പലിശനിരക്ക് നിലനിര്‍ത്തി റിസര്‍വ് ബാങ്ക്; അറിയാം റിപ്പോനിരക്ക്, എം.പി.സി

വായ്പകളുടെ പലിശനിരക്ക് മാറ്റമില്ലാതെ തുടരും, നിക്ഷേപ പലിശയും മാറില്ല
പലിശനിരക്ക് നിലനിര്‍ത്തി റിസര്‍വ് ബാങ്ക്; അറിയാം റിപ്പോനിരക്ക്, എം.പി.സി
Published on

സാധാരണക്കാര്‍ക്കും ബിസിനസ് ലോകത്തിനും ഒരുപോലെ ആശ്വാസം പകര്‍ന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് അദ്ധ്യക്ഷനായ ആറംഗ പണനയ നിര്‍ണയ സമിതി (എം.പി.സി) മുഖ്യ പലിശനിരക്കുകള്‍ നിലനിര്‍ത്തി. നിരക്കുകള്‍ കാല്‍ ശതമാനം (0.25 ശതമാനം) വര്‍ദ്ധിപ്പിച്ചേക്കുമെന്ന് പൊതുവേ വിലയിരുത്തിയിരുന്നു. എന്നാല്‍, അപ്രതീക്ഷിതമായും ഏവരെയും അമ്പരിപ്പിച്ചും പലിശനിരക്കുകള്‍ നിലനിര്‍ത്താന്‍ എം.പി.സി ഐകണഠ്യേന തീരുമാനിക്കുകയായിരുന്നു.

ആശ്വസിക്കാം, കൂടില്ല പലിശഭാരം

കഴിഞ്ഞ വര്‍ഷം മേയ് മുതല്‍ ഇക്കഴിഞ്ഞ ഫെബ്രുവരി വരെ തുടര്‍ച്ചയായി ആറ് യോഗങ്ങളിലും മുഖ്യ പലിശനിരക്ക് കൂട്ടിയശേഷമാണ് ഇന്നത്തെ പണനയത്തില്‍ നിരക്കുകള്‍ നിലനിര്‍ത്താന്‍ എം.പി.സി തീരുമാനിച്ചത്. ഇതുപ്രകാരം റിപ്പോ നിരക്ക് 6.50 ശതമാനത്തില്‍ തുടരും.

അതായത് വാണിജ്യ ബാങ്കുകള്‍ വിതരണം ചെയ്യുന്ന ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശനിരക്ക് മാറ്റമില്ലാതെ തുടരും. കാര്‍ഷികം, മൂലധനം, വിദ്യാഭ്യാസം തുടങ്ങിയ വായ്പകളുടെയും പലിശനിരക്ക് കൂടില്ല. വായ്പാ ഇടപാടുകാരുടെ പ്രതിമാസ വായ്പാ തിരിച്ചടവ് തുക (ഇ.എം.ഐ) കൂടില്ലെന്ന് സാരം. സ്ഥിരനിക്ഷേപങ്ങളുടെ (എഫ്.ഡി) പലിശനിരക്കിലും മാറ്റമുണ്ടാകാന്‍ സാദ്ധ്യതയില്ല.

മാറാതെ നിരക്കുകള്‍

റിപ്പോ നിരക്ക് 6.50 ശതമാനമായാണ് റിസര്‍വ് ബാങ്ക് ഇന്ന് നിലനിറുത്തിയത്. ഫിക്‌സഡ് റിവേഴ്‌സ് റിപ്പോ നിരക്ക് 3.35 ശതമാനമായും കരുതല്‍ ധന അനുപാതം (സി.ആര്‍.ആര്‍) 4.50 ശതമാനമായും മാറ്റമില്ലാതെ തുടരും. സ്റ്റാന്‍ഡിംഗ് ഡെപ്പോസിറ്റ് ഫെസിലിറ്റി റേറ്റ് (എസ്.ഡി.എഫ്.ആര്‍) 6.25 ശതമാനത്തിലും മാര്‍ജിനല്‍ സ്റ്റാന്‍ഡിംഗ് ഫെസിലിറ്റി റേറ്റ് (എം.എസ്.എഫ് റേറ്റ്) 6.75 ശതമാനത്തിലും സ്റ്റാച്യൂട്ടറി ലിക്വിഡിറ്റി റേഷ്യോ (എസ്.എല്‍.ആര്‍) 18 ശതമാനത്തിലും നിലനിര്‍ത്തിയിട്ടുണ്ട്.

