അവകാശികളില്ലാതെ ₹35,000 കോടി; റിസർവ് ബാങ്കിൻ്റെ വെബ്‌സൈറ്റില്‍ നിങ്ങൾക്കും തെരയാം
അവകാശികളില്ലാതെ വിവിധ ബാങ്കുകളില്‍ കെട്ടിക്കിടക്കുന്ന അക്കൗണ്ടുകളിലെ തുക കൈകാര്യം ചെയ്യാനായി റിസര്‍വ് ബാങ്ക് പുതിയ വെബ് പോര്‍ട്ടല്‍ ആരംഭിച്ചു. വിവിധ ബാങ്കുകളിലായി കെട്ടിക്കിടക്കുന്ന പണം ഒറ്റ പോര്‍ട്ടലില്‍ കണ്ടെത്തുന്ന തരത്തിലുള്ളതാണ് പുതിയ പോര്‍ട്ടല്‍.
ഏതെങ്കിലും ഉപയോക്താവിന് അക്കൗണ്ട് സംബന്ധിച്ച് അവകാശമുന്നയിക്കാന്‍ ഇനി വിവിധ ബാങ്കുകളുടെ ശാഖകളിലോ അവയുടെ വെബ്സൈറ്റിലോ തെരയേണ്ടതില്ല, പകരം ഈ ഒറ്റ വെബ്സൈറ്റില്‍ നിന്ന് മുഴുവന്‍ വിവരങ്ങളും ലഭിക്കും. അണ്‍ക്ലെയ്മ്ഡ് ഡെപ്പോസിറ്റ്‌സ് ഗേറ്റ് വേ ടു ആക്‌സസ് ഇന്‍ഫോര്‍മേഷന്‍ അഥവാ 'ഉദ്ഗം' (UDGAM) , റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുമായി ചേര്‍ന്നാണ് പോര്‍ട്ടലില്‍ ലഭ്യമാക്കുന്നത്.
udgam.rbi.org.in എന്ന പോര്‍ട്ടലില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണല്‍ ബാങ്ക്, സെന്‍ട്രല്‍ ബാങ്ക്, ധനലക്ഷ്മി ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, ഡി.ബി.എസ്. ബാങ്ക് ഇന്ത്യ, സിറ്റി ബാങ്ക് എന്നിങ്ങനെ ഏഴു ബാങ്കുകളിലെ നിര്‍ജീവമായ അക്കൗണ്ടുകളുടെ വിവരങ്ങളാണ് ലഭിക്കുക. മറ്റു ബാങ്കുകളുടെ വിവരങ്ങള്‍ കണ്ടെത്തി ഏകീകരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്.
ഒക്ടോബര്‍ 15-നകം ഘട്ടംഘട്ടമായി പോര്‍ട്ടലിനു കീഴിലേക്ക് രാജ്യത്തെ എല്ലാ ബാങ്കുകളെയും കൊണ്ടുവരാനാണ് പദ്ധതിയെന്ന് ആര്‍.ബി.ഐ. വ്യക്തമാക്കി.
പത്തുവര്‍ഷമായി നിര്‍ജീവമായ അക്കൗണ്ടുകളില്‍ അവകാശികളില്ലാതെ കിടക്കുന്ന തുക നിലവില്‍ നിക്ഷേപകരുടെ ബോധവത്കരണത്തിനായുള്ള ആര്‍.ബി.ഐ.യുടെ 'ഡെപ്പോസിറ്റര്‍ എജ്യൂക്കേഷന്‍ ആന്‍ഡ് അവയര്‍നെസ്' ഫണ്ടിലേക്ക് (ഡി.ഇ.എ) മാറ്റുകയാണ് ചെയ്യുക.
രാജ്യത്തെ പൊതുമേഖലാ ബാങ്കുകളില്‍ കെട്ടിക്കിടന്ന 35,012 കോടി രൂപയാണ് റിസര്‍വ് ബാങ്ക് നിയന്ത്രിക്കുന്ന ഫണ്ടിലേക്ക് മാറ്റിയിരിക്കുന്നത്. കുറഞ്ഞത് 10 വര്‍ഷമായി ഇടപാടുകളില്ലാതെ നിര്‍ജീവമായി കിടന്ന അക്കൗണ്ടുകളിലെ തുകയാണ് ഇത്.
udgam.rbi.org.in പോര്‍ട്ടലില്‍ കയറി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണല്‍ ബാങ്ക്, സെന്‍ട്രല്‍ ബാങ്ക്, ധനലക്ഷ്മി ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, ഡി.ബി.എസ്. ബാങ്ക് ഇന്ത്യ, സിറ്റി ബാങ്ക് എന്നിങ്ങനെ ഏഴു ബാങ്കുകളിലെ നിര്‍ജീവമായി പോയ അക്കൗണ്ടുകള്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് ആ വിവരങ്ങള്‍ തിരയാം.
എങ്ങനെ തിരയാം
- udgam.rbi.org.in കയറുക
- മൊബൈല്‍ നമ്പര്‍ നല്‍കി രജിസ്റ്റര്‍ ചെയ്യുക
- പുതുതായി udgam വെബ്‌സൈറ്റിനായുള്ള നിങ്ങളുടെ സ്വകാര്യ പാസ് വേഡ് നല്‍കുക
- പിന്നീട് വരുന്ന പേജില്‍ പാന്‍, വോട്ടര്‍ ഐഡി, പാസ്‌പോര്‍ട്ട് നമ്പര്‍ ഇവയില്‍ ഏതെങ്കിലും ഒന്നു നല്‍കി അതില്‍ നല്‍കിയിട്ടുള്ള ജനന തീയതി നല്‍കുക
- താഴെ വലതു ഭാഗത്ത് നല്‍കിയിട്ടുള്ള സെര്‍ച്ച് ഓപ്ഷനില്‍ തിരയുക
- നല്‍കിയ വിവരങ്ങള്‍ തെറ്റിപ്പോയാല്‍ ക്ലിയര്‍ ഓപ്ഷന്‍ നല്‍കി വീണ്ടും വിവരങ്ങള്‍ എന്റര്‍ ചെയ്യുക
- നിങ്ങളുടെ പാനോ ആധാറോ ബന്ധിപ്പിച്ചിട്ടുള്ള നിര്‍ജീവമായ അക്കൗണ്ട് വിവരങ്ങള്‍ ഇവിടെ ലഭ്യമാകുന്നതാണ്