.സികള്‍ നല്‍കുന്ന റീട്ടെയില്‍ വായ്പയുടെ റിസ്‌ക് വെയിറ്റ് 100 ശതമാനത്തില്‍ നിന്ന് 125 ശതമാനമാക്കി. ഭവന, വാഹന, വിദ്യാഭ്യാസ വായ്പകള്‍, സ്വര്‍ണപ്പണയ വായ്പ, മൈക്രോഫിനാന്‍സ് വായ്പ, സ്വയംസഹായ സംഘങ്ങള്‍ക്കുള്ള വായ്പ എന്നിവയ്ക്ക് ഈ വര്‍ധന ബാധകമല്ല.
വാണിജ്യ ബാങ്കുകള്‍ നല്‍കുന്ന ക്രെഡിറ്റ് കാര്‍ഡ് വായ്പകളുടെ റിസ്‌ക് വെയിറ്റ് 125ല്‍ നിന്ന് 150 ശതമാനമാക്കി. എന്‍.ബി.എഫ്.സികളില്‍ ഇത് 25 ശതമാനം ഉയര്‍ത്തി 125 ശതമാനവുമാക്കിയിട്ടുണ്ട്. ഇത് ഫലത്തില്‍, ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് തിരിച്ചടിയാകും.
എന്താണ് റിസ്‌ക് വെയിറ്റ്? എങ്ങനെയാണിത് ബാധിക്കുക?
ഓരോ വായ്പ നല്‍കുമ്പോഴും കിട്ടാക്കടമാകുന്നത് ഉള്‍പ്പെടെയുള്ള വെല്ലുവിളികള്‍ നേരിടാന്‍ ആനുപാതികമായി ബാങ്കുകള്‍ സൂക്ഷിക്കേണ്ട കരുതല്‍ ധനമാണ് റിസ്‌ക് വെയിറ്റ്.
മൂലധനത്തില്‍ നിന്നാണ് ഈ തുക മാറ്റിവയ്ക്കേണ്ടത്. റിസ്‌ക് വെയിറ്റ് കൂട്ടിയതോടെ കൂടുതല്‍ പണം ബാങ്കുകള്‍ ഈയിനത്തിലേക്ക് മാറ്റേണ്ടിവരും. റിസ്‌ക് വെയിറ്റായി കൂടുതല്‍ തുക വകയിരുത്തേണ്ടതിനാല്‍ ബാങ്കുകള്‍ ഉയര്‍ന്ന പലിശനിരക്ക് വായ്പകളിന്മേല്‍ ഈടാക്കാന്‍ സാധ്യതയുണ്ട്.
മൂലധനത്തില്‍ നിന്നാണ് ഈ തുക മാറ്റേണ്ടതെന്നതിനാല്‍ ഈ വിഭാഗം വായ്പകളുടെ വിതരണം ബാങ്കുകള്‍ കുറച്ചേക്കാം. ഇതാണ്, റിസര്‍വ് ബാങ്ക് പ്രധാനമായും ലക്ഷ്യമിടുന്നതും. മൂന്നും നാലും മാസം കാലാവധിയുള്ളതും 10,000 രൂപവരെയുള്ളതുമായ ചെറു വായ്പകളുടെ വിതരണത്തിലുണ്ടായ സമീപകാലത്തെ വലിയ വളര്‍ച്ച റിസര്‍വ് ബാങ്കിനെ ആശങ്കപ്പെടുത്തിയിരുന്നു. വായ്പകള്‍ കിട്ടാക്കടമാകുന്നത് തടയാനായി ആഭ്യന്തര നിരീക്ഷണ സംവിധാനം (Internal Surveillance Mechanism) ശക്തിപ്പെടുത്തണമെന്നും ബാങ്കുകളോടും എന്‍.ബി.എഫ്.സികളോടും റിസര്‍വ് ബാങ്ക് ആവശ്യപ്പെട്ടിട്ടുണ്ട്.
Next Story
Videos