എന്താണ് റിപ്പോ നിരക്ക്?

കടപ്പത്രങ്ങളിന്മേലുള്ള ഈടിന്മേല്‍ വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന വായ്പയുടെ പലിശനിരക്കാണ് റിപ്പോ നിരക്ക്. റിപ്പോ അടിസ്ഥാനമാക്കിയാണ് ഇപ്പോള്‍ ഒട്ടുമിക്ക ബാങ്കുകളും വായ്പകളുടെ പലിശനിരക്ക് നിര്‍ണയിക്കുന്നത്. റിപ്പോ കൂടുന്നതിനും കുറയുന്നതിനും ആനുപാതികമായി ബാങ്കുകള്‍ വായ്പകളുടെ പലിശനിരക്കും പരിഷ്‌കരിക്കും.

ഉദാഹരണത്തിന്, കഴിഞ്ഞ മേയ്ക്ക് മുമ്പ് 4 ശതമാനമായിരുന്നു റിപ്പോ നിരക്ക്. കഴിഞ്ഞ ഫെബ്രുവരിയോടെ ഇത് റിസര്‍വ് ബാങ്ക് 6.50 ശതമാനമായി ഉയര്‍ത്തി. അതായത്, കഴിഞ്ഞ മേയ്ക്ക് മുമ്പ് ഭവന വായ്പയ്ക്ക് പരമാവധി 6.8 ശതമാനം പലിശ കൊടുത്തിരുന്ന ഇടപാടുകാരന്‍ ഫെബ്രുവരി മുതല്‍ നല്‍കുന്നത് പരമാവധി 9.3 ശതമാനം പലിശയാണ്. റിപ്പോ നിരക്കില്‍ ഇക്കാലയളവിലുണ്ടായ 2.5 ശതമാനം വര്‍ദ്ധനയാണ് പലിശനിരക്കില്‍ പ്രതിഫലിച്ചത്.

മറ്റ് നിരക്കുകള്‍

വാണിജ്യ ബാങ്കുകളിലെ അധികപ്പണം (സര്‍പ്ലസ് ലിക്വിഡിറ്റി) സ്വീകരിക്കുന്ന റിസര്‍വ് ബാങ്ക് അവയ്ക്ക് നല്‍കുന്ന പലിശയാണ് റിവേഴ്‌സ് റിപ്പോ. ഇത് ഇപ്പോള്‍ 3.35 ശതമാനമാണ്. റിവേഴ്‌സ് റിപ്പോ നിരക്ക് നിലനിര്‍ത്തി തന്നെ സ്റ്റാന്‍ഡിംഗ് ഡെപ്പോസിറ്റ് ഫെസിലിറ്റി റേറ്റ് (എസ്.ഡി.എഫ്.ആര്‍) എന്ന പ്രത്യേക നിരക്ക് റിസര്‍വ് ബാങ്ക് ആവിഷ്‌കരിച്ചിരുന്നു. ബാങ്കുകളിലെ അധികപ്പണം സ്വീകരിക്കാനുള്ള പ്രത്യേക നിരക്കാണിത്.

ബാങ്കുകള്‍ക്ക് നല്‍കുന്ന അടിയന്തര വായ്പകളുടെ പലിശയാണ് മാര്‍ജിനല്‍ സ്റ്റാന്‍ഡിംഗ് ഫെസിലിറ്റി റേറ്റ് (എം.എസ്.എഫ് റേറ്റ്). സര്‍ക്കാര്‍ കടപ്പത്രങ്ങളില്‍ ബാങ്കുകള്‍ നിര്‍ബന്ധമായും നടത്തേണ്ട നിക്ഷേപത്തിന്റെ നിരക്കാണ് സ്റ്റാച്യൂട്ടറി

 ലിക്വിഡിറ്റി റേഷ്യോ (എസ്.എല്‍.ആര്‍). ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ സൂക്ഷിക്കേണ്ട നിര്‍ബന്ധിത കരുതല്‍ പണത്തിന്റെ അനുപാതമാണ് സി.ആര്‍.ആര്‍.

