കോവിഡ് ആശ്വാസത്തിന്റെ ഭാഗമായ ഇളവുകള്‍ പിന്‍വലിക്കാന്‍ ആര്‍ബിഐ നീക്കം

കോവിഡ് പ്രതിസന്ധി മറികടക്കാന്‍ റിസര്‍വ് ബാങ്ക് ആവിഷ്‌കരിച്ച സഹായ പദ്ധതികള്‍ അവസാനിപ്പിക്കാന്‍ നീക്കം. ബിസിനസ് സ്ഥാപനങ്ങളുടെ പ്രവര്‍ത്തന മൂലധന സഹായമായി അനുവദിച്ച വായ്പകളിലെ പലിശ തിരിച്ചടക്കുന്നതില്‍ ഇളവുനല്‍കണമെന്ന ബാങ്കുകളുടെ അഭ്യര്‍ത്ഥന റിസര്‍വ് ബാങ്ക് നിരാകരിക്കാനിടയുണ്ടെന്ന് സൂചന. കഴിഞ്ഞവര്‍ഷം ഏര്‍പ്പെടുത്തിയ കോവിഡ് പാക്കേജിന്റെ ഭാഗമായി, വായ്പ എടുക്കുന്നവരെ സഹായിക്കുന്നതിനായി പലിശ കുടിശ്ശിക ക്യാഷ് ക്രെഡിറ്റ്‌ലേക്കൊ ഓവര്‍ ഡ്രാഫ്റ്റ് വിഭാഗത്തിലേക്കോ മാറ്റി പുതിയ വായ്പകളാക്കി കണക്കാക്കിയിരുന്നു. ഈ വായ്പകള്‍ മാര്‍ച്ച് 31ന് മുന്‍പ് തിരിച്ചടക്കണം എന്നാണ് ആര്‍ബിഐ വ്യക്തമാക്കുന്നത്.

ആര്‍ബിഐ യുടെ പുതിയ തീരുമാനത്തിനെതിരെ നിരവധി ബാങ്കുകള്‍ രംഗത്തെത്തിയിട്ടുണ്ട്. വായ്പ എടുത്ത കമ്പനികള്‍ക്ക് സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്നും അതിനാല്‍ തിരിച്ചടവിന് കൂടുതല്‍ സമയം നല്‍കണമെന്നുമാണ് ബാങ്കുകള്‍ ആവശ്യപ്പെടുന്നതെന്ന് മിന്റ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. കോവിഡിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കമ്പനികള്‍ കരകയറിയിട്ടില്ലെന്നും, ഈ സമയത്ത് ബാങ്കുകള്‍ നല്‍കിയ പലിശ ഇളവുകളിലെ തിരിച്ചടവ് ആരംഭിച്ചിട്ടുണ്ടെന്നും പക്ഷേ മുഴുവന്‍ വായ്പാ തുകയും ഒറ്റത്തവണയായി തിരിച്ചടക്കാന്‍ നിലവില്‍ അവര്‍ക്ക് സാധിക്കില്ലെന്നും മുതിര്‍ന്ന ബാങ്കിങ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

പ്രതിസന്ധി നേരിടുന്ന കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് കെ.വി കാമത് കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരം ഒറ്റത്തവണ പുനര്‍രൂപീകരണ പദ്ധതികള്‍ അനുവദിച്ചതാണ് വായ്പ തിരിച്ചെടുക്കുന്നതിന്റെ കാലയളവ് നീട്ടിനല്‍കാന്‍ റിസര്‍വ് ബാങ്ക് തയ്യാറാകാത്തതിന്റെ പ്രധാനകാരണം. എന്നാല്‍ ബാങ്കുകള്‍ ഇതിനു മുതിരാതെ ദുരിതാശ്വാസ വായ്പ എടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. കോവിഡ് പശ്ചാത്തലത്തിലുണ്ടായ പ്രതിസന്ധിയില്‍ സാമ്പത്തിക പുനസംഘടന ആവശ്യമുള്ള 26 ഓളം മേഖലകളാണ് കാമത് കമ്മിറ്റി കണ്ടെത്തിയത്. വൈദ്യുതി, നിര്‍മാണം, റിയല്‍ എസ്‌റ്റേറ്റ്, മൊത്തക്കച്ചവടം, ടെക്‌സ്‌റ്റൈല്‍സ്, കണ്‍സ്യൂമര്‍ ഗണ്ടപഉല്‍പ്പന്നങ്ങള്‍, ഹോട്ടലുകള്‍ ,ടൂറിസം,ഖനനം എന്നീ മേഖലകളാണ് പ്രധാനമായും കുടിശ്ശിക ഇളവുകള്‍ക്ക് അര്‍ഹരായവരെന്ന് കമ്മിറ്റി വിലയിരുതിയിരുന്നത്.

നിലവില്‍ സ്വകാര്യ നിക്ഷേപങ്ങളില്‍ കുറവില്ലെങ്കിലും രാജ്യത്തെ സാമ്പത്തിക വളര്‍ച്ചയ്ക്ക് ആക്കം കൂട്ടുന്നതിനായി ശക്തമായ നടപടികള്‍ സ്വീകരിക്കേണ്ടി വരുമെന്നും ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് കഴിഞ്ഞമാസം നടന്ന മോണിറ്ററി പോളിസി മീറ്റിംഗില്‍ പറഞ്ഞിരുന്നു. വാക്‌സിനേഷന്‍ വിപുലമാക്കുന്നതിലൂടെയും, ഭക്ഷണശാലകളും, ഷോപ്പിംഗ് സെന്റെറുകളും, യാത്രാ വിലക്കുകളിലും ഏര്‍പ്പെടുത്തിയിരുന്ന നിബന്ധനങ്ങള്‍ ക്രമേണ എടുത്തുകളയുന്നതിലൂടെ രാജ്യത്തിന്റെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ശക്തമായി പുനരാരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ സന്ദര്‍ഭത്തില്‍ പുതിയ കോവിഡ് കേസുകളുടെ എണ്ണം കൂടുമോ എന്നതാണ് പ്രധാന വെല്ലുവിളിയെന്ന് ഈ മേഖലയിലെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it