എം.പി.സിയും മലയാളിയും

റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ അദ്ധ്യക്ഷനായ ആറംഗ പണനയ നിര്‍ണയ സമിതിയാണ് മോണിട്ടറി പോളിസി കമ്മിറ്റി അഥവാ എം.പി.സി. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്, ഡെപ്യൂട്ടി ഗവര്‍ണര്‍ ഡോ. മൈക്കല്‍ പാത്ര, എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. രാജീവ് രഞ്ജന്‍, കേന്ദ്ര സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്ത സ്വതന്ത്ര അംഗങ്ങളായ പ്രൊഫ. ജയന്ത് ആര്‍. വര്‍മ്മ, ഡോ. ആഷിമ ഗോയല്‍, ഡോ. ശശാങ്ക ഭീഡെ എന്നിവരാണ് നിലവിലെ എം.പി.സി അംഗങ്ങള്‍. പ്രൊഫ. ജയന്ത് വര്‍മ്മ മലയാളിയാണ്.

ആറ് പേരും ഐകണ്‌ഠ്യേനയാണ് മുഖ്യ പലിശ നിരക്കുകള്‍ നിലനിറുത്താന്‍ തീരുമാനിച്ചത്. അതേസമയം, എം.പി.സിയുടെ നിലവിലെ നിലപാടായ 'വിഡ്രോവല്‍ ഓഫ് അക്കോമഡേഷന്‍' നിലനിര്‍ത്തുന്നതിനെ പ്രൊഫ. ജയന്ത് വര്‍മ്മ ഒഴികെയുള്ളവര്‍ അനുകൂലിച്ചു. പണപ്പെരുപ്പത്തില്‍ നിന്ന് മാറി സാമ്പത്തിക വളര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കണമെന്നാണ് ജയന്ത് വര്‍മ്മയുടെ വാദം. സാമ്പത്തിക വളര്‍ച്ചയ്ക്ക് പിന്തുണ ഉറപ്പാക്കിക്കൊണ്ടുതന്നെ, പണപ്പെരുപ്പ നിയന്ത്രണത്തിന് ഊന്നല്‍ നല്‍കണമെന്നാണ് മറ്റ് 5 പേരും വാദിച്ചത്.

എം.പി.സിയുടെ ചുമതല

ഉപയോക്തൃവില (റീട്ടെയില്‍) സൂചിക അടിസ്ഥാനമായുള്ള പണപ്പെരുപ്പം (റീട്ടെയില്‍ പണപ്പെരുപ്പം/Retail Inflation-CPI) വിലയിരുത്തിയാണ് എം.പി.സി മുഖ്യ പലിശനിരക്കുകള്‍ പരിഷ്‌കരിക്കാറുള്ളത്. ഇത് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് അനുയോജ്യമായ 4 ശതമാനമായി നിയന്ത്രിക്കുകയാണ് എം.പി.സിയുടെ പ്രവര്‍ത്തന ലക്ഷ്യം. ഇത് 6 ശതമാനം വരെയായാലും ആശങ്കയില്ലെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, 2022ല്‍ ഉടനീളം ഇത് ശരാശരി 6 ശതമാനത്തിന് മുകളിലായിരുന്നു. ഇതാണ്, തുടര്‍ച്ചയായി പലിശനിരക്ക് കൂട്ടാന്‍ എം.പി.സിയെ പ്രേരിപ്പിച്ചത്.

എന്തുകൊണ്ട് പലിശനിരക്ക് കൂട്ടിയില്ല?

പണപ്പെരുപ്പം ഭീഷണി ഉയര്‍ത്തുന്നുണ്ടെങ്കിലും നിലവില്‍ രാജ്യത്തെ  സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുന്നത് വിലയിരുത്തിയാണ് മുഖ്യ പലിശനിരക്കുകള്‍ നിലനിര്‍ത്തുന്നതെന്ന് ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു.  വിതരണശൃംഖലയില്‍ ഉണര്‍വുണ്ട്. ധനകാര്യമേഖലയിലും വളര്‍ച്ച ദൃശ്യമാണ്. പലിശനിരക്ക് നിലനിര്‍ത്തിയത് ഈ യോഗത്തിലേക്ക് മാത്രമുള്ള ഒറ്റത്തവണ തീരുമാനമാണെന്നും ഭാവിയിലെ യോഗങ്ങളിലെ ഇത് സ്വാധീനിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com